ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത പരിപാടിയുടെ വേദി ശുദ്ധീകരണം നടത്തിയ സംഭവത്തില്‍ ബിജെപിക്കും ആർഎസ്‌എസിനുമെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ശുദ്ധീകരണം തൊട്ടുകൂടായ്മയുടെ മറ്റൊരു പേരാണെന്നും ഇത് വിവേചനത്തിന്റെ ഭാഗമാണെന്നും രാഹുല്‍ ആരോപിച്ചു. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ഖർഗെ പങ്കെടുത്ത വേദി പിന്നീട് ചിലർ ശുദ്ധീകരിച്ച സംഭവമാണ് വിവാദമായത്. ഓഗസ്റ്റ് 8ന് രാംലീല മൈതാനിയില്‍ ഖർഗെ പൊതുയോഗത്തെ അഭിസംബോധന ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് വേദിയില്‍ ശുദ്ധീകരണ ചടങ്ങ് നടന്നത്.
സംഭവം ദളിത് നേതാവായ ഖർഗെയെ അപമാനിക്കുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജാതിയുടെ പേരിലുള്ള ഇത്തരം വിവേചനം അംഗീകരിക്കാനാകില്ലെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ശുദ്ധീകരണം നടത്തിയവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വിഷയത്തില്‍ കോണ്‍ഗ്രസ് നേരത്തെ ഗവർണറെയും സമീപിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
Rahul Gandhi speaks against the suddhikiran by BJP, RSS in Uttarakhand. They performed the cleaning process after Mallikarjun Kharge's visit. 'It is another version of untouchability', says Rahul Gandhi.

