മനുഷ്യന്റെ ഏറ്റവും സുരക്ഷിതമായ ഇടമാണ് വീട്. വെറുമൊരു നാല് ചുമരുകള്‍ക്കപ്പുറം, നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളും കൂടുകൂട്ടുന്ന ഒരിടമാണ് വീട്.
എന്നാല്‍, ആ വീടിന് ജീവനും തിളക്കവും നല്‍കുന്നത് അതിന്റെ അകത്തളങ്ങളിലെ ഓരോ ചെറിയ അലങ്കാരവസ്തുക്കളുമാണ്.
അതില്‍ തന്നെ വീടിന്റെ ഭംഗി ഇരട്ടിയാക്കാനും മുറികള്‍ക്ക് വിശാലത നല്‍കാനും കണ്ണാടികള്‍ വഹിക്കുന്ന പങ്ക് വലുതാണ്. വെറുമൊരു മുഖം നോക്കാനുള്ള സാധനം മാത്രമല്ല കണ്ണാടി; വീടിന്റെ അകത്തളങ്ങളെ പ്രകാശപൂരിതമാക്കാനും ഒരു പുതിയ സൗന്ദര്യം നല്‍കാനും മാന്ത്രികശക്തിയുള്ള ഒരു ഇന്റീരിയര്‍ ഘടകം കൂടിയാണത്.

നിലത്ത് കുത്തിച്ചാരിവെച്ച ഒരാള്‍ പൊക്കം നീളമുള്ള കണ്ണാടിയില്‍ നോക്കി ഔട്ട്ഫിറ്റ് ചെക്ക് ചെയ്യാത്തവരും, 'ഗെറ്റ് റെഡി വിത്ത് മി' (GRWM) റീലുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാത്തവരും ഇന്നത്തെ തലമുറയില്‍ ചുരുക്കമായിരിക്കും. ഇന്നത്തെ ഫാഷന്‍ ലോകത്തെയും സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളെയും ഒരുപോലെ കീഴടക്കിയിരിക്കുന്ന ഒന്നാണ് ഈ ഫുള്‍-ലെങ്ത് മിററുകള്‍.
എന്നാല്‍ ഇതൊരു ഫാഷന്‍ സ്റ്റേറ്റ്മെന്റ് മാത്രമാണെന്ന് കരുതുന്നുവെങ്കില്‍ തെറ്റി. വീടിന്റെ അകത്തളങ്ങളുടെ രൂപവും ഭാവവും പൂര്‍ണ്ണമായി മാറ്റിമറിക്കാന്‍ ഈ നീളന്‍ കണ്ണാടികള്‍ക്ക് അപാരമായ കഴിവുണ്ട്. വീടിന് ഒരു പുതിയ മുഖം നല്‍കാനും നമ്മള് കാണാത്ത വീടിന്റെ ഭംഗിയുള്ള മറ്റ് ഭാവങ്ങളെ മനോഹരമായി പ്രതിഫലിപ്പിക്കാനും ഇത്തരം മിററുകള്‍ക്ക് സാധിക്കും.
ഇന്റീരിയറിനെ കണ്ണാടികള്‍ സ്വാധീനിക്കുന്നത് എങ്ങനെ?
വീടിന്റെ അകത്തളങ്ങളിലെ വെളിച്ചത്തെ പരമാവധി പ്രയോജനപ്പെടുത്താനും മുറികള്‍ക്ക് കൂടുതല്‍ വിശാലത തോന്നിക്കാനും കണ്ണാടികള്‍ക്ക് പ്രധാനപ്പെട്ട പങ്കുണ്ട്.
സ്വാഭാവികവും കൃത്രിമവുമായ വെളിച്ചം കൂട്ടുന്നു- ജനലുകളിലൂടെ അരിച്ചെത്തുന്ന പ്രകൃതിദത്ത വെളിച്ചത്തെ മുറിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പ്രതിഫലിപ്പിച്ച് ഇരുണ്ട മൂലകളെപ്പോലും പ്രകാശിപ്പിക്കാന്‍ കണ്ണാടികള്‍ സഹായിക്കുന്നു. സമാനമായി രാത്രികാലങ്ങളിലെ കൃത്രിമ ലൈറ്റുകളെയും ഇവ കൂടുതല്‍ പ്രകാശമയമാക്കും.

മുറികള്‍ക്ക് കൂടുതല്‍ വിശാലത നല്കുന്നു- ചെറിയ മുറികളിലോ ഇടുങ്ങിയ ഇടനാഴികളിലോ കണ്ണാടികള്‍ സ്ഥാപിച്ചാല്‍ ആ ഭാഗം ഇരട്ടി വലിപ്പമുള്ളതായി അനുഭവപ്പെടും. ഉയരം കുറഞ്ഞ സീലിങ്ങുകള്‍ ഉള്ള ഇടങ്ങളിലും ഈ വിദ്യ വളരെ ഫലപ്രദമാണ്.
വീടിനുള്ളില്‍ കണ്ണാടികള്‍ വയ്ക്കേണ്ടത് എവിടെ?
വീടിന് ഭംഗി കൂട്ടാനായി എവിടെക്കെങ്കിലും കണ്ണാടികള്‍ വാങ്ങി വെച്ചാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. കൃത്യമായ ഇടങ്ങളില്‍, ശരിയായ രീതിയില്‍ വച്ചാല്‍ മാത്രമേ കണ്ണാടികള്‍ കൊണ്ട് വീടിന് പൂര്‍ണ്ണമായ ഗുണം ലഭിക്കൂ.
ജനാലകളുടെ എതിര്‍വശത്ത്- ജനാലകള്‍ക്ക് എതിരായി വേണം കണ്ണാടികള്‍ സ്ഥാപിക്കാന്‍. ഇത് പുറത്തുനിന്നുള്ള വെളിച്ചത്തെ
വീടിനുള്ളിലേക്ക് പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ സൂര്യപ്രകാശം നേരിട്ട് കണ്ണാടിയില്‍ അടിക്കുന്ന രീതിയില്‍ ആകരുത്. ഇത് കണ്ണുകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതിനൊപ്പം കണ്ണാടിയുടെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും.
ഫര്‍ണിച്ചറുകള്‍ക്ക് പിന്നില്‍- ചുവരുകളില്‍ ഉറപ്പിക്കുന്ന കണ്ണാടികളാണെങ്കില്‍ അവ സോഫകള്‍ അല്ലെങ്കില്‍ ഡൈനിങ് ടേബിള്‍
പോലുള്ള വലിയ ഫര്‍ണിച്ചറുകള്‍ക്ക് പിന്നിലായി സജ്ജീകരിക്കുന്നതാണ് ഉചിതം. ഇത് മുറിക്ക് കൂടുതല്‍ ആഴവും സ്റ്റൈലിഷ് ലുക്കും നല്‍കും.

ഡിസൈന്‍ സ്റ്റേറ്റ്മെന്റുകള്‍- കേരളത്തിന്റെ പാരമ്പര്യ പ്രൗഢി വിളിച്ചോതുന്ന ആറന്മുള കണ്ണാടി ഇന്ന് പല വീടുകളുടെയും സ്വീകരണമുറികളിലെ പ്രധാന ഡിസൈന്‍ സ്റ്റേറ്റ്മെന്റ് പീസായി ഉപയോഗിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലും വിപണിയിലും കണ്ണാടികളുടെ വിപുലമായ ശേഖരം ലഭ്യമാണ്. സ്വന്തം വീടിന്റെ ഇന്റീരിയര്‍ ശൈലിക്കും ആവശ്യകതയ്ക്കും അനുയോജ്യമായ ക്വാളിറ്റിയുള്ള കണ്ണാടികള്‍ തിരഞ്ഞെടുക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.
While full-length mirrors are currently a massive social media and fashion trend, they also play a vital role in interior design by maximizing natural light and making smaller rooms appear much more spacious.

