ചെന്നൈ: പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിതനായതിന് പിന്നാലെ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ഭരണകക്ഷിയായ ടിവികെ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി.
"ഞാൻ കലൈഞറിന്റെ പേരക്കുട്ടിയും എം.കെ. സ്റ്റാലിന്റെ മകനുമാണ്. ഇത്തരം കേസുകളോ അറസ്റ്റുകളോ എന്നെ ഭയപ്പെടുത്തില്ല" എന്ന് അദ്ദേഹം പ്രതികരിച്ചു. മോചനത്തിന് പിന്നാലെ പിതാവും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചു.
അറസ്റ്റിലൂടെ തന്റെ ശബ്ദം അടിച്ചമർത്താമെന്നാണ് സർക്കാർ കരുതുന്നതെങ്കില്‍ അത് തെറ്റായ വിലയിരുത്തലാണെന്ന് ഉദയനിധി പറഞ്ഞു. കർഷകരുടെയും സാധാരണ ജനങ്ങളുടെയും അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജക്കേസുകള്‍ കൊണ്ട് രാഷ്ട്രീയമായി തളർത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദ പ്രസംഗത്തെ തുടർന്നാണ് ഉദയനിധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ വിട്ടയച്ചത്. സംഭവത്തെ രാഷ്ട്രീയ പകപോക്കിന്റെ ഭാഗമായാണ് ഡിഎംകെ വിശേഷിപ്പിക്കുന്നത്.
ഉദയനിധിയുടെ അറസ്റ്റും മോചനവും തമിഴ്നാട്ടിലെ രാഷ്ട്രീയ പോരാട്ടം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. ഭരണകക്ഷിയായ ടിവികെയും പ്രതിപക്ഷമായ ഡിഎംകെയും തമ്മിലുള്ള വാക്പോരിന് ഈ സംഭവം പുതിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്.

