Dailyhunt
'നിങ്ങളുടെ ഓരോ ചലനവും നിരീക്ഷണത്തില്‍'; യുഎസ് സൈനികര്‍ക്ക് ഇറാൻ ഹാക്കര്‍മാരുടെ ഭീഷണി, സൈബര്‍ പോരാട്ടം കടുക്കുന്നു

'നിങ്ങളുടെ ഓരോ ചലനവും നിരീക്ഷണത്തില്‍'; യുഎസ് സൈനികര്‍ക്ക് ഇറാൻ ഹാക്കര്‍മാരുടെ ഭീഷണി, സൈബര്‍ പോരാട്ടം കടുക്കുന്നു

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുഎസും ഇറാനും തമ്മില്‍ വെടിനിർത്തല്‍ നിലനില്‍ക്കെ, അമേരിക്കൻ സൈനികർക്ക് നേരെ സൈബർ ആക്രമണവുമായി ഇറാൻ അനുകൂല ഹാക്കർ ഗ്രൂപ്പുകള്‍.

മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരിക്കുന്ന യുഎസ് മറീൻ കോർപ്സ് അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഹാക്കർമാർ നേരിട്ട് ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നതായാണ് റിപ്പോർട്ടുകള്‍. 'ഹന്താല' (Handala) എന്ന ഹാക്കർ ഗ്രൂപ്പാണ് ഈ സൈബർ കടന്നാക്രമണത്തിന് പിന്നിലെന്ന് നേവല്‍ ക്രിമിനല്‍ ഇൻവെസ്റ്റിഗേറ്റീവ് സർവീസ് (NCIS) വെളിപ്പെടുത്തി.

"നിങ്ങളെ മിസൈലുകള്‍ പിന്തുടരുന്നു"

അതീവ ഗുരുതരമായ മുന്നറിയിപ്പുകളാണ് സൈനികരുടെ ഫോണുകളിലേക്ക് എത്തുന്നത്. "നിങ്ങളുടെ ഐഡന്റിറ്റി ഞങ്ങളുടെ മിസൈല്‍ യൂണിറ്റുകള്‍ക്ക് കൃത്യമായി അറിയാം, നിങ്ങളുടെ ഓരോ ചലനവും ഞങ്ങളുടെ നിരീക്ഷണത്തിലാണ്" എന്നായിരുന്നു ഒരു സന്ദേശം. ഏകദേശം 2,379 യുഎസ് സൈനികരുടെ വ്യക്തിഗത വിവരങ്ങള്‍ തങ്ങള്‍ ചോർത്തിയതായും ഹാക്കർമാർ അവകാശപ്പെടുന്നു.

സന്ദേശങ്ങള്‍ക്കൊപ്പം സൈനികരുടെ സ്വകാര്യ വിവരങ്ങളും കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്പറുകളും ഹാക്കർമാർ പുറത്തുവിട്ടതായാണ് സൂചന. എന്നാല്‍ ഇത് സൈനികരുടെ ആത്മവീര്യം തകർക്കാൻ ലക്ഷ്യമിട്ടുള്ള മനഃശാസ്ത്ര യുദ്ധമാണെന്നും നേരിട്ടുള്ള ശാരീരിക ഭീഷണി നിലവിലില്ലെന്നും യുഎസ് അധികൃതർ വ്യക്തമാക്കി.

എഫ്ബിഐ ഡയറക്ടർക്കും ഹാക്കിംഗ് ഭീഷണി

കഴിഞ്ഞ മാർച്ചില്‍ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തതും ഇതേ ഹന്താല ഗ്രൂപ്പാണെന്ന് കരുതപ്പെടുന്നു. സൈബർ സുരക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തില്‍ സൈനികരും കുടുംബാംഗങ്ങളും ഓണ്‍ലൈൻ സുരക്ഷ കർശനമാക്കണമെന്നും അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും നേവി സെക്രട്ടറി പ്രത്യേക നിർദ്ദേശം നല്‍കി.

മനഃശാസ്ത്ര യുദ്ധം (Psychological Warfare)

ഭൗതികമായ പോരാട്ടത്തേക്കാള്‍ ഉപരിയായി, സൈനികരുടെ ഇടയില്‍ ഭീതി വിതയ്ക്കാനാണ് ഇറാൻ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ഗള്‍ഫ് മേഖലയില്‍ വെടിനിർത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൈബർ ഇടങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നിഴല്‍യുദ്ധം സജീവമാണെന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു. അതേസമയം, ഹാക്കർമാരുടെ സന്ദേശങ്ങളെ പരിഹാസത്തോടെ നേരിടുന്ന സൈനികരുടെ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham