ദമാം: വ്യത്യസ്ത കേസുകളിലായി മലയാളികളടക്കം ജയില്‍ തടവുകാരുടെ അംഗസംഖ്യ ദൗർഭാഗ്യകരമായി വർദ്ധിക്കുന്നു. സഊദി ഗവണ്മെൻ്റിൻ്റെ കർശനമായ നിയമങ്ങളുണ്ടായിട്ടും ഇവയൊന്നും വകവെക്കാതെ നിയമത്തെ മറി കടന്നും കുറുക്കുവഴികളിലൂടെ പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാമെന്ന വ്യാമോഹങ്ങളുമാണ് പലരും പിടിയിലാവുന്നത്.
മദ്യവാറ്റ് വില്‍പന, മദ്യ ഉപയോഗം, മയക്കുമരുന്ന് വില്‍പനയും ഉപയോഗവും, ബേങ്ക് എക്കൗണ്ടില്‍ ആവശ്യമായ തുകയില്ലാതെ ചെക്ക് നല്‍കല്‍, കളവ്, സാമ്പത്തിക ഇടപാട്, രേഖകളില്‍ കൃത്രിമം കാണിക്കല്‍, ലൈംഗികാധിക്രമം, നിരോധിത മേഖലകളില്‍ മീൻ പിടുത്തം ഇങ്ങനെ വ്യത്യസ്ത കേസുകളില്‍ പെട്ട നൂറ്റിപത്തൊമ്പതോളം ഇന്ത്യക്കാരാണ് കിഴക്കൻ സഊദിയിലെ വ്യാവസായിക നഗരിയായ ജുബൈലിലെ ജയിലില്‍ മാത്രം കഴിയുന്നത്.
ഇതില്‍ അൻപത് ശതമാനത്തോളം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട തടവുകാരാണെന്നത് ഏറെ ഞെട്ടിക്കുന്നത്. മയക്കുമരുന്ന് കേസുകള്‍ക്ക് വധശിക്ഷയടക്കം അതി കഠിന ശിക്ഷകളാണെന്ന് അറിഞ്ഞിട്ടും അതില്‍ പോയി തല വെക്കുന്നതില്‍ മലയാളികളും ഉണ്ടെന്നത് ഞെട്ടിക്കുന്നതാണ്. രാജ്യ താല്പര്യത്തിന് വിരുദ്ധമായി പലരും നിസ്സാരമായി കണ്ട് നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ പെട്ട് പിടി വീഴുമ്പോഴാണ് അപകടാവസ്ഥ മനസിലാവുന്നത്.
കുടുംബ സംരക്ഷണത്തിന്നായി വന്ന ആരും തന്നെ ഇത്തരം നിയമവിരുദ്ധ കൃത്യങ്ങളില്‍ പെടാതിരിക്കാനുള്ള ജാഗ്രതയോടെ രാജ്യത്തിൻ്റെ നിയമങ്ങള്‍പാലിക്കല്‍ സുരക്ഷയുടെ ഭാഗമാണെന്ന് പ്രവാസികള്‍ ഇനിയെങ്കിലും ഗൗരവത്തോടെ മനസിലാക്കേണ്ടതുണ്ട്. ഇങ്ങനെ തടവിലാവുന്നവരുടെ നാട്ടിലെ കുടുംബങ്ങളും കാര്യങ്ങളുടെ വ്യക്തതയറിയാതെ അവരും മാനസിക പ്രയാസങ്ങളനുഭവിക്കേണ്ട അവസ്ഥയും ദൗർഭാഗ്യകരമാണ്. വർഷത്തിലൊരിക്കല്‍ പെയ്തിറങ്ങുന്ന രാജകാരുണ്യം പലർക്കും ആശ്വാസം ലഭിക്കുമെങ്കിലും വിരലില്‍ എണ്ണാവുന്ന ആളുകള്‍ക്ക് മാത്രമാണ് ലഭ്യമാകുക. അത് തന്നെ കഠിനമായ കൃമിനല്‍ കുറ്റകൃത്യങ്ങളില്‍ പെടാത്തവർക്ക് മാത്രവുമാണ്.
നിലവില്‍, രാജകാരുണ്യത്തില്‍ നാല്‍പത്തി ഒന്നോളം തടവുകാർക്ക് മോചനം ലഭിക്കാനവസരം ലഭിച്ചിരിക്കയാണ്. ശിക്ഷാകാലാവധി കഴിഞ്ഞ മറ്റ് ചില മലയാളികളടക്കം പതിനഞ്ചോളം ഇന്ത്യക്കാർക്കും താമസിയാതെ നാടണയാൻ അവസരം കൈവന്നിട്ടുണ്ട്. ഇതില്‍ ആറോളം പേർ പാസ്പോർട്ട് ഇല്ലാത്തവരും കാലാവധി തീർന്നവരുമായതിനാല്‍ ഔട്ട് പാസിന്ന് അപേക്ഷിക്കാനുള്ള രേഖകള്‍ തയാറാക്കാനായി ഇന്ത്യൻ എംബസിയുടെ ജുബൈലിലെ സാമൂഹ്യ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരി രംഗത്തുണ്ട്.

