ന്യൂഡല്‍ഹി: പി.എം ശ്രീ സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതി പൂർണമായി അംഗീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ. സിലബസ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചട്ടക്കൂടിലായിരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.
പി.എം ശ്രീ സംബന്ധിച്ച് ഡോ. വി. ശിവദാസൻ എം.പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനങ്ങള്‍ക്ക് പി.എം ശ്രീ സ്കൂളുകളില്‍ സ്വന്തം സിലബസ് സ്വീകരിക്കാമോ എന്ന ചോദ്യത്തിന് സംസ്ഥാന ബോർഡ് അംഗീകാരമുള്ള പി.എം ശ്രീ സ്കൂളുകളില്‍ സംസ്ഥാന സിലബസ് പിന്തുടരാമെങ്കിലും ആ സിലബസിൻ്റെ ഘടന പുതിയ വിദ്യാഭ്യാസ നിയമം 2020 (NEP 2020), ദേശീയ കരിക്കുലം ചട്ടക്കൂട്ട് എന്നിവയുമായി ചേർന്നു പോകുന്നതായിരിക്കണമെന്നും കേന്ദ്രം മറുപടി നല്‍കി.
പി.എം ശ്രീ പദ്ധതി സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതി നിർണയാധികാരത്തെ പൂർണമായും അംഗീകരിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി. നാളിതുവരെയായി പി.എം ശ്രീ പദ്ധതിയില്‍ നിന്നു സംസ്ഥാനങ്ങള്‍ക്ക് എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന ചോദ്യത്തിന് രാജ്യത്തെ 27 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 3105.63 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി മറുപടി നല്‍കി.
കേന്ദ്ര സർക്കാർ നിർദേശിക്കുന്ന തരത്തിലല്ലാതെ സംസ്ഥാനത്തിന് പാഠ്യപദ്ധതി തീരുമാനിക്കാൻ കഴിയുമെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫണ്ട് നഷ്ടപ്പെടുത്താതിരിക്കുന്നതിനായി പദ്ധതി നടപ്പിലാക്കുന്നതെന്നായിരുന്നു യു.ഡി.എഫ് വാദം. ഇനി പദ്ധതി ഏതെല്ലാം സ്കൂളുകളില്‍ നടപ്പിലാക്കണമെന്ന കാര്യത്തില്‍ സർക്കാർ ഉടൻ തീരുമാനമെടുക്കും.
കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാന, കർണാടക സംസ്ഥാനങ്ങളില്‍ ഇപ്പോഴും പി.എം.ശ്രീ പദ്ധതി തുടരുന്നതും യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിന് ബലമേറി. എല്‍.ഡി.എഫില്‍ ചർച്ച ചെയ്യാതെ സി.പി.എം തീരുമാനപ്രകാരം പി.എം ശ്രീയില്‍ സംസ്ഥാനം ഒപ്പുവച്ചതിനെതിരേ സി.പി.ഐ ആണ് ആദ്യം കലാപക്കൊടി ഉയർത്തിയത്. കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പി.എം ശ്രീ പദ്ധതി വിദ്യാഭ്യാസം 'കാവിവല്‍ക്കരിക്കാൻ' ഇടയാക്കുമെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫും സർക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. മുസ്്ലിം ലീഗ് നേതാക്കള്‍ പി.എം ശ്രീ നടപ്പിലാക്കുന്നതിനെ കടുത്ത ഭാഷയില്‍ വിമർശിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എം.പി. ജെബി മേത്തർ രാജ്യസഭയില്‍ ചോദിച്ച ചോദ്യത്തിന് പി.എം ശ്രീ സ്കൂള്‍ വികസന പദ്ധതിക്കായി ധാരണാപത്രത്തില്‍ ഒപ്പുവച്ചെങ്കിലും തുടർനടപടികളില്‍ കേരളം ഇതുവരെ പങ്കാളിയായിട്ടില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ മറുപടി.

