Dailyhunt
മ്യാന്‍മറിലെ നരനായാട്ട്; മരണം 38 ആയി; പ്രതിഷേധം കനക്കുന്നു

മ്യാന്‍മറിലെ നരനായാട്ട്; മരണം 38 ആയി; പ്രതിഷേധം കനക്കുന്നു

നെയ്പിതോ: മ്യാന്മറില്‍ പട്ടാള അട്ടിമറിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ക്കു നേരെ നടന്ന പൊലിസ് വെടിവയ്പില്‍ മരണം 38 ആയി. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു.

സൈനിക അട്ടിമറിക്കെതിരായി വിവിധ നഗരങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കുനേരെ കാര്യമായ മുന്നറിയിപ്പൊന്നുമില്ലാതെ സൈന്യവും പൊലിസും വെടിയുതിര്‍ക്കുകയായിരുന്നു.

അട്ടിമറിക്ക് ശേഷം മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 50 ആണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

പൊലിസ് നിറതോക്കുകളുമായി വെടിവയ്ക്കുകയായിരുന്നെന്നും ഒരു കൗമാരക്കാരന്‍ തലയ്ക്കു വെടിയേറ്റാണ് മരിച്ചതെന്നും വിദ്യാര്‍ഥി നേതാവായ മോ മിന്റ് ഹെയിന്‍ പറഞ്ഞു. മോയ്ക്ക് കാലിനു പരുക്കേറ്റു. പൊലിസിനൊപ്പം സൈന്യവും പ്രതിഷേധക്കാരെ നേരിടാനിറങ്ങിയതാണ് മരണനിരക്ക് കൂടാന്‍ കാരണം.

സൈനികര്‍ തോക്കേന്തി ഉന്നംപിടിക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇരു പക്ഷവും തമ്മില്‍ സമാധാനചര്‍ച്ച നടത്തി പരിഹാരം കാണണമെന്ന് ആസിയാന്‍ വിദേശകാര്യമന്ത്രിമാര്‍ മ്യാന്മര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ട ഉടനെയാണ് വെടിവയ്പുണ്ടായത്.

ഇന്നലെ മാത്രം 18 പേരാണ് കൊല്ലപ്പെട്ടത്. 1,300ലേറെ പ്രതിഷേധക്കാരെ സുരക്ഷാസേന പിടികൂടിയിട്ടുണ്ട്. ഇതില്‍ എ.പി റിപ്പോര്‍ട്ടറുള്‍പ്പെടെയുള്ള ആറു മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടും.

സൂചിക്കെതിരേ നാലു കുറ്റങ്ങളും പുറത്താക്കപ്പെട്ട പ്രസിഡന്റ് വിന്‍ മിന്റിനെതിരേ രണ്ടു കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

കൈ തലയില്‍വച്ച്‌ യുവാക്കള്‍ വരിയായി പട്ടാള ട്രക്കില്‍ കയറുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. നവംബര്‍ എട്ടിനു നടന്ന തെരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടത്തിയാണ് സൂചിയുടെ പാര്‍ട്ടി വന്‍ വിജയം നേടിയതെന്ന് ആരോപിച്ചാണ് ഫെബ്രുവരി ഒന്നിന് സൈന്യം അധികാരം പിടിച്ചെടുത്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham