ദുബൈ: അറബ് ലോകത്ത് ഏറെ മൂല്യമുള്ള സുഗന്ധദ്രവ്യമായ ഊദ് വാങ്ങാനെന്ന വ്യാജേന രാജകുമാരിയായി ആള്‍മാറാട്ടം നടത്തി 12 മില്യണ്‍ (1.2 കോടി) ദിർഹത്തിന്റെ ഊദ് കവർന്ന അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തെ പിടികൂടി ദുബൈ പൊലിസ്.
ഒരു സ്ത്രീ ഉള്‍പ്പെടെ എട്ട് പേരടങ്ങുന്ന സംഘത്തെയാണ് പരാതി ലഭിച്ച് വെറും 12 മണിക്കൂറിനുള്ളില്‍ പൊലിസ് അഴിക്കുള്ളിലാക്കിയത്. സിനിമാക്കഥകളെ വെല്ലുന്ന രീതിയിലായിരുന്നു പ്രതികള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്.
സംഘത്തിലെ രണ്ട് പ്രതികള്‍ ആദ്യം ദുബൈയിലെ പ്രമുഖ ഊദ് വ്യാപാര സ്ഥാപനത്തിലെത്തി തങ്ങള്‍ക്ക് പരിചയമുള്ള ഒരു രാജകുമാരിക്ക് അപൂർവവും അതിആഡംബരവുമായ ഊദ് വേണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് വ്യാപാരി വലിയ തുക മൂല്യമുള്ള ഊദ് ശേഖരം തയ്യാറാക്കുകയും പ്രതികളെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് രാജകുമാരിയെ നേരിട്ട് കണ്ട് കച്ചവടം ഉറപ്പിക്കാനായി വ്യാപാരിയെ പ്രതികള്‍ ക്ഷണിക്കുകയായിരുന്നു.
വ്യാപാരിയെ വിശ്വസിപ്പിക്കുന്നതിനായി വൻ സുരക്ഷാ സജ്ജീകരണങ്ങളും അംഗരക്ഷകരുമുള്ള ഒരു ആഡംബര വില്ലയിലാണ് സംഘം കൂടിക്കാഴ്ചയൊരുക്കിയത്. വില്ലയിലെത്തിയ വ്യാപാരിക്ക് രാജകീയ സ്വീകരണമാണ് ഇവർ നല്‍കിയത്. തുടർന്ന് രാജകുമാരിയായി വേഷമിട്ട സ്ത്രീയുടെ മുന്നിലേക്ക് ഊദ് അടങ്ങിയ ബാഗുകള്‍ എത്തിച്ചു. എന്നാല്‍ പരിശോധനയുടെ ഭാഗമായി വ്യാപാരിയെ വില്ലയിലെ മറ്റൊരു മുറിയില്‍ അല്പം സമയം കാത്തിരുത്തിയ സംഘം, ഈ സമയം കൊണ്ട് ബാഗിലിരുന്ന യഥാർത്ഥ ഊദ് മാറ്റി പകരം സാധാരണ മരക്കഷണങ്ങള്‍ നിറയ്ക്കുകയായിരുന്നു.
അടുത്ത ദിവസം വ്യാപാരി ഇവരെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികളുടെ ഫോണുകളെല്ലാം ഓഫായിരുന്നു. താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെ വ്യാപാരി ഉടൻ തന്നെ ദുബൈ പൊലിസില്‍ വിവരമറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ച പൊലിസ് കൃത്യമായ പ്ലാനിംഗിലൂടെ 12 മണിക്കൂറിനുള്ളില്‍ തന്നെ സംഘത്തിലെ നാല് പ്രതികളെ വലയിലാക്കി. ഒളിവില്‍ പോയ ബാക്കി നാല് പേർക്കായി റെഡ് നോട്ടീസ് പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കകം അവരെയും പൊലിസ് സംഘം പിടികൂടുകയായിരുന്നു. കവർച്ച ചെയ്യപ്പെട്ട പ്രതികളില്‍ നിന്ന് മുഴുവൻ ഊതും പൊലിസ് വീണ്ടെടുത്തിട്ടുണ്ട്.
Dubai Police arrested a fraud gang within 12 hours after members allegedly impersonated a princess and stole oud products worth Dh12 million in a sophisticated scam.

