Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്പോര്‍ട്സ് അസോസിയേഷനുകളുടെ  കണക്കെടുക്കാൻ കായിക വകുപ്പ്

സ്പോര്‍ട്സ് അസോസിയേഷനുകളുടെ കണക്കെടുക്കാൻ കായിക വകുപ്പ്

തിരുവനന്തപുരം: കായികരംഗത്ത് സമഗ്ര അഴിച്ചുപണി ലക്ഷ്യമിട്ട് കേരള സ്പോർട്സ് കൗണ്‍സില്‍ അംഗീകരിച്ചതും അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നതുമായ സ്പോർട്സ് അസോസിയേഷനുകളുടെ കണക്കെടുക്കാൻ നിർദേശം നല്‍കി കായിക മന്ത്രി ഒ.ജെ ജനീഷ്.

മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്പോർട്സ് അസോസിയേഷനുകളില്‍ നിന്നുള്ള വിവരശേഖരണത്തിനുള്ള ചോദ്യാവലി വകുപ്പ് സ്പെഷല്‍ സെക്രട്ടറി സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ സെക്രട്ടറിക്ക് കൈമാറി. കായിക മേഖലയില്‍ പ്രവർത്തിക്കുന്ന അസോസിയേഷനുകളെക്കുറിച്ച്‌ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് സമഗ്ര അഴിച്ചുപണി ലക്ഷ്യമാക്കി സർക്കാർ ഇടപെടല്‍. സ്പോർട്സ് കൗണ്‍സിലില്‍ നിന്ന് നിർദേശം ലഭിച്ച്‌ ഏഴ് ദിവസത്തിനകം അസോസിയേഷനുകള്‍ മറുപടി നല്‍കണമെന്ന കർശന നിർദേശവുമുണ്ട്. നല്‍കുന്ന വിവരങ്ങളുമായി ബന്ധപ്പെട്ടുള്ള രേഖകളും സമർപ്പിക്കണം.

മറുപടികള്‍ ക്രോഡീകരിച്ച്‌ ഉത്തരങ്ങള്‍ സൂക്ഷ്മപരിശോധന നടത്തി ഇവ ഏകോപിപ്പിച്ചുള്ള സ്ഥിതിവിവര റിപ്പോർട്ട് കേരള സ്പോർട്സ് കൗണ്‍സില്‍ സർക്കാരിന് സമർപ്പിക്കണം. റിപ്പോർട്ടില്‍ പൂർണമായും മറുപടി നല്‍കിയ അസോസിയേഷനുകള്‍, അപൂർണമായി മറുപടി നല്‍കിയ അസോസിയേഷനുകള്‍, മറുപടി നല്‍കാത്തവർ, തെരഞ്ഞെടുപ്പും ഓഡിറ്റും അംഗീകാരവും മുടങ്ങിയ അസോസിയേഷനുകള്‍, വിവാദങ്ങള്‍ ഉള്ളവ, ശ്രദ്ധേയമായ അത്ലറ്റ് ബേസും മികച്ച പ്രകടനവും ഉള്ളവ, ഭൗതിക സാഹചര്യങ്ങളുടെ അഭാവവും പരിശീലന സൗകര്യങ്ങളുടെ അപര്യാപ്തതയും ഉള്ളവ എന്നിങ്ങനെ തരം തിരിച്ച റിപ്പോർട്ടായിരിക്കണം സർക്കാരിന് സ്പോർട്സ് കൗണ്‍സിലില്‍ സമർപ്പിക്കേണ്ടത്.

നിലവില്‍ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അസോസിയേഷനുകള്‍ സംബന്ധിച്ച്‌ അപൂർണമായ വിവരങ്ങളാണ് സർക്കാരില്‍ ലഭ്യമായിട്ടുള്ളത്. ഇത് കായിക താരങ്ങള്‍ക്ക് മതിയായ പ്രോത്സാഹനം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് നിലവിലെ സംഘടനകള്‍ കായിക മേഖലയുടെ വളർച്ചയ്ക്ക് നല്‍കുന്ന സംഭാവനകളെക്കുറിച്ച്‌ സമഗ്ര ഓഡിറ്റിന് സർക്കാർ തയാറെടുക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham