ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കരിദിനം ആചരിക്കാനും ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും എ.ഐ.സി.സി ആഹ്വാനം ചെയ്തു.
ജന്തർ മന്തറിലേക്ക് മാർച്ച് നടത്താനുള്ള ശ്രമത്തിനിടെയാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാരെ ഡല്‍ഹി പൊലീസ് തടഞ്ഞത്. തുടർന്ന് ഇരുവരെയും പൊലീസ് വാഹനത്തില്‍ കയറ്റി കസ്റ്റഡിയിലെടുത്തു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും വിട്ടയച്ചു.
വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത്. ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.

