Dailyhunt
നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോടൻ പോരിന് കടുപ്പമേറെ

നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോടൻ പോരിന് കടുപ്പമേറെ

കോഴിക്കോട്: വോട്ടെടുപ്പിന് അഞ്ചുദിവസം മാത്രം ബാക്കിനില്‍ക്കെ 13 മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോഴിക്കോട്.

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതിനൊപ്പം ചേർന്നുനിന്നിരുന്നതാണ് കോഴിക്കോടിന്റെ രാഷ്ട്രീയ ചരിത്രം. കഴിഞ്ഞ രണ്ടുതവണയും ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിർണായക പങ്കുവഹിച്ച ജില്ല. യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയ 2001ല്‍ പോലും ഇടതുകോട്ടയില്‍ കാര്യമായ വിള്ളലുണ്ടായില്ല. എന്നാല്‍ ഇത്തവണ എന്തും സംഭവിക്കാമെന്ന സ്ഥിതിവിശേഷം. പോരാട്ടം പ്രവചനതീതമായതോടെ മുന്നണികളുടെ നെഞ്ചിടിപ്പ് കൂടുന്നു.

മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും എല്‍.ഡി.എഫ് കണ്‍വീനർ ടി.പി രാമകൃഷ്ണനും നേരിടുന്നത് കടുത്ത മത്സരം. മൂന്നുപേരെയും മണ്ഡലത്തില്‍ തളച്ചിടാൻ യു.ഡി.എഫിന് കഴിഞ്ഞുവെന്നതാണ് ഇത്തവണത്തെ പോരിനെ ശ്രദ്ധേയമാക്കുന്നത്.

കഴിഞ്ഞതവണ 13ല്‍ 11 മണ്ഡലങ്ങളിലും എളുപ്പത്തില്‍ ജയിച്ചുകയറിയ എല്‍.ഡി.എഫ് ഇത്തവണ വിയർക്കുകയാണ്. പേരാമ്പ്ര, നാദാപുരം, ബാലുശേരി, കൊയിലാണ്ടി എന്നിവിടങ്ങളിലെ പോരിന് കടുപ്പമേറെയാണ്. കഴിഞ്ഞ രണ്ടുതവണയും യു.ഡി.എഫിന് രണ്ട് സീറ്റില്‍ ഒതുങ്ങേണ്ടിവന്ന ജില്ലയാണ് കോഴിക്കോട്. വടകരയില്‍ ആർ.എം.പിയുടെ കെ.കെ രമയും കൊടുവള്ളിയില്‍ മുസ്്ലിം ലീഗിലെ ഡോ. എം.കെ മുനീറുമാണ് കഴിഞ്ഞ തവണ ജയിച്ചത്. ഇത്തവണ ആറ് സീറ്റ് ഉറപ്പെന്നും അടിയൊഴുക്കുണ്ടായാല്‍ എട്ടു മണ്ഡലങ്ങള്‍ വരെ നേടുമെന്നും യു.ഡി.എഫ് അവകാശപ്പെടുന്നു.

പ്രചാരണം അവസാനഘട്ടത്തിലെത്തിയതോടെ മറ്റു വിഷയങ്ങളെ അപ്രസക്തമാക്കി പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദമാണ് ജില്ലയിലാകെ ആളിക്കത്തുന്നത്. മുസ്്ലിം ലീഗ് മതംപറഞ്ഞ് വോട്ട് ചോദിക്കുന്നു എന്ന എല്‍.ഡി.എഫ് പ്രചാരണ വാഹനത്തിലെ അനൗണ്‍സ്മെന്റാണ് പരാതിയിലേക്കും കേസിലേക്കും നീങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നടന്ന 'കാഫിർ സ്ക്രീൻഷോട്ടിന്' തുല്യമായ വർഗീയ പ്രചാരണമാണ് എല്‍.ഡി.എഫ് നടത്തുന്നതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. വിവാദം തണുപ്പിക്കാൻ ടി.പി രാമകൃഷ്ണൻ രംഗത്തിറങ്ങിയെങ്കിലും മറ്റൊരു വാഹനത്തില്‍നിന്നുകൂടി ഇതേ പ്രചാരണം ആവർത്തിച്ചതോടെ ഇടതുമുന്നണി പ്രതിരോധത്തിലായി.

മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരേ പി.വി അൻവർ രംഗത്തുവന്നതോടെ ബേപ്പൂരില്‍ മത്സരം ബലാബലമാണ്. ഇടതുതരംഗം ആഞ്ഞുവീശിയപ്പോഴും ജില്ലയില്‍ ഒരാളെയെങ്കിലും ജയിപ്പിക്കാൻ മുസ്്ലിംലീഗിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ തവണ കൊടുവള്ളിയില്‍ മാത്രം ഒതുങ്ങിയെങ്കിലും 2016ല്‍ കുറ്റ്യാടിയും കോഴിക്കോട് സൗത്തും മുസ്്ലിം ലീഗിനൊപ്പമായിരുന്നു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കുറ്റ്യാടിയും കോഴിക്കോട് സൗത്തും മുമ്പ് പലതവണ വിജയിച്ച തിരുവമ്പാടിയും ഇക്കുറി തിരിച്ചുപിടിക്കാൻ കഴിയുമെന്ന് മുസ്്ലിം ലീഗ് പ്രതീക്ഷിക്കുന്നു. പേരാമ്പ്രയില്‍ പാർട്ടിയുടെ യുവമുഖമായ ഫാത്തിമ തഹ്ലിയ ഉണ്ടാക്കുന്ന ഓളം അട്ടിമറിയിലേക്ക് നയിക്കുമെന്നും മുസ്്ലിം ലീഗ് വിലയിരുത്തുന്നു.

പരമാവധി വോട്ടുവിഹിതം വർധിപ്പിക്കാനാണ് എൻ.ഡി.എയുടെ ശ്രമം. ബേപ്പൂർ, എലത്തൂർ, കുന്നമംഗലം, കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളില്‍ ബി.ജെ.പി പിടിക്കുന്ന വോട്ടുകള്‍ മണ്ഡലത്തിലെ വിജയപരാജയങ്ങളെ നിർണയിക്കും. ശക്തമായ ത്രികോണ മത്സരമുളള കോഴിക്കോട് നോർത്തിലാണ് ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സംഘടനാശേഷി കരുത്താക്കി ഇടതുമുന്നണി

2008ലെ മണ്ഡലപുനർനിർണയത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ പേരാമ്പ്ര, കുന്നമംഗലം, ബാലുശേരി, എലത്തൂർ, ബേപ്പൂർ, കോഴിക്കോട് നോർത്ത്, കൊയിലാണ്ടി എന്നിവിടങ്ങള്‍ ഒരിക്കല്‍പോലും നഷ്ടപ്പെടാത്തതിനാല്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് എല്‍.ഡി.എഫ് അവകാശപ്പെടുന്നു. സി.പി.എമ്മിന്റെ സംഘടനാ ശേഷിയാണ് എല്‍.ഡി.എഫിന്റെ കരുത്ത്. ഒന്നോ രണ്ടോ സീറ്റുകള്‍ നഷ്ടപ്പെടാമെന്നല്ലാതെ ജില്ലയിലെ ഇടത് അടിത്തറയ്ക്ക് കോട്ടം സംഭവിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. എലത്തൂർ, ബേപ്പൂർ, കോഴിക്കോട് നോർത്ത്, പേരാമ്പ്ര, നാദാപുരം, ബാലുശേരി എന്നിവിടങ്ങളിലെ രാഷ്ട്രീയ വോട്ടുകളുടെ മുൻതൂക്കവും ഇടതുമുന്നണിയുടെ പ്രതീക്ഷയേറ്റുന്നു. കൊയിലാണ്ടിയിലും നാദാപുരത്തും ഒഴികെ സിറ്റിങ് എം.എല്‍.എമാരാണ് എല്‍.ഡി.എഫിനായി മത്സരരംഗത്തുള്ളത്. രണ്ടാം പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങളാണ് ഇടതുമുന്നണിയുടെ തുറുപ്പുചീട്ട്. ഏഴ് സീറ്റില്‍ സി.പി.എമ്മും ഓരോ മണ്ഡലത്തില്‍ വീതം സി.പി.ഐയും ഐ.എൻ.എലും ആർ.ജെ.ഡിയും എൻ.സി.പി എസും രണ്ടിടത്ത് ഇടത് സ്വതന്ത്രരും മത്സരിക്കുന്നു.

കോണ്‍ഗ്രസിന്റെ പേരുദോഷം മാറുമോ?

സ്വാതന്ത്ര്യത്തിനു മുമ്പേ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന കോഴിക്കോട്ട് രണ്ടുപതിറ്റാണ്ടായി പാർട്ടിക്ക് ഒരാളെപോലും വിജയിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. 2001ല്‍ പഴയ കോഴിക്കോട് ഒന്നില്‍ എ. സുജനപാലും കൊയിലാണ്ടിയില്‍ പി. ശങ്കരനും നിയമസഭയിലെത്തി. എന്നാല്‍ പിന്നീടൊരിക്കലും കോണ്‍ഗ്രസിന് ജയിക്കാനായില്ല. ആ പോരായ്മ പരിഹരിക്കുകയെന്ന വെല്ലുവിളിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. കോഴിക്കോട് നോർത്ത്, കൊയിലാണ്ടി, എലത്തൂർ, ബാലുശേരി, നാദാപുരം എന്നിങ്ങനെ അഞ്ച് സീറ്റിലാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്.

ഇതില്‍ മൂന്നിടത്തെങ്കിലും വിജയിക്കാൻ കഴിയുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷ പുലർത്തുന്നു. സ്ഥാനാർഥിപ്പട്ടികയിലെ പുതുമുഖത്തിളക്കവും പ്രചാരണരംഗത്തെ മുന്നേറ്റവും കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നു. കൊയിലാണ്ടിയില്‍ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറും നാദാപുരത്ത് കെ.എം അഭിജിത്തും അട്ടിമറി പ്രതീക്ഷയിലാണ്. ബാലുശേരിയില്‍ സിറ്റിങ് എം.എല്‍.എ കെ.എം സച്ചിൻദേവിനെതിരേ കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജിനെ രംഗത്തിറക്കിയതോടെ പോരിന് കടുപ്പമേറി. എലത്തൂരില്‍ സിറ്റിങ് എം.എല്‍.എയായ മന്ത്രി എ.കെ ശശീന്ദ്രന് വിദ്യ ബാലകൃഷ്ണൻ വെല്ലുവിളി ഉയർത്തുകയാണ്. സ്ഥാനാർഥി നിർണയത്തെ ചൊല്ലി എൻ.സി.പി.എസില്‍ ഉണ്ടായ തർക്കവും എ.കെ ശശീന്ദ്രൻ മുൻപ് മത്സരിച്ച ക്ലോക്ക് ചിഹ്നത്തില്‍ അജിത് പവാർ വിഭാഗത്തിന്റെ പി.കെ ശശീന്ദ്രൻ മത്സര രംഗത്തുള്ളതും യു.ഡി.എഫിന് അനുകൂലഘടകമാണ്.

ആകെ മണ്ഡലങ്ങള്‍: 13

വോട്ടർമാർ: 26,57,478

സ്ത്രീകള്‍ : 13,59,102

പുരുഷൻമാർ: 12,98,343

ട്രാൻസ്ജെൻഡർ: 33

2021 നിയമസഭ

എല്‍.ഡി.എഫ്: 11 (നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, ബാലുശേരി, തിരുവമ്പാടി, എലത്തൂർ, കുന്നമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ)

യു.ഡി.എഫ്: 2 (വടകര, കൊടുവള്ളി)

2016 നിയമസഭ

എല്‍.ഡി.എഫ് : 11 (വടകര, നാദാപുരം, പേരാമ്പ്ര, ബാലുശേരി, കൊയിലാണ്ടി, എലത്തൂർ, തിരുവമ്പാടി, കൊടുവള്ളി, കുന്നമംഗലം, കോഴിക്കോട് നോർത്ത്, ബേപ്പൂർ)

യു.ഡി.എഫ്: 2 (കോഴിക്കോട് സൗത്ത്, കുറ്റ്യാടി)

2011 നിയമസഭ
യു.ഡി.എഫ്: 3 (കോഴിക്കോട് സൗത്ത്, കൊടുവള്ളി, തിരുവമ്പാടി)
എല്‍.ഡി.എഫ് : 10 (വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, ബാലുശേരി, കൊയിലാണ്ടി, എലത്തൂർ, കുന്നമംഗലം, കോഴിക്കോട് നോർത്ത്, ബേപ്പൂർ)

2024 ലോക്സഭ

യുഡി.എഫ് മുന്നില്‍ : 13 (വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, ബാലുശേരി, കൊയിലാണ്ടി, എലത്തൂർ, തിരുവമ്പാടി, കൊടുവള്ളി, കുന്നമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ)

2025 തദ്ദേശം

യു.ഡി.എഫ് മുന്നില്‍: 10 (നാദാപുരം, കുറ്റ്യാടി, വടകര, ബാലുശേരി, പേരാമ്പ്ര, കൊയിലാണ്ടി, കൊടുവള്ളി, തിരുവമ്പാടി, കുന്നമംഗലം, കോഴിക്കോട് സൗത്ത്)

എല്‍.ഡി.എഫ് മുന്നില്‍: 3 (കോഴിക്കോട് നോർത്ത്, എലത്തൂർ, ബേപ്പൂർ)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham