കൊച്ചി: ഏറെ വിവാദമായ ഫസല്‍ വധക്കേസില്‍, കോടതി കസ്റ്റഡിയില്‍നിന്ന് കാണാതാവുകയും പിന്നീട് തിരികെ ലഭിക്കുകയും ചെയ്ത രക്തം പുരണ്ട തൂവാലയെക്കുറിച്ച് അന്വേഷണം നടത്താൻ നിർദ്ദേശം.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി.ജെ.എം) കോടതിയോടാണ് സി.ബി.ഐ പ്രത്യേക കോടതി അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിലെ നിർണായക തെളിവായ തൂവാല എറണാകുളം സി.ജെ.എം കോടതിയിലെ സ്ട്രോങ് റൂമില്‍ നിന്നാണ് വിചാരണയ്ക്ക് മുൻപ് കാണാതായത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന തൂവാല എലി കൊണ്ടുപോയെന്നായിരുന്നു അന്ന് ജീവനക്കാർ നല്‍കിയ വിശദീകരണം. എന്നാല്‍ സംഭവത്തില്‍ കോടതി റിപ്പോർട്ട് തേടിയതിന് പിന്നാലെ തൂവാല തിരികെ പ്രത്യക്ഷപ്പെടുകയായിരുന്നു.
ഏത് സാഹചര്യത്തിലാണ് തൊണ്ടിമുതല്‍ തിരിച്ചുകിട്ടിയതെന്ന് വിശദമായി പരിശോധിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പ്രതികളെ സഹായിക്കാനായി ആരോ ബോധപൂർവം ഇത് മാറ്റിയതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണത്തിലൂടെ വ്യക്തത വരും. തിരിച്ചുകിട്ടിയ സമയത്ത് തൂവാല സൂക്ഷിച്ചിരുന്ന കവർ മുറിച്ച നിലയിലായിരുന്നു.
നിലവില്‍ തൊണ്ടിമുതലായി ഹാജരാക്കിയിരിക്കുന്ന തൂവാല കേസില്‍ നിർണായക തെളിവാണ്. കോടതിക്ക് മുന്നിലുള്ളത് യഥാർത്ഥ തൂവാല തന്നെയാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഫോറൻസിക് റിപ്പോർട്ടും തൂവാലയും തമ്മില്‍ വിശദമായ ഒത്തുനോക്കല്‍ നടക്കും. പരിശോധനകള്‍ പൂർത്തിയായ ശേഷമായിരിക്കും കേസില്‍ തുടർന്നുള്ള നിർണായക നടപടികളിലേക്ക് അധികൃതർ കടക്കുക.
രാഷ്ട്രീയവും നിയമപരവുമായ പോരാട്ടങ്ങളാല്‍ നിർണായക ഘട്ടങ്ങളിലൂടെ കടന്നുപോയ കേസാണ് മുഹമ്മദ് ഫസല്‍ വധക്കേസ്. 2006 ഒക്ടോബർ 22-ന് പുലർച്ചെയാണ് എൻഡിഎഫ് തലശ്ശേരി സബ് ഡിവിഷൻ കമ്മിറ്റി അംഗമായിരുന്ന മുഹമ്മദ് ഫസല്‍ ജഗന്നാഥ ക്ഷേത്രം റോഡില്‍വെച്ച് കൊലചെയ്യപ്പെടുന്നത്.
തുടക്കത്തില്‍ ലോക്കല്‍ പൊലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സി.പി.എം പ്രവർത്തകർക്കെതിരെയായിരുന്നു ആരോപണം. എന്നാല്‍, അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഫസലിന്റെ ഭാര്യ സി.എച്ച്. മറിയുമ്മ നല്‍കിയ ഹരജിയില്‍ 2008 ഫെബ്രുവരിയിലാണ് ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിട്ടത്. സി.പി.എം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരുള്‍പ്പെടെ എട്ടുപേരെ പ്രതിയാക്കി 2012-ല്‍ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.
എന്നാല്‍, കേസിന് പുതിയ മാനങ്ങള്‍ നല്‍കിയത് സി.പി.എം പ്രവർത്തകൻ പടുവിലായി മോഹനൻ വധക്കേസില്‍ അറസ്റ്റിലായ ആർ.എസ്.എസ് പ്രവർത്തകൻ ഏബ്രന്റെവിടെ സുബീഷിന്റെ വെളിപ്പെടുത്തലാണ്. ഫസലിനെ കൊലപ്പെടുത്തിയത് തങ്ങളടങ്ങുന്ന സംഘമാണെന്ന് സുബീഷ് പൊലിസിന് മൊഴി നല്‍കിയതോടെ കേസില്‍ വീണ്ടും നിയമപോരാട്ടങ്ങള്‍ക്ക് വഴിയൊരുങ്ങിയത്.
A key piece of evidence in the 2006 Mohammed Fazal murder case a blood-stained towel was successfully recovered at the Ernakulam Chief Judicial Magistrate (CJM) Court.

