Dailyhunt
ഫോര്‍ട്ട് പൊലിസിന്റെ കള്ളക്കഥ പൊളിഞ്ഞു; 'കസ്റ്റഡി മര്‍ദ്ദനത്തിന്' ഇരയായവര്‍ നിരപരാധികള്‍, മോഷണ ബൈക്ക് ആലപ്പുഴയില്‍

ഫോര്‍ട്ട് പൊലിസിന്റെ കള്ളക്കഥ പൊളിഞ്ഞു; 'കസ്റ്റഡി മര്‍ദ്ദനത്തിന്' ഇരയായവര്‍ നിരപരാധികള്‍, മോഷണ ബൈക്ക് ആലപ്പുഴയില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ ഫോർട്ട് പൊലിസ് സ്റ്റേഷനില്‍ പ്രതികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പൊലിസിന്റെ വാദങ്ങള്‍ പാടെ പൊളിഞ്ഞു.

മോഷണമുതലായ ബൈക്ക് പ്രതികള്‍ പൊളിച്ചു വിറ്റുവെന്നായിരുന്നു പൊലിസ് കോടതിയില്‍ നല്‍കിയ മൊഴി. എന്നാല്‍, ഈ ബൈക്ക് ആലപ്പുഴയില്‍ നിന്ന് സുരക്ഷിതമായി കണ്ടെത്തിയതോടെ പൊലിസിന്റെ 'മൂന്നാംമുറ'യും കള്ളക്കഥയും തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.

യമഹ ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച്‌ ജിനു, ഉണ്ണി എന്നിവരെയായിരുന്നു ഫോർട്ട് പൊലിസ് കസ്റ്റഡിയിലെടുത്ത് തല്ലിച്ചതച്ചത്. ബൈക്ക് ഇവർ പൊളിച്ചു വിറ്റുവെന്ന് വരുത്തിതീർക്കാൻ വർക്ക്ഷോപ്പ് ഉടമയെയും പൊലിസ് മർദ്ദിച്ചിരുന്നു. എന്നാല്‍ ആലപ്പുഴ നോർത്ത് പൊലിസ് പിടികൂടിയ വിനീത് എന്ന മോഷണക്കേസ് പ്രതിയില്‍ നിന്നാണ് ഫോർട്ട് പൊലിസ് തിരഞ്ഞ ബൈക്ക് കണ്ടെടുത്തത്. ഇതോടെ മർദ്ദനമേറ്റവർ നിരപരാധികളാണെന്ന് വ്യക്തമായി.

സിസിടിവി ചതിച്ചു; പൊലിസുകാർ കുടുങ്ങി

കഴിഞ്ഞ മാസം 21-നാണ് കൊച്ചിയില്‍ നിന്ന് പിടികൂടിയ ജിനുവിനെയും ഉണ്ണിയെയും തിരുവനന്തപുരത്ത് എത്തിച്ചത്. സ്റ്റേഷനിലെ സെല്ലില്‍ വെച്ച്‌ ഇവരെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതാണ് പൊലിസിന് തിരിച്ചടിയായത്.

കസ്റ്റഡി മർദ്ദനത്തെ തുടർന്ന് ഗ്രേഡ് എസ്.ഐ ശ്രീകുമാർ, പൊലിസുകാരായ സുനില്‍, സിജുകുമാർ, ഗിരീഷ് എന്നിവരെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു.സെല്ലില്‍ കിടന്ന പ്രതിയുടെ മുടിയില്‍ കുത്തിപ്പിടിച്ച്‌ ഭിത്തിയില്‍ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഗ്രേഡ് എസ്.ഐക്കെതിരെ നടപടിയുണ്ടായത്.

പൊലിസിന്റെ ന്യായീകരണം

ബൈക്ക് കണ്ടെത്തിയതോടെ പ്രതിരോധത്തിലായ ഫോർട്ട് പൊലിസ്, പ്രതികള്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്ന വിചിത്രമായ ന്യായീകരണമാണ് ഇപ്പോള്‍ ഉയർത്തുന്നത്. ബൈക്ക് വില്‍ക്കാൻ വേണ്ടി കൈമാറിയതാകാമെന്നും ഇവർ പറയുന്നു. എന്നാല്‍, യാതൊരു തെളിവുമില്ലാതെ ആളുകളെ കസ്റ്റഡിയിലെടുത്ത് മർദ്ദിക്കുകയും വ്യാജ തെളിവുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതിനെതിരെ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

ആലപ്പുഴയില്‍ നിന്ന് പിടികൂടിയ വിനീതിനെ ഇപ്പോള്‍ ഫോർട്ട് പൊലിസിന് കൈമാറിയിട്ടുണ്ട്. കേസില്‍ നിരപരാധികളായ യുവാക്കള്‍ക്ക് മർദ്ദനമേറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ ഉള്‍പ്പെടെയുള്ളവർ ഇടപെടാനാണ് സാധ്യത.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham