തിരുവനന്തപുരം:പോളിങ് ബൂത്തിലേക്ക് ഇനി നാല് നാള്. പരസ്യപ്രചാരണം ചൊവ്വാഴ്ചയോടെ അവസാനിക്കും. അവസാനവട്ട പ്രചാരണ തിരക്കിലാണ് സ്ഥാനാര്ഥികള്.
ആവേശം കൂട്ടി ദേശീയ നേതാക്കളും സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്. നാടും നഗരവും ഇളക്കിമറിച്ചുള്ള പ്രചാരണമാണ് നടക്കുന്നത്.ദേശീയ നേതാക്കളെയടക്കം അണിനിര്ത്തിയാണ് മൂന്നു മുന്നണികളും പ്രചാരണത്തിന്റെ അവസാന ലാപ്പില് വോട്ടര്മാരുടെ മനസ് കീഴടക്കാന് ശ്രമിക്കുന്നത്. സ്ഥാപനങ്ങള്, കോളജുകള് എന്നിവ കേന്ദ്രീകരിച്ച് നേരത്തെ തന്നെ പ്രചാരണം നടന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോഴിക്കോടും തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. ബേപ്പൂരിലെ റോഡ് ഷോയിലും, ഉച്ചയ്ക്ക് ശേഷം കുന്നത്തുനാട്ടെ പരിപാടിയില് പങ്കെടുക്കും. വൈകിട്ട് ആറിന് കാട്ടാക്കടയിലെ പൊതുസമ്മേളനത്തില് പികെ കൃഷ്ണദാസിന് വേണ്ടി വോട്ട് തേടും. രാത്രി 8.30 ഓടെ പ്രവാസി പ്രവര്ത്തക സംഗമത്തെ അമിത് ഷാ അഭിസംബോധന ചെയ്ത് സംസാരിക്കും.
കണ്ണൂരില് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം തുടരുകയാണ്. 140 മണ്ഡലങ്ങളില് നിന്നും സമഗ്ര വിവരങ്ങളുമായി വോട്ടത്തോള് തുടരുന്നുണ്ട്. ആരോപണ പ്രത്യാരോപണങ്ങളുമായി മുതിര്ന്ന നേതാക്കള് കളം നിറഞ്ഞതോടെ പ്രചാരണത്തിന്റെ അവസാന ലാപ്പ് ആവേശത്തിലാണ്.
പ്രകടന പത്രികകളിലെ വാഗ്ദാനങ്ങള് കേന്ദ്രീകരിച്ചായിരിക്കും വരും ദിവസങ്ങളില് പ്രചാരണം കൊഴുപ്പിക്കുക. താര പ്രചാരകരെ എത്തിച്ച് അവസാനഘട്ട പ്രചാരണം ഇളക്കി മറിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്. അവസാന ദിവസങ്ങളില് ഇഞ്ചോടിഞ്ച് പോരാട്ടങ്ങള് നടക്കുന്ന മണ്ഡലങ്ങളിലായിരിക്കും താര പ്രചാരകര് ശ്രദ്ധയൂന്നുക. അതേസമയം വിവാദങ്ങള്ക്കും ആരോപണ പ്രത്യാരോപണങ്ങള്ക്കും കുറവില്ല.
പേരാമ്പ്രയിലെ അനൗണ്സ്മെന്റ് വിവാദം വലിയ കൊടുങ്കാറ്റിന് വഴിവെച്ചിരിക്കുകയാണ്. സംഭവത്തില് എല്.ഡി.എഫ് കണ്വീനറും സ്ഥാനാര്ഥിയുമായ ടി.പി രാമകൃഷ്ണന് നോട്ടീസ് ലഭിച്ചിരുന്നു. യു.ഡി.എഫിന്റെ പരാതിയിലാണ് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര് നോട്ടീസ് അയച്ചത്. ഇടതുമുന്നണിയുടെ അനൗണ്സ്മെന്റ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിലാണ് വിശദീകരണം തേടിയത്.
തന്നെ വ്യക്തിഹത്യ നടത്തുന്നതായി ബേപ്പൂരിലെ എല്.ഡി.എഫ് സ്ഥാനാര്ഥി മുഹമ്മദ് റിയാസ് യു.ഡി.എഫ് സ്ഥാനാര്ഥി പി.വി അന്വറിനെതിരേ രംഗത്ത് വന്നിരുന്നു. ബോര്ഡ് വെക്കാത്ത ജീപ്പില് പി.വി അന്വറിനെ തേജോവധം ചെയ്യുന്ന വിധത്തില് പ്രചാരണം നടത്തിയതായി കോണ്ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലിസിനും പരാതി നല്കിയിട്ടുണ്ട്. ഗ്ലാമര് പോരാട്ടം നടക്കുന്ന മണ്ഡലമാണ് ബേപ്പൂര്.

