Dailyhunt
പശ്ചിമ ബംഗാളില്‍ വൻ രാഷ്ട്രീയ അട്ടിമറി; ഭബാനിപുരില്‍ മമതയ്ക്ക് തോല്‍വി

പശ്ചിമ ബംഗാളില്‍ വൻ രാഷ്ട്രീയ അട്ടിമറി; ഭബാനിപുരില്‍ മമതയ്ക്ക് തോല്‍വി

കൊല്‍ക്കത്ത: ബംഗാള്‍ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ കുറിച്ചുകൊണ്ട് മുഖ്യമന്ത്രി മമതാ ബാനർജിക്ക് പരാജയം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായി കരുതപ്പെടുന്ന ഭബാനിപുർ മണ്ഡലത്തില്‍ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോടാണ് മമത അടിയറവ് പറഞ്ഞത്. 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി വിജയിച്ചത്.

വോട്ടുകണക്കുകള്‍ ഇങ്ങനെ:

  • സുവേന്ദു അധികാരി (BJP): 73,917 വോട്ടുകള്‍
  • മമതാ ബാനർജി (TMC): 58,812 വോട്ടുകള്‍

തുടക്കത്തില്‍ മമത ലീഡ് നിലനിർത്തിയെങ്കിലും വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തില്‍ സുവേന്ദു അധികാരി മുന്നേറുകയായിരുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ വെച്ച്‌ ഇരുവരും നേർക്കുനേർ വരികയും വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മമത പരാജയപ്പെടുകയും ചെയ്തിരുന്നു. സമാനമായ രീതിയില്‍ ഭവാനിപുരിലും മമതയ്ക്ക് കാലിടറുന്നത് തൃണമൂല്‍ ക്യാമ്പിന് വലിയ ആഘാതമായി.

കമ്മീഷനെതിരെയും ബി.ജെ.പിക്കെതിരെയും മമത

തോല്‍വിക്ക് പിന്നാലെ കേന്ദ്ര ഏജൻസികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷവിമർശനവുമായി മമത രംഗത്തെത്തി. ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടുകള്‍ മോഷ്ടിക്കുകയാണെന്ന് അവർ ആരോപിച്ചു.

"ഞങ്ങള്‍ നൂറിലധികം സീറ്റുകളില്‍ മുന്നിലാണെങ്കിലും അത് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. പുറത്തുവരുന്നത് തെറ്റായ വിവരങ്ങളാണ്. തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസേനയും പൊലിസും ബി.ജെ.പിക്കൊപ്പമാണ് പ്രവർത്തിക്കുന്നതെന്ന്." മമതാ ബാനർജി ആരോപിച്ചു.

പലയിടത്തും ബി.ജെ.പിക്ക് അനുകൂലമായി വോട്ടെണ്ണല്‍ തടസ്സപ്പെടുത്തിയെന്നും, കേന്ദ്രസേനയെ ഉപയോഗിച്ച്‌ ടി.എം.സി പ്രവർത്തകരെ ആക്രമിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. ക്രമക്കേടുകള്‍ നടന്ന ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (EVM) കണ്ടെത്തിയിട്ടുണ്ടെന്നും ഫലപ്രഖ്യാപനം വരുന്നത് വരെ പോളിംഗ് ഏജന്റുമാർ കേന്ദ്രങ്ങള്‍ വിട്ടുപോകരുതെന്നും മമത ആഹ്വാനം ചെയ്തു.

രാഷ്ട്രീയ മാറ്റത്തിന്റെ സൂചന

തമിഴ്നാട്ടില്‍ സ്റ്റാലിന് നേരിടേണ്ടി വന്ന വെല്ലുവിളികള്‍ക്ക് പിന്നാലെ ബംഗാളിലും ബി.ജെ.പി തരംഗം വീശിയടിക്കുന്നു എന്ന സൂചനയാണ് ഈ ഫലം നല്‍കുന്നത്. ദീദിയുടെ പരാജയം ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham