പാലക്കാട്: സംസ്ഥാനത്ത് വേനല്‍മഴയും ശക്തമായ കാറ്റും സംഹാരതാണ്ഡവമാടുന്നു. അട്ടപ്പാടിയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് യുവതി മരിച്ചു.
കല്‍ക്കണ്ടി സ്വദേശിനി സോണിയ (35) ആണ് മരിച്ചത്. അട്ടപ്പാടി ചെമ്മണ്ണൂരില്‍ വെച്ചായിരുന്നു ദുരന്തം. കനത്ത മഴയില്‍ യാത്ര ചെയ്യുന്നതിനിടെ സമീപത്തെ മരം ഒടിഞ്ഞ് ഓട്ടോയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
ഇടുക്കിയിലും കോഴിക്കോട്ടും വൻ നാശനഷ്ടങ്ങള്‍
പാലക്കാടിന് പുറമെ ഇടുക്കി, കോഴിക്കോട് ജില്ലകളിലും പ്രകൃതിക്ഷോഭം കനത്ത നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്.
ഇടുക്കി, തൊടുപുഴയില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ ഗോഡൗണിന്റെ മേല്‍ക്കൂര പൂർണ്ണമായും തകർന്നു. ചുങ്കം സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഷീറ്റുകളാണ് കാറ്റില്‍ പറന്നുപോയത്. വണ്ടിപ്പെരിയാർ പാറമട ഭാഗത്ത് മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകർന്നു. ഗതാഗത തടസ്സത്തിനൊപ്പം പ്രദേശത്തെ വൈദ്യുതി ബന്ധവും പൂർണ്ണമായും നിലച്ചിരിക്കുകയാണ്.
കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയില്‍ മഴ അതിശക്തമാണ്. മുക്കം, തിരുവമ്പാടി, കൊടിയത്തൂർ, കാരശ്ശേരി, ഓമശ്ശേരി, കൂടരഞ്ഞി തുടങ്ങിയ ഇടങ്ങളില്‍ കനത്ത കാറ്റും മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണത് ജനജീവിതത്തെ ബാധിച്ചു.
ജാഗ്രതാ നിർദ്ദേശം
വരും മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ മലയോര മേഖലയില്‍ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റുള്ള സമയങ്ങളില്‍ മരങ്ങള്‍ക്കും വൈദ്യുത പോസ്റ്റുകള്‍ക്കും താഴെ നില്‍ക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
Several parts of Kerala witnessed heavy summer rains and strong winds today. In a tragic accident at Attappadi, a young woman lost her life after a tree uprooted and fell onto a moving auto-rickshaw.

