Tuesday, 07 Jul, 7.18 pm സുപ്രഭാതം

ലേറ്റസ്റ്റ് ന്യൂസ്
ഫലമറിയാന്‍ ഫോണ്‍ പോലുമില്ല, സ്വന്തം വീട് ഇപ്പോഴും സ്വപ്നം, തമിഴ്‌നാട്ടില്‍ നിന്നും വന്ന കടല വില്‍പനക്കാരന്റെ മകള്‍ അനുഷ നേടിയത് ഫുള്‍ എപ്ലസ്

കോഴിക്കോട്: ഇല്ലായ്മകള്‍ക്കിടയില്‍ നിന്ന് നേടുന്ന വിജയത്തിന് മധുരമേറും. അതുകൊണ്ട് തന്നെ അനുഷ നേടിയ വിജയത്തിന് ഇരട്ടി മധുരമാണ്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തി സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിച്ച്‌ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരിക്കുകയാണ് അനുഷ എന്ന മിടുക്കി. പയിമ്ബ്ര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അനുഷയുടെ കുടുംബം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നും കോഴിക്കോട് എത്തിയവരാണ്. ദിണ്ടിഗല്‍ സ്വദേശിയായ കുളന്തൈ സ്വാമിയുടേയും മധുര സ്വദേശിനിയായ വിക്ടോറിയ റാണിയുടേയും മൂത്തമകളാണ് അനുഷ. ജനിച്ചത് തമിഴ്‌നാട്ടിലാണെങ്കിലും പഠനം തുടങ്ങിയത് കോഴിക്കോടാണ്.മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും മലയാളം പഠിച്ചാണ് ഉന്നത വിജയം നേടിയത്.വര്‍ഷങ്ങളായി നരിക്കുനി പുല്ലാളൂര്‍ മച്ചക്കുളത്താണ് അനുഷയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്.

കോഴിക്കോട് ബീച്ചില്‍ കടല വില്പനയായിരുന്നു കുളന്തൈ സ്വാമിക്ക് ജോലി. കൊവിഡ് സാഹചര്യത്തില്‍ ബീച്ച്‌ അടച്ചതോടെ ജോലി നഷ്ടമായി. നരിക്കുനിയിലെ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടയില്‍ ജോലി ചെയ്യുകയാണ് അമ്മ വിക്ടോറിയ റാണി. ഈ വരുമാനം മാത്രമാണ് ഇപ്പോള്‍ കുടുംബത്തിന്റെ ഏക ആശ്രയം. വീട്ടിലെ പരിമിതമായ സാഹചര്യങ്ങളോട് പൊരുതിയാണ് അനുഷ ഉന്നത വിജയം നേടിയത്. ഒരു ഹാളും അടുക്കളയുമുള്ള വീട്ടില്‍ ആകെയുള്ളത് ഒരു കുഞ്ഞുമേശയാണ്. നിലത്തിരുന്ന് പഠിക്കുന്ന അനുഷയുടെ ദുരവസ്ഥ കണ്ട് അമ്മാവന്‍ ഉണ്ടാക്കി നല്‍കിയതാണ് മേശ. മറ്റ് സൗകര്യങ്ങള്‍ ഒന്നുമില്ല. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം അറിയാനും വൈകിയിരുന്നു. ഫലം പ്രഖ്യാപിച്ച്‌ ഒരു മണിക്കൂറിന് ശേഷം കൂട്ടുക്കാരി മുഖേനയാണ് ഫലം അറിഞ്ഞത്. സഹോദരന്‍ അശോക് കുമാര്‍ പയിമ്ബ്ര സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്മാര്‍ട്ട് ഫോണും ടി.വിയും ഇല്ലാത്തത് അശോക് കുമാറിന്റെ ഓണ്‍ലൈന്‍ പഠനത്തെയും പ്രതികൂലമായി ബാധിക്കുകയാണ്.

സ്‌കൂള്‍ കാലഘട്ടത്തിന്റെ തുടക്കത്തില്‍ മലയാളം പഠിക്കാന്‍ നന്നായി ബുദ്ധിമുട്ടിയിരുന്നുവെന്ന് അനുഷ പറയുന്നു. ആറാം ക്ലാസ് മുതലാണ് മലയാളം നന്നായി സംസാരിക്കാനും എഴുതാനും പഠിച്ചത്. എട്ടാം ക്ലാസ് മുതല്‍ ഫുള്‍ എപ്ലസ് ലഭിക്കാനായി പ്രയത്‌നിച്ചിരുവെന്നും അനുഷ പറയുന്നു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറാവാനാണ് അനുഷയ്ക്ക് ആഗ്രഹം. ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ജീവിതത്തില്‍ വിജയം നേടാന്‍ കഴിയുമെന്ന് കാണിച്ചു തരികയാണ് അനുഷ.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Suprabhaatham
Top