കണ്ണൂർ: തെറ്റുതിരുത്തിയാല്‍ ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയില്‍ തിരികെ വരാമെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജന്റെ പ്രസ്താവന, അടുത്തവർഷം ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകള്‍ നഷ്ടമാകുമെന്ന ഭയത്താലെന്ന് സൂചന.
പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം.വി രാഘവനെയും കെ.ആർ ഗൗരിയമ്മയെയും അവസാനകാലം സ്വീകരിച്ചിട്ടുണ്ടെന്നും നയപരമായ തെറ്റുപറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തില്ലെന്നും കഴിഞ്ഞദിവസം പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം.വി ജയരാജൻ വ്യക്തമാക്കിയത്. രാജ്യസഭയിലെ സി.പി.എം പ്രതിനിധികളായ ജോണ്‍ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ എന്നിവരുടെ കാലാവധി അടുത്തവർഷം ഏപ്രിലില്‍ അവസാനിക്കും. ഇവരുടേതുള്‍പ്പെടെ മൂന്ന് ഒഴിവുകളിലേക്ക് അടുത്തവർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കും.
നിലവിലെ സാഹചര്യത്തില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ നിയമസഭയിലെ 36 അംഗങ്ങളുടെ പിന്തുണ വേണം. 102 അംഗങ്ങളുള്ള യു.ഡി.എഫിന് രണ്ടുപേരെ ജയിപ്പിക്കാൻ നിഷ്പ്രയാസം കഴിയും. എന്നാല്‍ 35 അംഗങ്ങളുള്ള എല്‍.ഡി.എഫിന് ഒരു സീറ്റിലെങ്കിലും ജയിക്കാൻ മുന്നണിക്കുപുറത്തുള്ള ഒരാളുടെയെങ്കിലും പിന്തുണ വേണം. രാജ്യസഭയില്‍ ഒരംഗത്തെപോലും അയക്കാൻ കഴിഞ്ഞില്ലെങ്കില്‍ സി.പി.എമ്മിന് അത് ചരിത്രപരമായ ക്ഷീണമാകും. ഈ സാഹചര്യത്തിലാണ് തളിപ്പറമ്പ് എം.എല്‍.എ ടി.കെ ഗോവിന്ദൻ, പയ്യന്നൂർ എം.എല്‍.എ വി. കുഞ്ഞികൃഷ്ണൻ എന്നിവരെ തിരികെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമം എം.വി ജയരാജൻ വഴി ആരംഭിച്ചത്. പാർട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ ആശീർവാദത്തോടെയാണ് ഈ നീക്കമെന്നും സൂചനയുണ്ട്. നിയമസഭയിലെ ഭൂരിപക്ഷമില്ലായ്മ പാർലമെന്റിന്റെ ഉപരിസഭയില്‍ സാന്നിധ്യം ഇല്ലാതാക്കുമെന്നതാണ് സി.പി.എം നേരിടുന്ന വലിയ പ്രതിസന്ധി.

