റിയാദ്: സഊദി അറേബ്യയിലുടനീളമുള്ള ഹെല്‍ത്ത് കെയർ പ്രൊഫഷണലുകള്‍ക്കായി 4,291 പുതിയ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനി.
സഊദി പൗരന്മാർക്കായി രാജ്യത്തെ 20 ഹെല്‍ത്ത് ക്ലസ്റ്ററുകളിലായി വിവിധ മെഡിക്കല്‍, ആരോഗ്യ അനുബന്ധ സ്പെഷ്യാലിറ്റികളിലാണ് ഈ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ 2026-ല്‍ രാജ്യത്ത് ആരോഗ്യ മേഖലയിലെ നിയമനങ്ങള്‍, തൊഴിലധിഷ്ഠിത പരിശീലന കരാറുകള്‍, പുതിയ ഒഴിവുകള്‍ എന്നിവ ഉള്‍പ്പെടെ ആകെ അവസരങ്ങളുടെ എണ്ണം 19,610 ആയി ഉയർന്നു.
സഊദിയിലെ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ആവശ്യകത നിറവേറ്റുന്നതിനും, ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പ്രവർത്തനക്ഷമതയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ വൻ റിക്രൂട്ട്മെന്റ് ഡ്രൈവ്.
ഈ വർഷം ഇതുവരെ 12,914 സഊദി പൗരന്മാരെ ആരോഗ്യ മേഖലയില്‍ ഇതിനകം നിയമിച്ചിട്ടുണ്ടെന്ന് ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനി അറിയിച്ചു. കൂടാതെ, തൊഴിലിലേക്ക് നയിക്കുന്ന 2,405 പരിശീലന കരാറുകള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഇപ്പോള്‍ 4,291 പുതിയ ഒഴിവുകള്‍ കൂടി പരസ്യപ്പെടുത്തിയിരിക്കുന്നത്.
അപേക്ഷിക്കേണ്ടത് എങ്ങനെ?
തൊഴിലവസരങ്ങളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
അതത് ഹെല്‍ത്ത് ക്ലസ്റ്ററുകളുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലുകള്‍ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികള്‍ക്ക് ലഭ്യമായ തസ്തികകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, സ്പെഷ്യാലിറ്റികള്‍ എന്നിവ പോർട്ടലിലൂടെ പരിശോധിക്കാം.
ഒഴിവുകള്‍ പ്രഖ്യാപിക്കുന്ന തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ അപേക്ഷ സമർപ്പിക്കണം.
സഊദി അറേബ്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനിയാണ് രാജ്യത്തുടനീളമുള്ള 20 ഹെല്‍ത്ത് ക്ലസ്റ്ററുകള്‍ വഴി സംയോജിത ആരോഗ്യ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സ്വദേശി ആരോഗ്യ പ്രവർത്തകർക്ക് മികച്ച തൊഴില്‍ അവസരങ്ങളും തൊഴില്‍പരമായ വളർച്ചയും ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Saudi Arabia announces 4,291 new healthcare job vacancies, creating employment opportunities for qualified professionals as the kingdom continues to expand its healthcare services and workforce.

