Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സാങ്കേതിക പിഴവ്: സിബിഎസ്‌ഇ പുനര്‍മൂല്യനിര്‍ണ്ണയ തീയതി നീട്ടി; ജൂണ്‍ 1 മുതല്‍ അപേക്ഷിക്കാം

സാങ്കേതിക പിഴവ്: സിബിഎസ്‌ഇ പുനര്‍മൂല്യനിര്‍ണ്ണയ തീയതി നീട്ടി; ജൂണ്‍ 1 മുതല്‍ അപേക്ഷിക്കാം

ന്യൂഡല്‍ഹി: സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് സിബിഎസ്‌ഇ പ്ലസ്ടു പുനർമൂല്യനിർണ്ണയത്തിനുള്ള (Revaluation) അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി.

പുതുക്കിയ അറിയിപ്പ് പ്രകാരം ജൂണ്‍ ഒന്ന് മുതല്‍ വിദ്യാർഥികള്‍ക്ക് അപേക്ഷകള്‍ സമർപ്പിച്ചു തുടങ്ങാം.

മേയ് 26 മുതല്‍ 29 വരെ അപേക്ഷിക്കാമെന്നായിരുന്നു സിബിഎസ്‌ഇ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ വെബ്സൈറ്റിലെ സാങ്കേതിക തകരാറുകള്‍ മൂലം തീയതി മാറ്റുകയായിരുന്നു. പുനർമൂല്യനിർണ്ണയത്തിനുള്ള ഔദ്യോഗിക വെബ്സൈറ്റ് ജൂണ്‍ 1 മുതല്‍ പൂർണ്ണസജ്ജമാകുമെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി.

സിബിഎസ്‌ഇ പരീക്ഷാ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച വരുത്തിയ 'കോംപ്റ്റ്' (COEMPT) കമ്പനിക്കെതിരെ കടുത്ത നടപടിക്ക് ബോർഡ് ഒരുങ്ങുന്നു. ഡിജിറ്റല്‍ മൂല്യനിർണ്ണയത്തിനായുള്ള ഒഎസ്‌എം (OSM - On-Screen Marking) സംവിധാനം നടപ്പാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ട സാഹചര്യത്തിലാണ് പിഴ ചുമത്താൻ തീരുമാനിച്ചത്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോംപ്റ്റ് എജ്യുടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കായിരുന്നു ഒഎസ്‌എം ചുമതല. എന്നാല്‍ ഉത്തരക്കടലാസുകള്‍ സ്കാൻ ചെയ്തതില്‍ വ്യാപകമായ അപാകതകളാണ് കണ്ടെത്തിയത്.

വ്യക്തതയില്ലാതെ സ്കാൻ ചെയ്ത അയ്യായിരത്തോളം ഉത്തരക്കടലാസുകള്‍ സിബിഎസ്‌ഇ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാറിപ്പോയ ഉത്തരക്കടലാസുകള്‍ തിരുത്തി 23 വിദ്യാർത്ഥികള്‍ക്ക് യഥാർത്ഥ കോപ്പികള്‍ നല്‍കേണ്ടി വന്നു.

കമ്പനിയുടെ വീഴ്ച പരീക്ഷാഫലത്തെത്തന്നെ ബാധിച്ചതായി കേന്ദ്രമന്ത്രി സമ്മതിച്ചതോടെ, നഷ്ടം പരിഹരിക്കാൻ പുനർമൂല്യനിർണ്ണയത്തില്‍ ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

വിവാദ കമ്പനിക്ക് കരാർ നല്‍കിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പോരും ശക്തമായിട്ടുണ്ട്. തെലങ്കാന സർക്കാർ മുൻപ് കരിമ്പട്ടികയില്‍ പെടുത്തിയ സ്ഥാപനത്തിന് സിബിഎസ്‌ഇ കരാർ നല്‍കിയതില്‍ വലിയ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.

മുൻപ് ‘ഗ്ലോബറീന ടെക്നോളജീസ്’ എന്ന പേരില്‍ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തെ, 2019-ല്‍ പ്ലസ് ടു പരീക്ഷാ ഫലങ്ങളിലെ വ്യാപകമായ പൊരുത്തക്കേടുകളെ തുടർന്നാണ് തെലങ്കാന സർക്കാർ കരിമ്പട്ടികയിലുള്‍പ്പെടുത്തിയത്.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. നിലവില്‍ തെലങ്കാന, കർണാടക സർക്കാരുകള്‍ക്ക് ഈ കമ്പനിയുമായി കരാറുണ്ടെന്നും, വിവാദ കമ്പനിയാണെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തിനാണ് കരാർ നല്‍കിയതെന്നും ബിജെപി മറുചോദ്യമുന്നയിക്കുന്നു.

വീഴ്ച മറയ്ക്കാൻ 'റീല്‍സ്'

പരീക്ഷാഫലത്തിലെ പിഴവുകള്‍ കാരണം സിബിഎസ്‌ഇ പ്രതിരോധത്തിലായിരിക്കെ, ഒഎസ്‌എം സംവിധാനത്തെ പുകഴ്ത്തി സോഷ്യല്‍ മീഡിയയില്‍ വീഡിയോകളും റീലുകളും പോസ്റ്റ് ചെയ്യാൻ സ്കൂളുകള്‍ക്ക് നിർദ്ദേശം നല്‍കിയത് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

വിവിധ സ്കൂള്‍ പ്രിൻസിപ്പല്‍മാർക്കാണ് സിബിഎസ്‌ഇ റീജിയണല്‍ ഓഫീസുകളില്‍ നിന്ന് ഇതുസംബന്ധിച്ച നിർദ്ദേശം ലഭിച്ചത്. റീല്‍സ് ചെയ്യേണ്ട തീയതിയും സ്ക്രിപ്റ്റും അടങ്ങുന്ന പ്രത്യേക 'ടൂള്‍ കിറ്റ്' സഹിതമാണ് അധികൃതർ സ്കൂളുകളെ സമീപിച്ചിരിക്കുന്നത്. പിഴവുകള്‍ മൂടിവെക്കാൻ സ്കൂളുകളെ ഉപയോഗിച്ച്‌ പിആർ വർക്ക് നടത്താനുള്ള ബോർഡിന്റെ നീക്കത്തിനെതിരെ അധ്യാപകരും വിദ്യാർഥി സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

due to a technical glitch on the official website, the central board of secondary education (cbse) has extended the deadline for the marks revaluation process. students who wish to apply for verification or revaluation of their exam papers can now submit their applications online starting from june 1.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham