അലഹബാദ്: കേന്ദ്ര സർക്കാരിനെതിരെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് യുവജന കൂട്ടായ്മയായ 'കൊക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) സ്ഥാപകൻ അഭിജിത്ത് ദീപ്കക്കെതിരെ എൻ.ഐ.എ, ഇ.ഡി അന്വേഷണങ്ങള്‍ക്ക് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹരജി.
കർണാടകയില്‍ നിന്നുള്ള ബി.ജെ.പി പ്രവർത്തകനായ എസ്. വിഗ്നേഷ് ശിശിറാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയതും ഇതേ വ്യക്തിയായിരുന്നു.
കോടതി വിചാരണയ്ക്കിടെ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ചില പരാമർശങ്ങളോടുള്ള യുവാക്കളുടെ പ്രതികരണമായാണ് മെയ് 16-ന് ഈ ആക്ഷേപഹാസ്യ പ്രസ്ഥാനം ആരംഭിക്കുന്നത്. ഇന്ത്യയിലെ യുവാക്കളെല്ലാവരും മടിയന്മാരും എപ്പോഴും ഓണ്‍ലൈനില്‍ വെറുതെ സമയം പാഴാക്കുന്നവരുമാണ് എന്നായിരുന്നു പരാമർശം.
തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനെയാണ് കോക്രോച്ച് ജനതാ പാർട്ടി ഉടലെടുത്തത്. മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയായ 30-കാരൻ അഭിജീത് ദിപ്കെയാണ് ഈ 'പാറ്റ പാർട്ടി'യുടെ സ്ഥാപകൻ.
യുഎസിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പബ്ലിക് റിലേഷൻസില്‍ ബിരുദാനന്തര ബിരുദം നേടിയ അഭിജീത്, മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യല്‍ മീഡിയ ടീമില്‍ വളണ്ടിയറായി പ്രവർത്തിച്ചിട്ടുണ്ട്. ജസ്റ്റിസ് സൂര്യകാന്തിന്റെ 'പാറ്റ' പരാമർശത്തിന് പിന്നാലെ, എല്ലാ 'പാറ്റകള്‍ക്കുമായി' ഒരു പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുകയാണെന്ന് ദിപ്കെ പ്രഖ്യാപിക്കുകയായിരുന്നു.
ഇപ്പോള്‍ അഭിജിത്ത് ദീപ്ക രാജ്യവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് യുവാക്കളെ പ്രേരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ഹരജി നല്‍കിയിരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം പ്രഖ്യാപിക്കുന്നതിനൊപ്പം പാർട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ അടിയന്തരമായി റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
എക്സ് (ട്വിറ്റർ), ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളിലെ സി.ജെ.പിയുടെ അക്കൗണ്ടുകള്‍ ഉടൻ തന്നെ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ഐ.ടി മന്ത്രാലയത്തിന് അടിയന്തര ഉത്തരവ് നല്‍കണമെന്നാണ് ഹരജിക്കാരന്റെ പ്രധാന ആവശ്യം. ഹരജി വരും ദിവസങ്ങളില്‍ കോടതി പരിഗണിച്ചേക്കും.
A BJP worker who previously filed a legal petition against Congress leader Rahul Gandhi has now approached the court with a new petition, this time targeting the "CJP party"

