Dailyhunt
രാഹുല്‍ ഗാന്ധിയുടെ പി.എ ചമഞ്ഞ് രാജ്യവ്യാപകമായി കോണ്‍ഗ്രസ് നേതാക്കളെ കബളിപ്പിച്ചു; ലക്ഷങ്ങളുടെ തട്ടിപ്പ്,  ഒടുവില്‍ വ്യാജ 'കനിഷ്ക് സിംഗ്' പിടിയില്‍

രാഹുല്‍ ഗാന്ധിയുടെ പി.എ ചമഞ്ഞ് രാജ്യവ്യാപകമായി കോണ്‍ഗ്രസ് നേതാക്കളെ കബളിപ്പിച്ചു; ലക്ഷങ്ങളുടെ തട്ടിപ്പ്, ഒടുവില്‍ വ്യാജ 'കനിഷ്ക് സിംഗ്' പിടിയില്‍

ഡെറാഡൂണ്‍: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറി ചമഞ്ഞ് രാജ്യവ്യാപകമായി കോണ്‍ഗ്രസ് നേതാക്കളെ കബളിപ്പിച്ച തട്ടിപ്പുവീരൻ അറസ്റ്റില്‍.

പഞ്ചാബിലെ അമൃത്സർ സ്വദേശിയായ ഗൗരവ് കുമാറിനെയാണ് ഉത്തരാഖണ്ഡ് പൊലിസ് പിടികൂടിയത്. പാർട്ടിയില്‍ ഉന്നത പദവികളും തെരഞ്ഞെടുപ്പ് ടിക്കറ്റും വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ ഇയാള്‍ തട്ടിയെടുത്തതായാണ് വിവരം.

കുടുങ്ങിയത് ഉത്തരാഖണ്ഡ് നേതാവിന്റെ പരാതിയില്‍

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതാവ് ഭാവന പാണ്ഡെ നല്‍കിയ പരാതിയിലാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. രാഹുല്‍ ഗാന്ധിയുടെ പി.എ ആയ കനിഷ്ക് സിംഗ് എന്ന് പരിചയപ്പെടുത്തിയാണ് ഗൗരവ് ഇവരെ സമീപിച്ചത്. ഉത്തരാഖണ്ഡില്‍ പാർട്ടിയില്‍ സുപ്രധാന പദവി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ ഇയാള്‍ കൈക്കലാക്കി. പണം നല്‍കിയിട്ടും പദവി ലഭിക്കാതെ വന്നതോടെ സംശയം തോന്നിയ ഭാവന പാണ്ഡെ പൊലിസിനെ സമീപിക്കുകയായിരുന്നു.

മുതിർന്ന നേതാക്കളുടെ ശബ്ദം അനുകരിക്കും; ട്രൂകോളറിലും ചതി

വളരെ ആസൂത്രിതമായാണ് ഗൗരവ് കുമാർ തട്ടിപ്പ് നടത്തിയിരുന്നത്. നേതാക്കളുടെ വിശ്വാസം നേടിയെടുക്കാൻ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ ശബ്ദം ഫോണിലൂടെ അനുകരിക്കാറുള്ളതായും പൊലിസ് പറഞ്ഞു.

2003 മുതല്‍ 2015 വരെ രാഹുല്‍ ഗാന്ധിയുടെ പി.എ ആയിരുന്ന കനിഷ്ക് സിംഗിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച പ്രതി, ഇതേ പേരില്‍ വ്യാജ 'ട്രൂകോളർ' ഐ.ഡി നിർമ്മിച്ചാണ് നേതാക്കളെ വിളിച്ചിരുന്നത്.പാർട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന രണ്ടാം നിര നേതാക്കളെയാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്.

തട്ടിപ്പ് പല സംസ്ഥാനങ്ങളില്‍

ഉത്തരാഖണ്ഡ് കൂടാതെ മധ്യപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇയാള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചിരുന്നു. ഗൗരവ് കുമാറിന് പിന്നില്‍ മറ്റ് സംഘങ്ങളുണ്ടോ എന്ന് പൊലിസ് പരിശോധിച്ചു വരികയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham