അബുദബി: ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് അബുദബിയില്‍ ഉജ്ജ്വല സ്വീകരണം.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മാക്രോണിനെ നേരിട്ട് സ്വീകരിച്ചു.
വിമാനത്താവളത്തില്‍ ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ആലപിക്കുകയും ഗാർഡ് ഓഫ് ഓണർ നല്‍കി ഫ്രഞ്ച് പ്രസിഡന്റിനെ ആദരിക്കുകയും ചെയ്തു. നിരവധി മുതിർന്ന യുഎഇ ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
ഗള്‍ഫ് മേഖലയിലെ പ്രധാന പങ്കാളികളുമായുള്ള സാമ്പത്തിക, പ്രതിരോധ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഔദ്യോഗിക ഗള്‍ഫ് പര്യടനം ആരംഭിച്ചത്.
പര്യടനത്തിന്റെ ആദ്യ ഘട്ടമായി കുവൈത്തിലെത്തിയ മാക്രോണിനെ കുവൈത്ത് അമീർ ശൈഖ് മിഷാല്‍ അല്‍-അഹ്മദ് അല്‍-ജാബർ അല്‍-സബാഹ് സ്വീകരിച്ചു.
യുഎഇ സന്ദർശനത്തിന് ശേഷം ബുധനാഴ്ചയോടെ ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേഖലയിലെ നിലവിലെ തന്ത്രപ്രധാനമായ വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും കൂടിക്കാഴ്ചയില്‍ ചർച്ചയാകും. ഫ്രാൻസിലെ ആഭ്യന്തര വിഷയങ്ങള്‍ക്കും മിഡില്‍ ഈസ്റ്റിലെ പ്രാദേശിക സാഹചര്യങ്ങള്‍ക്കും ഇടയിലാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ നിർണ്ണായകമായ ഈ ഗള്‍ഫ് സന്ദർശനം.
'ഏറ്റവും മനോഹരമായ സ്വപ്നം'; ഗള്‍ഫ് ജനതയ്ക്ക് ഐക്യത്തിന്റെ സന്ദേശവുമായി ദുബൈ ഭരണാധികാരി
French President Emmanuel Macron visits the UAE as part of his Gulf tour, meeting UAE President Sheikh Mohamed bin Zayed to discuss bilateral cooperation, regional developments, and strategic ties.

