ഓസ്ലോ: നോർവേ ചെസ് ടൂർണമെന്റില്‍ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സണെ വീഴ്ത്തി വീണ്ടും വിസ്മയമായിരിക്കുകയാണ് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ.
പ്രഗ്നാനന്ദ. എന്നാല്‍, ലോകം മുഴുവൻ ഈ ചരിത്ര വിജയത്തെ പ്രകീർത്തിക്കുമ്പോഴും തന്റെ പ്രകടനത്തില്‍ താൻ പൂർണ്ണ തൃപ്തനല്ലെന്നാണ് ഈ 20-കാരൻ തുറന്നുപറയുന്നത്. മത്സരത്തിന് ശേഷം 'സ്പോർട്സ് നൗ'-വിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രഗ്നാനന്ദ തന്റെ നിലപാട് വ്യക്തമാക്കിയത്. കളിയിലെ സമയസമ്മർദ്ദങ്ങളെക്കുറിച്ചും ഒരു 'തെരുവ് പോരാട്ടം' പോലെയാണ് കളി മുന്നോട്ടുപോയതെന്നും പ്രഗ്നാനന്ദ പറഞ്ഞു.
പോയിന്റ് പട്ടികയില്‍ വൻ കുതിപ്പ്; കാള്‍സണ് തിരിച്ചടി
ടൂർണമെന്റിന്റെ തുടക്കത്തില്‍ വെറും ഒരു പോയിന്റുമായി പട്ടികയില്‍ ഏറ്റവും പിന്നിലായിരുന്ന പ്രഗ്നാനന്ദ, വ്യക്തമായ ആക്രമണ ശൈലിയോടെയാണ് കാള്‍സണെ നേരിടാനിറങ്ങിയത്. സിസിലിയൻ നൈഡോർഫ് പ്രതിരോധം സ്വീകരിച്ച കാള്‍സണെതിരെ തുടക്കം മുതല്‍ പ്രഗ്നാനന്ദ സമ്മർദ്ദം ചെലുത്തി. ഒടുവില്‍ 62 നീണ്ട നീക്കങ്ങള്‍ക്കൊടുവില്‍ നിരാശനായ കാള്‍സണ് പരാജയം സമ്മതിച്ച് പിന്മാറേണ്ടി വന്നു.
ഈ വമ്പൻ ജയത്തോടെ പ്രഗ്നാനന്ദ ടൂർണമെന്റ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. അതേസമയം, സ്വന്തം നാട്ടില്‍ നടക്കുന്ന ടൂർണമെന്റില്‍ രണ്ടാമത്തെ ക്ലാസിക്കല്‍ തോല്‍വി വഴങ്ങിയ കാള്‍സണ്‍ പോയിന്റ് പട്ടികയില്‍ അപ്രതീക്ഷിതമായി ഏറ്റവും താഴേക്ക് നിലംപതിച്ചു. 2024-ലെ നോർവേ ചെസ്സിലും കാള്‍സണെ പ്രഗ്നാനന്ദ പരാജയപ്പെടുത്തിയിരുന്നു. രണ്ട് വർഷങ്ങള്‍ക്ക് ശേഷം അതേ വേദിയില്‍ ആ നേട്ടം ആവർത്തിക്കാൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞു.
"ഇതൊരു തെരുവ് പോരാട്ടമായിരുന്നു": പ്രഗ്നാനന്ദ
മാഗ്നസ് കാള്‍സണെപ്പോലൊരു താരത്തിനെതിരെ നേടിയ വിജയം ടൂർണമെന്റിലെ തന്റെ സ്ഥാനം മെച്ചപ്പെടുത്താൻ ഏറെ നിർണായകമായിരുന്നു എന്ന് പ്രഗ്നാനന്ദ സമ്മതിക്കുന്നുണ്ട്. എങ്കിലും കളിയിലെ തന്റെ ശൈലിയില്‍ താരം പൂർണ്ണ സന്തുഷ്ടനല്ല.
"അതെ, ടൂർണമെന്റില്‍ എന്റെ സ്ഥാനം വീണ്ടെടുക്കാൻ ഈ വിജയം വളരെ നിർണായകമായിരുന്നു. എന്നാല്‍ മൊത്തത്തില്‍ ഒരു ഗെയിം എന്ന നിലയില്‍ ഞാൻ ശരിക്കും തൃപ്തനല്ല. സത്യം പറഞ്ഞാല്‍ ഇതൊരു തെരുവ് പോരാട്ടം (Street Fight) പോലെയായിരുന്നു. കളിയിലെ സമയക്രമത്തിന്റെ സമ്മർദ്ദങ്ങളില്‍ എനിക്ക് ചിലപ്പോഴൊക്കെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. എങ്കിലും, വളരെ രസകരമായ ഒരു മത്സരമായിരുന്നു ഇതെന്ന്." ആർ. പ്രഗ്നാനന്ദ പറഞ്ഞു.
ലോക ഒന്നാം നമ്പർ താരത്തിനെതിരെ കളിക്കുമ്പോള്‍ കൂടുതല്‍ മാനസിക സമ്മർദ്ദമുണ്ടോ എന്ന ചോദ്യത്തിന്, ഈ ഉയർന്ന തലത്തില്‍ എളുപ്പമുള്ള മത്സരങ്ങളൊന്നുമില്ലെന്നായിരുന്നു പ്രഗ്നാനന്ദയുടെ മറുപടി. എല്ലാവരും ശക്തരായ എതിരാളികളാണെന്നും, അതിനാല്‍ എല്ലാ കളിയിലും ഒരേപോലെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ഇന്ത്യൻ കരുത്ത് തെളിയുന്ന നോർവേ ചെസ്സ്
ഇത്തവണത്തെ നോർവേ ചെസ്സ് ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. നേരത്തെ വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പർ താരം ജു വെൻജുനെ അട്ടിമറിച്ച് ഇന്ത്യൻ താരം ദിവ്യ ദേശ്മുഖ് വാർത്തകളില്‍ ഇടം നേടിയിരുന്നു. തൊട്ടുപിന്നാലെയാണ് കാള്‍സണെ വീഴ്ത്തി പ്രഗ്നാനന്ദയും തിളങ്ങിയത്.
അടുത്ത റൗണ്ടില്‍ ജർമ്മനിയുടെ വിൻസെന്റ് കീമറാണ് പ്രഗ്നാനന്ദയുടെ എതിരാളി. അതേസമയം, അടുത്ത മത്സരത്തില്‍ മാഗ്നസ് കാള്‍സണ്‍ മറ്റൊരു ഇന്ത്യൻ കരുത്തനായ ഡി. ഗുകേഷിനെ നേരിടും.

