Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രോഹിത്തിനെ തള്ളി കോഹ്‌ലി, മെസ്സിയെ അനുകൂലിച്ച്‌ കുല്‍ദീപ്! ഇന്ത്യൻ ക്രിക്കറ്റിലെ കട്ട ഫുട്ബോള്‍ ആരാധകര്‍ ഇതാ...

രോഹിത്തിനെ തള്ളി കോഹ്‌ലി, മെസ്സിയെ അനുകൂലിച്ച്‌ കുല്‍ദീപ്! ഇന്ത്യൻ ക്രിക്കറ്റിലെ കട്ട ഫുട്ബോള്‍ ആരാധകര്‍ ഇതാ...

മുംബൈ: ഐപിഎല്‍ 2026 ആവേശകരമായ ഫൈനല്‍ പോരാട്ടങ്ങളിലേക്ക് അടുക്കുകയാണ്. എന്നാല്‍ ഐപിഎല്‍ പൂരം കഴിയുന്നതോടെ കായികലോകം ഉറ്റുനോക്കുന്നത് ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി അരങ്ങേറുന്ന ഫിഫ ലോകകപ്പിലേക്കാണ്.

ഇന്ത്യയിലെ കോടിക്കണക്കിന് ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം നമ്മുടെ ക്രിക്കറ്റ് താരങ്ങളും വലിയ ആവേശത്തോടെയാണ് ലോകകപ്പിനായി കാത്തിരിക്കുന്നത്.

ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ ഫുട്ബോള്‍ പ്രേമം പ്രശസ്തമാണ്. വിദേശ പര്യടനങ്ങളിലെ മത്സരത്തിന് മുമ്പുള്ള വാം-അപ്പ് സെഷനുകളായാലും സോഷ്യല്‍ മീഡിയ പോസ്റ്റുകളായാലും ടീം ഇന്ത്യയുടെ ഫുട്ബോള്‍ കമ്പം പലപ്പോഴും ചർച്ചയാകാറുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളുടെ ഫുട്ബോള്‍ ഇഷ്ടങ്ങള്‍ എങ്ങനെയൊക്കെയാണെന്ന് നോക്കാം:

വിരാട് കോഹ്ലി: റൊണാള്‍ഡോയുടെ കട്ട ഫാൻ!

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടുള്ള വിരാട് കോഹ്ലിയുടെ ആരാധന പരസ്യമാണ്. റൊണാള്‍ഡോയുടെ കടുത്ത അച്ചടക്കം, ഫിറ്റ്നസ്, കരിയറിലെ ദീർഘായുസ്സ് എന്നിവയെ കോഹ്ലി പലപ്പോഴും മാതൃകയാക്കാറുണ്ട്. റൊണാള്‍ഡോ കളിച്ച ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, അല്‍ നാസർ എന്നിവയോടൊക്കെ കോഹ്ലിക്ക് പ്രത്യേക താല്പര്യമുണ്ട്. സമീപകാലത്ത് മാഞ്ചസ്റ്റർ സിറ്റിയെയും കോഹ്ലി പിന്തുണയ്ക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമില്‍ 273 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള കോഹ്ലി, ഫുട്ബോളിലെ ഇൻസ്റ്റാ രാജാവായ റൊണാള്‍ഡോയുടെ വലിയ സുഹൃത്ത് കൂടിയാണ്.

രോഹിത് ശർമ്മ: റയല്‍ മാഡ്രിഡിന്റെ വിശ്വസ്തൻ

കോഹ്ലി റൊണാള്‍ഡോയെ പിന്തുണയ്ക്കുമ്പോള്‍ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഹൃദയം സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിനൊപ്പമാണ്. ഇന്ത്യയിലെ ലാ ലിഗയുടെ ഔദ്യോഗിക അംബാസഡർ കൂടിയാണ് രോഹിത്. അതുകൊണ്ടുതന്നെ കോഹ്ലി-രോഹിത് ആരാധകർക്കിടയിലെ തർക്കങ്ങള്‍ പലപ്പോഴും മെസ്സി-റൊണാള്‍ഡോ പോര് പോലെ ഫുട്ബോളിലേക്കും നീളാറുണ്ട്.

എം.എസ്. ധോണി: ഗ്ലൗസ് അണിഞ്ഞ പഴയ ഗോള്‍കീപ്പർ

ക്രിക്കറ്റിലേക്ക് എത്തുന്നതിന് മുൻപ് സ്കൂള്‍ തലത്തില്‍ ധോണി ഒരു മികച്ച ഫുട്ബോള്‍ ഗോള്‍കീപ്പറായിരുന്നു. ആ പരിചയസമ്പത്താണ് ധോണിയെ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർമാരില്‍ ഒരാളാക്കിയത്. ചെന്നൈ സൂപ്പർ കിംഗ്സിനെ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെപ്പോലെ കാണാൻ ആഗ്രഹിക്കുന്ന ധോണി, ഐഎസ്‌എല്ലില്‍ ചെന്നൈയിൻ എഫ്സിയുടെ സഹ ഉടമ കൂടിയാണ്.

കുല്‍ദീപ് യാദവ്: ഫുട്ബോളിനായി സ്വന്തം യൂട്യൂബ് ചാനല്‍!

ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ ഫുട്ബോള്‍ ഭ്രാന്തൻ ഒരുപക്ഷേ കുല്‍ദീപ് യാദവായിരിക്കും. ഫുട്ബോള്‍ ചർച്ചകള്‍ക്കായി താരം സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ പോലും നടത്തുന്നുണ്ട്. "ക്രിക്കറ്റ് എന്റെ ജോലിയാണ്, ഫുട്ബോള്‍ എന്റെ ലഹരിയാണ്" എന്നാണ് കുല്‍ദീപ് സ്വയം വിശേഷിപ്പിക്കുന്നത്. എഫ്സി ബാഴ്സലോണ, ബ്രസീല്‍, നെയ്മർ എന്നിവരുടെ കടുത്ത ആരാധകനായ കുല്‍ദീപ്, മെസ്സി-റൊണാള്‍ഡോ ചർച്ചകളില്‍ ലയണല്‍ മെസ്സിക്കൊപ്പമാണ്. ഇതിന്റെ പേരില്‍ കോഹ്ലിയുമായി കുല്‍ദീപ് പലപ്പോഴും സൗഹൃദ സംവാദങ്ങളില്‍ ഏർപ്പെടാറുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 'റെഡ് ഡെവിള്‍സ്' കൂട്ടം

ഇന്ത്യൻ ടീമില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയൊരു ആരാധകപ്പട തന്നെയുണ്ട്. മുൻ ഓള്‍റൗണ്ടർ യുവരാജ് സിംഗ് വളരെക്കാലമായി യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ്. പേസ് ബൗളർ ജസ്പ്രീത് ബുംറയും യുണൈറ്റഡ് ഫാനാണ്. ഭാര്യ സഞ്ജനയ്ക്കൊപ്പം യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോർഡ് ബുംറ സന്ദർശിച്ചിട്ടുമുണ്ട്. മുഹമ്മദ് സിറാജും റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണ്. വിക്കറ്റ് നേട്ടത്തിന് ശേഷം സിറാജ് നടത്തുന്ന 'SIU' ആഘോഷം ക്രിക്കറ്റ് മൈതാനങ്ങളില്‍ ഏറെ പ്രശസ്തമാണ്.

മറ്റ് താരങ്ങളുടെ ഇഷ്ടങ്ങള്‍:

  • ഋഷഭ് പന്ത്: ലിവർപൂള്‍ എഫ്സിയുടെ വലിയ ആരാധകനായ പന്ത്, ക്ലബ്ബിന്റെ ജേഴ്സി ധരിച്ചുള്ള ചിത്രങ്ങള്‍ പലപ്പോഴും പങ്കുവെക്കാറുണ്ട്.
  • കെ എല്‍ രാഹുല്‍: കുട്ടിക്കാലത്ത് ഫുട്ബോള്‍ കളിക്കാരനാകാൻ ആഗ്രഹിച്ച രാഹുല്‍, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ആഴ്സണല്‍ എഫ്സിയുടെ കടുത്ത ആരാധകനാണ്.
  • രാഹുല്‍ ദ്രാവിഡ്: ആഴ്സണലിന്റെയും അവരുടെ ഇതിഹാസ മാനേജർ ആഴ്സൻ വെംഗറുടെയും തത്ത്വചിന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വ്യക്തിയാണ് മുൻ കോച്ച്‌ ദ്രാവിഡ്.
  • സൗരവ് ഗാംഗുലി: കൊല്‍ക്കത്തയുടെ ഫുട്ബോള്‍ പാരമ്പര്യമുള്ള ഗാംഗുലി മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ആരാധകനാണ്.
  • സച്ചിൻ ടെണ്ടുല്‍ക്കർ: ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ സഹ ഉടമയായിരുന്ന സച്ചിൻ പ്രീമിയർ ലീഗ് മത്സരങ്ങള്‍ കൃത്യമായി നിരീക്ഷിക്കാറുണ്ട്. കാർഗില്‍ യുദ്ധ ഫണ്ട് ശേഖരണത്തിനായി നടന്ന ചാരിറ്റി ഫുട്ബോള്‍ മത്സരത്തില്‍ ബോളിവുഡ് താരങ്ങള്‍ക്കെതിരെ സച്ചിൻ ക്രിക്കറ്റ് ടീമിനായി ഗോള്‍ നേടിയിട്ടുമുണ്ട്.

ഫിഫ ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, വരും ദിവസങ്ങളില്‍ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലും വാശിയേറിയ ഫുട്ബോള്‍ ചർച്ചകളും പ്രവചനങ്ങളും സജീവമാകുമെന്ന് ഉറപ്പാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham