തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആറാട്ടു ഉത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില് നാളെ അഞ്ചുമണിക്കൂര് വിമാന സര്വീസുകള് നിര്ത്തിവെയ്ക്കും.
ചൊവ്വാഴ്ച വൈകീട്ട് നാലുമുതല് രാത്രി ഒമ്പതു വരെയാണ് സര്വീസുകള് നിര്ത്തിവെക്കുന്നത്. യു.എ.ഇ ഉള്പ്പെടെയുള്ള വിദേശ രാജ്യങ്ങളില് നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര് വിമാന സമയങ്ങളില് മാറ്റമുണ്ടോയെന്ന് പരിശോധിക്കണമെന്ന് അധികൃതര് അറിയിച്ചു.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് വിഗ്രഹം എഴുന്നള്ളിച്ച് ശംഖുംമുഖം കടപ്പുറത്തേക്ക് കൊണ്ടുപോകുന്നത് വിമാനത്താവളത്തിന്റെ റണ്വേയിലൂടെയാണ്. തിരുവിതാംകൂര് രാജകുടുംബകാലം മുതല് തുടര്ന്നുപോരുന്ന നൂറ്റാണ്ടുകള് പഴക്കമുള്ള ആചാരത്തിന്റെ ഭാഗമായാണ് വര്ഷത്തില് രണ്ടുതവണ വിമാനത്താവളത്തിന്റെ പ്രവര്ത്തനം താല്ക്കാലികമായി നിര്ത്തിവെക്കുന്നത്.

