Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നീറ്റ് പ്രതിഷേധക്കാരെ തല്ലിച്ചതച്ചു: അമിത് ഷായുടെ രാജി പ്രധാനമന്ത്രി ചോദിച്ചു വാങ്ങണമെന്ന് കോണ്‍ഗ്രസ്

നീറ്റ് പ്രതിഷേധക്കാരെ തല്ലിച്ചതച്ചു: അമിത് ഷായുടെ രാജി പ്രധാനമന്ത്രി ചോദിച്ചു വാങ്ങണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാർഥികള്‍ക്ക് നേരെ നടന്ന പൊലിസ് അതിക്രമത്തില്‍ നടുങ്ങി പാർലമെന്റ്.

സംഭവത്തിന് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി പ്രധാനമന്ത്രി ചോദിച്ചു വാങ്ങണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.

രാജ്യസഭയില്‍ പരീക്ഷ ഭേദഗതി ബില്‍ ചർച്ച ചെയ്യുന്നതിനിടെയാണ് മല്ലികാർജുൻ ഖാർഗെ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. വിദ്യാർഥികള്‍ക്ക് നേരെ ലാത്തിച്ചാർജ് നടത്താനും പെല്ലറ്റും കണ്ണീർവാതകവും പ്രയോഗിക്കാനും നിർദേശം നല്‍കിയത് ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് ഖാർഗെ ആരോപിച്ചു.

വിദ്യാർഥികള്‍ തെരുവില്‍ തല്ലു കൊള്ളുമ്പോള്‍ മിണ്ടാതിരുന്ന പ്രധാനമന്ത്രി, അർധരാത്രിയില്‍ ഇൻസ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് പരിഹാസ്യമാണ്. പ്രധാനമന്ത്രി ഉടനടി അമിത് ഷായുടെ രാജി ചോദിച്ചു വാങ്ങണം എന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളും പാഠ്യപദ്ധതിയും ആർ.എസ്.എസ് കൈയടക്കിയെന്നും ദളിത് വിരുദ്ധതയും മനുസ്മൃതിയും സിലബസിന്റെ ഭാഗമാക്കുകയാണെന്നും ഖാർഗെ തുറന്നടിച്ചു. ഇതോടെ ഭരണപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദയും സഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണനും ഖാർഗെയുടെ പരാമർശങ്ങളെ എതിർത്തു. തുടർന്ന്, ഖാർഗെയുടെ വിവാദ പരാമർശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു.

വിദ്യാർഥികള്‍ക്ക് നേരെ പൊലിസ് നടത്തിയ ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. യൂണിഫോമിലല്ലാത്ത ആളുകള്‍ വിദ്യാർഥികളെ തല്ലിച്ചതയ്ക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
പ്രതിഷേധക്കാരെ കണ്ണീർവാതകം ഉപയോഗിച്ച്‌ തുരത്തുക മാത്രമാണ് ചെയ്തതെന്ന കേന്ദ്ര സർക്കാരിന്റെ വാദം ഈ ദൃശ്യങ്ങളോടെ പൊളിഞ്ഞതായി അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സുപ്രിം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സ്വതന്ത്രമായ ഉന്നതതല അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

'ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ?' എന്ന ചോദ്യമുയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ലോക്സഭ നടപടികള്‍ പലതവണ തടസ്സപ്പെട്ടു. കടുത്ത സഭാ ബഹളത്തിനിടയിലും കേന്ദ്ര സർക്കാർ 'വന്ദേമാതരം ബില്‍' ലോക്സഭയില്‍ പാസാക്കി. കഴിഞ്ഞ ദിവസം ഈ ബില്‍ രാജ്യസഭയിലും പാസായിരുന്നു. അതേസമയം, വന്ദേമാതരം ബില്ലിനെയും പരീക്ഷ ഭേദഗതി ബില്ലിനെയും ഇരുസഭകളിലും ഡി.എം.കെ ശക്തമായി എതിർത്തത് ശ്രദ്ധേയമായി.

Parliament witnessed intense uproar as Congress leaders fiercely condemned alleged police brutality against students protesting NEET examination irregularities in Delhi. Congress President Mallikarjun Kharge and Leader of Opposition Rahul Gandhi demanded that Prime Minister Narendra Modi seek Union Home Minister Amit Shah’s immediate resignation.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham