കോവളം: കഴക്കൂട്ടം-കാരോട് ദേശീയപാതയിലുണ്ടായ സ്കൂട്ടർ അപകടത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ പുള്ളിമാൻ്റെ തോലുമായി രണ്ടു യുവാക്കള്‍ പിടിയില്‍.
വള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറ്റുവരമ്പില്‍ വീട്ടില്‍ ജിത്തു എന്ന ഗോകുല്‍ (31), വെങ്ങാനൂർ ചരുവിള അനന്തുഭവനില്‍ അനന്തു (23) എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3:30-ഓടെയായിരുന്നു സംഭവം. ഗോകുല്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടർ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് അപകടത്തില്‍പെടുകയായിരുന്നു. അപകടത്തിനിടയില്‍ സ്കൂട്ടറിന്റെ സീറ്റ് ഊരിത്തെറിക്കുകയും, അതിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന പുള്ളിമാൻ്റെ തോല്‍ റോഡിലേക്ക് വീഴുകയുമായിരുന്നു.
ഇതു കണ്ടുനിന്ന നാട്ടുകാർ ഉടൻ തന്നെ കോവളം പൊലിസില്‍ വിവരമറിയിച്ചു. പൊലിസും തുടർന്ന് പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തില്‍ മുഖത്ത് പരുക്കേറ്റ ഗോകുല്‍ രക്ഷപ്പെട്ട് വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും, വനംവകുപ്പ് സംഘം ഇയാളെയും റോഡില്‍ കണ്ടെടുത്ത മാൻതോലും കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുഹൃത്തായ അനന്തുവും പിടിയിലാകുന്നത്.
ജഗതിയിലെ ഒരു വീട്ടില്‍ നിന്ന് ഗാർഹിക വസ്തുക്കള്‍ മാറ്റുന്നതിനിടയിലാണ് മാൻതോല്‍ ലഭിച്ചതെന്നും, കൗതുകം തോന്നി ഇത് കൈക്കലാക്കി ഗോകുലിന്റെ സ്കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിക്കുകയായിരുന്നു എന്നുമാണ് ഇവർ വനംവകുപ്പിന് നല്‍കിയ മൊഴി.
സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്ന് വനംവകുപ്പ് അന്വേഷിച്ചു വരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി. വിപിൻ ചന്ദ്രൻ, വനപാലകരായ പ്രദീപ്, ജിജിമോള്‍, വിഷ്ണു, രമ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടകൂടിയത്.
Two individuals were arrested after police discovered a spotted deer skin hidden under the seat of their scooter following a road accident. The illegal wildlife hide was exposed when the scooter crashed and the seat opened during the impact.

