Dailyhunt
ഫലംകണ്ടത് മുജ്തബ ഖാംനഇയുടെ നിര്‍ണായക ഇടപെടല്‍; തീരുമാനമെടുത്തത് വാഷിങ്ടണിലല്ല, തെഹ്‌റാനില്‍

ഫലംകണ്ടത് മുജ്തബ ഖാംനഇയുടെ നിര്‍ണായക ഇടപെടല്‍; തീരുമാനമെടുത്തത് വാഷിങ്ടണിലല്ല, തെഹ്‌റാനില്‍

തെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തല്‍ തീരുമാനിക്കപ്പെട്ടത് വാഷിങ്ടണിലല്ല, മറിച്ച്‌ തെഹ്റാനിലാണെന്ന് റിപ്പോർട്ട്.

മാസങ്ങള്‍ നീണ്ട സംഘർഷങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് സമാധാന കരാറിന് പച്ചക്കൊടി കാട്ടിയത് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ നിർണായക ഇടപെടലാണെന്ന് അമേരിക്കൻ വാർത്താ ഏജൻസിയായ 'ആക്സിയോസ്' റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ലോകത്തിന് ആശ്വാസമായി വെടിനിർത്തല്‍ പ്രഖ്യാപനം വന്നത്. പുറമെ പരസ്പരം പോർവിളികള്‍ തുടരുമ്പോഴും അണിയറയില്‍ സജീവമായ നയതന്ത്ര ചർച്ചകള്‍ നടന്നിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ട്രംപ് ഇറാന് മേല്‍ കടുത്ത ആക്രമണ ഭീഷണി മുഴക്കുമ്പോഴും, വാഷിങ്ടണും തെഹ്റാനും തമ്മിലുള്ള ആശയവിനിമയം പൂർണ്ണമായും നിലച്ചിരുന്നില്ല. പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളായിരുന്നു പ്രധാന ഇടനിലക്കാർ. ഇരു രാജ്യങ്ങളുടെയും നിർദ്ദേശങ്ങള്‍ പരസ്പരം കൈമാറിയത് ഇവരായിരുന്നു. പലപ്പോഴും പരാജയത്തിന്റെ വക്കിലെത്തിയ ചർച്ചകള്‍ അവസാന നിമിഷത്തെ വിട്ടുവീഴ്ചകളിലൂടെയാണ് മുന്നോട്ട് പോയത്.

പൊതുവേദിയില്‍ ഇരു രാജ്യങ്ങളും കടുത്ത നിലപാടാണ് സ്വീകരിച്ചത്. അമേരിക്ക ആക്രമണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ തന്നെ വാഷിംഗ്ടണ്‍ നയതന്ത്ര പരിഹാരത്തിനുള്ള ശ്രമങ്ങളും തുടർന്നു. മറുഭാഗത്ത്, അന്ത്യശാസനങ്ങളെ തള്ളിക്കളഞ്ഞ ഇറാനും അണിയറയില്‍ മധ്യസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.

തെഹ്റാനിലെ തീരുമാനങ്ങള്‍ പൂർണ്ണമായും നിയന്ത്രിച്ചിരുന്നത് മുജ്തബ ഖാംനഇയാണ്. അധികാരമേറ്റ ശേഷം ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത അദ്ദേഹം അണിയറയിലിരുന്നാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ചർച്ചകളുടെ അവസാന ഘട്ടത്തില്‍ അദ്ദേഹം നേരിട്ട് ഇടപെടുകയും വെടിനിർത്തലിന് അനുമതി നല്‍കുകയും ചെയ്തതോടെയാണ് ദുർബലമായിരുന്ന ചർച്ചകള്‍ പ്രായോഗികമായ ഒരു കരാറിലേക്ക് എത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham