ചേളാരി: കൗണ്‍സില്‍ ഓഫ് സമസ്ത വിമണ്‍സ് കോളേജസ് (സി.എസ്.ഡബ്ല്യു.സി) സംഘടിപ്പിക്കുന്ന ഫാളില, ഫളീല സംസ്ഥാനതല കലോത്സവമായ ഹിയ ഫിയസ്റ്റ 2026 സെപ്റ്റംബർ 20, 21 തീയതികളില്‍ പെരിന്തല്‍മണ്ണ എം.ഇ.എ.
എൻജിനീയറിംഗ് കോളേജില്‍ നടക്കും. സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ശംസുദ്ധീൻ കലോത്സവം ഉദ്ഘാടനം ചെയ്യും. പെരിന്തല്‍മണ്ണ എം.എല്‍.എ. നജീബ് കാന്തപുരം മുഖ്യാതിഥിയാകും.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സി.എസ്.ഡബ്ല്യു.സി ചെയർമാൻ എം.ടി. അബ്ദുല്ല മുസ്ലിയാർ, കണ്‍വീനർ അബ്ദുസ്സമദ് പൂക്കോട്ടൂർ, സമസ്ത നേതാക്കളായ ഉമർ ഫൈസി മുക്കം, ഡോ. സി.കെ. അബ്ദുറഹ്മാൻ ഫൈസി, മൊയ്ദീൻ ഫൈസി പുത്തനഴി, പ്രൊഫ. (ഡോ.) എൻ.എ.എം. അബ്ദുല്‍ ഖാദർ, സുലൈമാൻ ഫൈസി ചുങ്കത്തറ, ശാഹുല്‍ ഹമീദ് മാസ്റ്റർ മേല്‍മുറി, ടി.എച്ച്. ദാരിമി, മോയിൻകുട്ടി മാസ്റ്റർ, എം.എല്‍.എമാരായ അഡ്വ. ആബിദ് ഹുസൈൻ തങ്ങള്‍, ഹമീദ് മാസ്റ്റർ പട്ടിക്കാട് തുടങ്ങിയ മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും. സമാപന സമ്മേളനത്തില്‍ പാണക്കാട് സയ്യിദത്ത് സജ്ന ബീവി പങ്കെടുക്കും.
സി.എസ്.ഡബ്ല്യു.സിക്കു കീഴില്‍ പ്രവർത്തിക്കുന്ന ഫാളില, ഫളീല സ്ഥാപനങ്ങളിലെ വിദ്യാർത്ഥിനികളുടെ സർഗാത്മകവും വൈജ്ഞാനികവുമായ കഴിവുകള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ മൂന്നാമത് എഡിഷനാണിത്.
സംസ്ഥാനത്തെ ഏഴ് സോണുകളിലായി നടന്ന മത്സരങ്ങളില്‍ മികവ് തെളിയിച്ച് യോഗ്യത നേടിയ പ്രതിഭകളാണ് സംസ്ഥാനതലത്തില്‍ മാറ്റുരയ്ക്കുന്നത്. ഫാളില, ഫളീല വിഭാഗങ്ങളിലായി 44 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. പുറമെ ഫളീല പി.ജി. വിദ്യാർത്ഥിനികള്‍ക്കായുള്ള മത്സര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്
വിദ്യാർത്ഥിനികളുടെ കലാ-സാഹിത്യ കഴിവുകള്‍ക്ക് വേദിയൊരുക്കുന്നതിനൊപ്പം സർഗാത്മകത, ആത്മവിശ്വാസം, ആശയാവിഷ്കാരശേഷി, നേതൃത്വപാടവം എന്നിവ വളർത്തിയെടുക്കാനും ഹിയ ഫിയസ്റ്റ ലക്ഷ്യമിടുന്നു. വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനതല കലോത്സവത്തിനായി പൂർത്തിയാക്കിയിട്ടുള്ളത്.

