Dailyhunt
നിയമസഭ തെരഞ്ഞെടുപ്പ്; കേരളം ഇന്ന് ബൂത്തിലേക്ക്

നിയമസഭ തെരഞ്ഞെടുപ്പ്; കേരളം ഇന്ന് ബൂത്തിലേക്ക്

തിരുവനന്തപുരം: മുന്നണികള്‍ക്ക് ഇഞ്ചോടിഞ്ച് നെഞ്ചിടിപ്പേറ്റി കേരളം ഇന്ന് ബൂത്തില്‍. 23 ദിവസം നീണ്ട പരസ്യപ്രചാരണത്തിനും ഒരുദിവസത്തെ നിശബ്ദപ്രചാരണത്തിനും ഒടുവില്‍ കേരളത്തെ ആര് നയിക്കണമെന്ന വിധി എഴുതാൻ 2.71 കോടി വോട്ടർമാർ ഇന്ന് ബൂത്തുകളിലെത്തി ചൂണ്ടുവിരലില്‍ മഷിപുരട്ടും.

140 മണ്ഡലങ്ങളിലെ 883 സ്ഥാനാർഥികളുടെ വിധിയാണ് ഇന്ന് കുറിക്കുക. പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലും ഇന്ന് വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇതിനായി 24 ആക്സിലറി ബൂത്തുകള്‍ ഉള്‍പ്പടെ 30495 ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂർത്തിയായി. സമഗ്ര വോട്ടർപട്ടിക പരിഷ്കാരത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ്.

എല്‍.ഡി.എഫിനും യു.ഡി.എഫിനും നിർണായകമായ വിധിയെഴുത്തില്‍ നേട്ടം ആർക്കൊപ്പമെന്ന ചോദ്യത്തിനുത്തരം അവസാന നിമിഷവും പ്രവചനാതീതമായി തുടരുകയാണ്. തുടർഭരണം പ്രതീക്ഷിക്കുന്ന ഇടത് മുന്നണിയുടെ ആത്മവിശ്വാസത്തിന് മീതെ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചുവരവും ഭരണവിരുദ്ധ വികാരവും വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്. അക്കൗണ്ട് വീണ്ടും തുറക്കുമെന്ന സ്വപ്നത്തിലാണ് എൻ.ഡി.എയും.

പത്ത് വർഷത്തെ വികസന, ക്ഷേമാനുകൂല്യ വാദങ്ങളിലൂന്നി ഇടതു മുന്നണി തുടങ്ങിയ പ്രചാരണത്തിന് യു.ഡി.എഫ് തുടങ്ങിവച്ച ഡീല്‍ ആരോപണങ്ങളായിരുന്നു ഇത്തവണ പരസ്യ പ്രചാരണത്തിന്റെ ഭൂരിഭാഗം ദിവസങ്ങളിലും ചർച്ച.
എന്നാല്‍ നിശബ്ദ പ്രചാരണത്തില്‍, വോട്ട് പെട്ടിയിലാക്കാനുള്ള സ്ഥാനാർഥികളുടെ തത്രപ്പാടായിരുന്നു വിവാദങ്ങളുണ്ടാക്കിയത്. ബി.ജെ.പി. പ്രവർത്തകർ വോട്ടർമാർക്ക് പണവും സാരിയും വിതരണം ചെയ്തതാണ് പാലക്കാട് വിവാദമായതെങ്കില്‍ നേമത്തും കഴക്കൂട്ടത്തും ബി.ജെ.പി പണവും മദ്യവും വിതരണം ചെയ്യുന്നുവെന്ന ആരോപണമാണ് ഉയർന്നത്. തൃശൂരില്‍ നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയില്‍ നിന്നും ഭക്ഷ്യകിറ്റുകള്‍ പിടികൂടിയതും ബി.ജെ.പിക്ക് തിരിച്ചടിയായി.

അടൂരില്‍ യു.ഡി.എഫ്. സ്ഥാനാർഥി കൊലക്കേസ് പ്രതിയാണെന്ന് ആരോപിച്ച്‌ മണ്ഡലത്തില്‍ നോട്ടിസ് വിതരണം ചെയ്തതും ഇതിനെതിരേ വിങ്ങിപ്പൊട്ടി സ്ഥാനാർഥി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതും നിശബ്ദ പ്രചാരണ ദിവസം ചർച്ചയായി. പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുൻമന്ത്രി മാത്യു ടി.തോമസിനെതിരേ ഉയർത്തിയ ആരോപണവും കൂടുതല്‍ ശക്തമായി നിലനിർത്താൻ ഇന്നലെയും മാത്യു കുഴൻനാടന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായി.

ഇന്ന് വോട്ടർമാർ വിധിയെഴുതുമ്പോള്‍ മുന്നണികള്‍ക്കും അത് ജീവൻമരണ പോരാട്ടമാണ്. ഫലം പ്രതികൂലമായാല്‍ ആഘാതം കനത്തതാകും. ഉള്‍പ്പാർട്ടി അഗ്നിപർവ്വതങ്ങള്‍ പൊട്ടിത്തെറിക്കാം. നേതൃത്വങ്ങള്‍ ചോദ്യം ചെയ്യപ്പെടാം. പാർട്ടികള്‍ ദുർബലമാകാം. ശേഷിക്കുന്ന തുരുത്തുകള്‍ ഇല്ലാതാകാം. ആകാംഷയുടെ തീക്കനലിലാണ് രാഷ്ട്രീയ കേരളം ഇന്ന് വിധിയെഴുത്തിനായി പോളിങ് ബൂത്തിലെത്തുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham