വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി പുകയുന്നതിനിടെ ഇറാനുമായുള്ള നയതന്ത്ര ചർച്ചകളില്‍ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഇറാനുമായി ഉടൻ ഒരു ധാരണയിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും, എന്നാല്‍ അത് നടന്നില്ലെങ്കില്‍ ഇറാനെ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങള്‍ തനിക്ക് അസ്വീകാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധവിരാമം ലക്ഷ്യമിട്ട് പാകിസ്താൻ മുഖേന ഇറാൻ സമർപ്പിച്ച സമാധാന നിർദ്ദേശങ്ങള്‍ ട്രംപ് തള്ളിക്കളഞ്ഞു.
"ഇറാന്റെ ആഗ്രഹം ഒരു കരാറിലെത്താനാണെന്ന് എനിക്കറിയാം. പക്ഷേ അവർ മുന്നോട്ടുവെക്കുന്ന നിബന്ധനകളില്‍ ഞാൻ തൃപ്തനല്ല. ഇറാൻ ഭരണകൂടത്തിനുള്ളില്‍ വലിയ ആശയക്കുഴപ്പങ്ങളും ഭിന്നതകളും നിലനില്‍ക്കുന്നുണ്ട്. നിർദ്ദേശങ്ങളില്‍ മാറ്റം വരുത്തി പുതിയത് സമർപ്പിക്കട്ടെ, ചർച്ചകള്‍ തുടരാം," ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
യുഎസ്-ഇസ്റാഈല്‍ സഖ്യം ഇറാനെതിരെ ആക്രമണം തുടങ്ങിയിട്ട് ഇന്ന് 60 ദിവസം തികയുകയാണ്. യുഎസ് കോണ്‍ഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രസിഡന്റിന് സൈനിക നടപടികളുമായി മുന്നോട്ടുപോകാനുള്ള നിയമപരമായ കാലാവധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ട്രംപ് എടുക്കുന്ന തീരുമാനങ്ങള്‍ പശ്ചിമേഷ്യയുടെ ഭാവിയില്‍ അതീവ നിർണ്ണായകമാകും.
ആണവശേഖരവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് മുൻപ് നടന്ന സമാധാന ചർച്ചകളും പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി 28-നാണ് ഇറാനെതിരെ സൈനിക നീക്കങ്ങള്‍ ആരംഭിച്ചത്. സൈനിക കാലാവധി നീട്ടുന്നതിനായി കോണ്‍ഗ്രസിനെ സമീപിക്കുമോ അതോ ഇറാൻ പുതിയ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഇറാനില്‍ ഭരണപരമായ പ്രതിസന്ധികള്‍ രൂക്ഷമാണെന്ന റിപ്പോർട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ട്രംപിന്റെ ഈ ഭീഷണി കലർന്ന പ്രതികരണം. വരും മണിക്കൂറുകളില്‍ പശ്ചിമേഷ്യയില്‍ വലിയ സൈനിക നീക്കങ്ങള്‍ക്കോ അല്ലെങ്കില്‍ അപ്രതീക്ഷിത നയതന്ത്ര മാറ്റങ്ങള്‍ക്കോ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
President Donald Trump has issued a stern ultimatum to Iran, stating that the country must either agree to a new, stricter deal or face total "destruction."

