ഫുട്ബോള് ലോകത്തെ വിസ്മയിപ്പിച്ച് ജപ്പാന് ഇതിഹാസം കസുയോഷി മിയൂറ (Kazuyoshi Miura). ഫുട്ബോളില്‍ നിന്നും വിരമിക്കേണ്ട പ്രായത്തില് പ്രായത്തെ പോലും തോല്പ്പിക്കുന്ന പോരാട്ടവീര്യവുമായി കളിക്കളത്തില് തുടരുന്ന 'കിംഗ് കസു', തന്റെ 59ാം വയസില് ഗോള് നേടി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.
പ്രൊഫഷണല് ഫുട്ബോളില് ഗോള് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ലോക റെക്കോഡാണ് ഈ ജപ്പാൻ താരം സ്വന്തമാക്കിയത്.
ജപ്പാന് ജെ3 ക്ലബ്ബായ ഫുകുഷിമ യുണൈറ്റഡിന് (Fukushima United) വേണ്ടിയാണ് കസുയോഷി വലകുലുക്കിയത്. എംപറര് കപ്പില് (Emperor's Cup) ഇവാക്കി ഫുരുകാവക്കെതിരെയുള്ള മത്സരത്തിലായിരുന്നു താരത്തിന്റെ ചരിത്രനേട്ടം. മത്സരത്തില് എതിരില്ലാത്ത ഏഴ് ഗോളുകളുടെ തകര്പ്പന് വിജയമാണ് ഫുകുഷിമ സ്വന്തമാക്കിയത്. ഇതില് 52-ാം മിനിറ്റിലായിരുന്നു മിയൂറയുടെ ഗോള് പിറന്നത്. ഗോളടിക്കുമ്പോള്‍ 59 വയസും 149 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. നാല് വര്ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കസുയോഷി ഒരു ഔദ്യോഗിക മത്സരത്തില് ഗോള് നേടുന്നത്. 2022 നവംബറിന് ശേഷം താരത്തിന്റെ ആദ്യ ഗോളാണിത്.
42 വര്ഷം നീണ്ട സമാനതകളില്ലാത്ത കരിയർ
തന്റെ ഫുട്ബോള് കരിയറിലെ 42-ാം വര്ഷത്തിലൂടെയാണ് കസുയോഷി ഇപ്പോള് കടന്നുപോകുന്നത്. 1986-ല് ബ്രസീലിയന് ക്ലബ്ബായ സാന്റോസിലൂടെയാണ് (Santos) അദ്ദേഹം തന്റെ പ്രൊഫഷണല് കരിയര് ആരംഭിക്കുന്നത്. ബ്രസീല് മണ്ണില് തുടങ്ങിയ ആ ഫുട്ബോള് യാത്ര ഇറ്റലി (ജെനോവ), ക്രൊയേഷ്യ (ഡൈനാമോ സാഗ്രെബ്), ഓസ്ട്രേലിയ, പോര്ച്ചുഗല് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഇതാ ജപ്പാനില് എത്തിനില്ക്കുന്നു.
സാന്റോസിന് പുറമെ പാല്മീറസ്, കോറിടിബ, ടോക്കിയോ വെര്ഡി, വിസല് കോബെ, യോക്കോഹാമ എഫ്.സി തുടങ്ങി നിരവധി പ്രമുഖ ക്ലബ്ബുകള്ക്കായും താരം പന്ത് തട്ടിയിട്ടുണ്ട്. നിലവില് യോക്കോഹാമ എഫ്.സിയില് നിന്നും ലോണ് അടിസ്ഥാനത്തിലാണ് ഫുകുഷിമ യുണൈറ്റഡിനായി താരം കളിക്കുന്നത്.
ദേശീയ ടീമിനൊപ്പവും തിളങ്ങിയ താരം
ക്ലബ്ബ് ഫുട്ബോളിന് പുറമെ ജപ്പാന് ദേശീയ ടീമിനൊപ്പവും മികച്ച സംഭാവനകള് നല്കിയ താരമാണ് കസുയോഷി. ജപ്പാനായി 89 മത്സരങ്ങളില് നിന്ന് 55 ഗോളുകള് അദ്ദേഹം നേടിയിട്ടുണ്ട്. രാജ്യത്തിനായി ഏറ്റവും കൂടുതല് ഗോള് നേടിയ എക്കാലത്തെയും മികച്ച രണ്ടാമത്തെ താരമാണ് കസുയോഷി.
പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് കരിയറിലെ അഞ്ചാം ദശകത്തിലും ഫുട്ബോള് മൈതാനത്ത് തുടരുന്ന കസുയോഷി മിയൂറ, ഫുട്ബോള് പ്രേമികള്ക്ക് എക്കാലവും വലിയൊരു പ്രചോദനമാണ്.

