തിരുവനന്തപുരം: ഓപ്പറേഷന് തൂഫാന്റെ ആദ്യ ദിനത്തില് 137 പേരെ കസ്റ്റഡിയിലെടുത്ത് കേരള പൊലിസ്. 500 ഗ്രാം എംഡിഎ പിടികൂടുകയും, 104 കേസുകള് രജിസ്റ്റര് ചെയ്യുകയും ചെയ്തു.
വരും ദിവസങ്ങളില് പരിശോധന കൂടുതല് ശക്തമാക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര് അറിയിച്ചു.
കേരളത്തിലേക്ക് പ്രധാനമായും എംഡിഎംഎ എത്തുന്നത് കര്ണാടകയില് നിന്നും വിദേശരാജ്യങ്ങളില് നിന്നുമാണെന്ന് ഡിജിപി അറിയിച്ചു. ആന്ധ്രയില് നിന്നും ഒഡീഷയില് നിന്നുമാണ് കഞ്ചാവ് പ്രധാനമായും സംസ്ഥാനത്ത് എത്തുന്നത്. വിമാനത്താവളങ്ങളില് നിരീക്ഷണം ശക്തമാക്കി അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഡിജിപി അറിയിച്ചു.
അതേസമയം മയക്കുമരുന്ന് കേസുകളില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഒരിക്കല്‍ പിടിക്കപ്പെട്ട് വീണ്ടും കുറ്റം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് തൃശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ പത്രസമ്മേളനത്തില്‍ അറിയിച്ചു. നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്‌ട് പ്രകാരമാണ് നടപടി.
ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടവർ വീണ്ടും അതേ കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടാല്‍ കഠിനമായ ശിക്ഷ ഉറപ്പാക്കുന്ന നിയമനടപടികളാണ് തൃശൂർ റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഊർജ്ജിതമാക്കിയിരിക്കുന്നത്. ഈ നിയമപ്രകാരം കുറ്റം ചെയ്യുകയോ, അതിന് ശ്രമിക്കുകയോ, പ്രേരണ നല്‍കുകയോ, തയ്യാറെടുപ്പുകള്‍ നടത്തുകയോ അല്ലെങ്കില്‍ ഗൂഢാലോചനയില്‍ പങ്കാളിയാവുകയോ ചെയ്ത് ശിക്ഷിക്കപ്പെട്ട ഒരാള്‍ വീണ്ടും കുറ്റം ആവർത്തിച്ചാല്‍ എൻ.ഡി.പി.എസ്. നിയമത്തിലെ 31ാം വകുപ്പ് പ്രകാരം കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം രണ്ടാമതോ അതിനുശേഷമോ കുറ്റം ആവർത്തിക്കുന്നവർക്ക് ആ കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി കഠിന തടവിന്റെ ഒന്നര ഇരട്ടി വരെ തടവ് ശിക്ഷയായും, പരമാവധി പിഴത്തുകയുടെ ഒന്നര ഇരട്ടി വരെ പിഴയായും വർദ്ധിപ്പിച്ചു നല്‍കാൻ ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്.

