റിയാദ്: സഊദിയിലേക്കുള്ള പുതിയ ഹൗസ് ഡ്രൈവർമാർക്കും സ്കില്‍ ടെസ്റ്റ് നിർബന്ധമാക്കി ഉത്തരവിറക്കി. പുതിയ വിസയില്‍ പോകുന്നവരക്കാണ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന്റെ മുന്നോടിയായി സ്കില്‍ ടെസ്റ്റ് നിർബന്ധമാക്കിയത്.
ഇതോടൊപ്പം, സ്കില്‍ ടെസ്റ്റ് നടത്താൻ പാസ്സ്പോർട്ടില്‍ 1 വർഷ കാലാവധിയും നിർബന്ധമാക്കിയിട്ടുണ്ട്.
ഇത് സംബന്ധിച്ച് മുംബൈയിലെ സഊദി കോണ്‍സുലറ്റ് സർക്കുലർ പുറത്തിറക്കി. തൊഴില്‍ നൈപുണ്യ പരിശോധന പരിപാടി (Skill Verification Program - SVP) വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, പ്രൈവറ്റ് കാർ ഡ്രൈവർ (തൊഴില്‍ കോഡ്: 9141055) എന്ന തസ്തികയെ 2026 ഓഗസ്റ്റ് 04 ചൊവ്വാഴ്ച മുതല്‍ ഈ പ്രോഗ്രാമിന് കീഴില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി എല്ലാ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികളെയും കോണ്‍സുലേറ്റ് അറിയിച്ചു.
പുതിയ തീരുമാനം അനുസരിച്ച്, ഈ സംവിധാനം നിലവില്‍ വരുന്ന തീയതി മുതല്‍ മുസാനിദ് (Musaned) പ്ലാറ്റ്ഫോം വഴി വിസ അനുവദിക്കുന്നതിന് സ്കില്‍ ടെസ്റ്റ് (Skill Test) പാസാകുന്നത് നിർബന്ധമാണ്. പാസാകാത്തവർക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ സാധിക്കുകയില്ല. എല്ലാ റിക്രൂട്ടിംഗ് ഏജൻസികളും മാർഗ്ഗനിർദ്ദേശങ്ങള്‍ കൃത്യമായി പരിശോധിക്കാനും, നടപടികള്‍ ആരംഭിക്കുന്നതിന് മുൻപ് സ്കില്‍ വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ എല്ലാ ആവശ്യകതകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും സർക്കുലറില്‍ നിർദ്ദേശിക്കുന്നു

