Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സര്‍വിസില്‍ തിരിച്ചുവന്നിട്ടും ചട്ടലംഘനം തുടര്‍ന്ന് അനില്‍ മുഹമ്മദ്

സര്‍വിസില്‍ തിരിച്ചുവന്നിട്ടും ചട്ടലംഘനം തുടര്‍ന്ന് അനില്‍ മുഹമ്മദ്

കൊല്ലം: മതസ്പർധ വളർത്തുന്ന വിഡിയോയകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന കൊല്ലം കെ.എം.എം.എല്‍ മിനറല്‍ സെപ്പറേഷൻ യൂനിറ്റിലെ കമ്മ്യൂണിറ്റി ആൻഡ് പബ്ലിക് റിലേഷൻസ് മാനേജർ അനില്‍ മുഹമ്മദ് സർവിസില്‍ തിരിച്ചു വന്നിട്ടും ഗുരുതരമായ ചട്ടലംഘനം തുടരുന്നു.

'ജങ്ഷൻ ഹാക്ക്' എന്ന സ്വന്തം യൂടൂബ് ചാനലിലൂടെയാണ് ചട്ടലംഘനം തുടരുന്നത്.

കെ.എം.എം.എല്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ സി.ഡി.എ റൂള്‍ (8) പ്രകാരം സമൂഹമാധ്യമങ്ങളില്‍ വിഡിയോകള്‍ ചെയ്യുന്നതിന് ജീവനക്കാർ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. അതിന്റെ ഉള്ളടക്കം പരിശോധിച്ച്‌ മാത്രമേ അനുമതി നല്‍കാൻ പാടുള്ളൂ എന്നുമിരിക്കേയാണ് ഇതെല്ലാം കാറ്റില്‍പ്പറത്തയുള്ള അനില്‍ മുഹമ്മദിൻ്റെ വെല്ലുവിളി. കമ്പനിയുടെ സി.ഡി.എ റൂളിന്റെ (4.2), (8), (8.1), (8.2) എന്നിവയുടെ പൂർണമായ ലംഘനമാണ് അനില്‍ മുഹമ്മദ് വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.

സർക്കാർ ജീവനക്കാരൻ പ്രതിഫലം പറ്റുന്ന മറ്റു ജോലികള്‍ ചെയ്യരുതെന്നാണ് ചട്ടം. എന്നാല്‍ അനില്‍ മുഹമ്മദിന് അതും ബാധകമല്ല. സ്വന്തം യൂട്യൂബ് ചാനല്‍ നടത്തിയും ഒരു കമ്മ്യൂണിറ്റി റേഡിയോയുടെ എക്സിക്യുട്ടീവ് പദവിയിലിരുന്നും ഇയാള്‍ വരുമാനം കൈപ്പറ്റി കൊണ്ടിരിക്കുകയാണ്. ഇതും ഉദ്യോഗസ്ഥരുടെ പെരുമാറ്റചട്ടത്തിൻ്റെ ഗുരുതര ലംഘനമാണ്.

2024ല്‍ കൊല്ലം ബിഷപ് പോള്‍ ആന്റണി മുല്ലശേരി നല്‍കിയ പരാതി അന്വേഷിച്ച വ്യസായ വകുപ്പ്, ഗുരുതരമായ കുറ്റം കണ്ടെത്തിയതിനെ തുടർന്നാണ് അനില്‍ മുഹമ്മദിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലയളവിലും ചട്ടലംഘനം തുടർന്നുവെങ്കിലും ആഭ്യന്തര അന്വേഷണ കമ്മിഷൻ അത് കണ്ടില്ലെന്ന് നടിച്ചു. ഉന്നതങ്ങളിലെ സംരക്ഷണ കവചം മറയാക്കിയാണ് സർവിസില്‍ തിരിച്ചുവന്നിട്ടും ഇയാള്‍ ചട്ടലംഘനം തുടരുന്നത്. മന്ത്രിമാർ ഉള്‍പ്പെടെയുള്ള ഉന്നതരെ സ്വാധീനിച്ച്‌ കെ.എം.എം.എല്ലില്‍ എം.ഡി സ്ഥാനത്തും മറ്റ് പ്രധാനപ്പെട്ട തസ്തികളിലുമെല്ലാം ഇഷ്ടക്കാരെ തിരുകിക്കയറ്റിയ ശേഷമാണ് അനില്‍ മുഹമ്മദിൻ്റെ ഇത്തരം നടപടികള്‍.

വ്യവസായ വകുപ്പ് നേരത്തെ ഇയാളെ പിരിച്ചുവിടാനാണ് ശുപാർശ ചെയ്തിരുന്നത്. എന്നാല്‍ യു.ഡി.എഫ് സർക്കാർ അധികാരത്തില്‍ വന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ അനില്‍ മുഹമ്മദിന് ക്ലീൻചീറ്റ് നല്‍കി തിരിച്ചെടുത്ത് സ്ഥാനക്കയറ്റം നല്‍ക്കുകയായിരുന്നു. 2024 നവംബർ 20നാണ് കൊല്ലം ബിഷപ് പോള്‍ ആന്റണി മുല്ലശേരി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുന്നത്. കാത്തലിക് സഭയെയും ബിഷപ്പിനെയും മറ്റും അപകീർത്തികരമായി ചിത്രീകരിക്കുകയും വർഗീയ ലഹള ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു പരാതി.

അനില്‍ മുഹമ്മദിന് ചട്ടം വഴിമാറും

ജീവനക്കാർ മുൻകൂർ അനുമതിയില്ലാതെ സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയോ, അപകീർത്തികരമായ വിഡിയോകള്‍ ചെയ്യുകയോ വ്യക്തി അധിക്ഷേപം നടത്തുകയോ പാടില്ലെന്നാണ് സർക്കാർ ഉദ്യോഗസ്ഥർക്കായുള്ള പെരുമാറ്റച്ചട്ടത്തില്‍ പറയുന്നത്. ഒരു ജീവനക്കാരനും തന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഏതെങ്കിലും ഉന്നത അധികാരിയെ നിർദേശിക്കുകയോ രാഷ്ട്രീയമോ മറ്റ് ബാഹ്യമോ ആയ സ്വാധീനം ചെലുത്താൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് ചട്ടം 82ല്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിന് പുല്ലുവില കല്‍പിച്ചാണ് അനില്‍ മുഹമ്മദ് വിഡിയോകള്‍ പങ്കുവയ്ക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham