Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
താലൂക്ക് പുനഃക്രമീകരണം: ജനകീയ ആവശ്യമാണ് മുഖ്യം

താലൂക്ക് പുനഃക്രമീകരണം: ജനകീയ ആവശ്യമാണ് മുഖ്യം

തൃശൂർ: സംസ്ഥാനത്ത് ചുരുങ്ങിയത് 15 പുതിയ താലൂക്കുകളെങ്കിലും വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, എത്രത്തോളം ജനകീയവും പ്രായോഗികവുമായ തീരുമാനമുണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ അനുകൂല നീക്കങ്ങള്‍ക്ക് തടസമാകുമെന്ന ആശങ്കയുണ്ടെങ്കിലും വികസനത്തിന്റെ വ്യാപ്തി വർധിപ്പിക്കാനും അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്താനും സർക്കാർ കാര്യമായ തീരുമാനങ്ങളെടുക്കുമെന്ന പ്രതീക്ഷയിലാണ് ജനപ്രതിനിധികളും വിവിധ പ്രദേശങ്ങളിലെ ജനങ്ങളും.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ വികസനപരമായ മാറ്റങ്ങള്‍ക്കനുസരിച്ച്‌ കേരളത്തിലും ഭരണസംവിധാനത്തില്‍ കാലോചിതമായ പുനഃക്രമീകരണം വേണമെന്നാണ് പൊതുവായ ആവശ്യം. പുതിയ നാല് താലൂക്കുകള്‍ രൂപീകരിക്കാൻ ലാൻഡ് റവന്യു കമ്മിഷണർ നേരത്തെ ശിപാർശ ചെയ്തിരുന്നു. ഒരു ജില്ലയില്‍ പരമാവധി എട്ട് താലൂക്കുകള്‍ മതിയെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, തൃശൂരിലെ മണ്ണുത്തി, മലപ്പുറത്തെ വളാഞ്ചേരി അല്ലെങ്കില്‍ കോട്ടയ്ക്കല്‍, കോഴിക്കോട്ടെ പേരാമ്പ്ര എന്നിവിടങ്ങളിലായിരുന്നു ശിപാർശ.

എന്നാല്‍, വിവിധ പ്രദേശങ്ങളിലെ ജനസംഖ്യയും താലൂക്ക് ഓഫിസുകള്‍ക്കു കീഴിലുള്ള വില്ലേജുകളുടെ എണ്ണവും പരിഗണിക്കുമ്പോള്‍ നാല് പുതിയ താലൂക്കുകള്‍ അപര്യാപ്തമാണെന്നാണ് വിലയിരുത്തല്‍. ജനസംഖ്യയില്‍ മലപ്പുറവും വിസ്തൃതിയിലും വില്ലേജുകളുടെ എണ്ണത്തിലും താലൂക്കുകളുടെ എണ്ണത്തിലും തൃശൂരും മുന്നിലാണെന്ന് ലാൻഡ് റവന്യു കമ്മിഷണർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

വൻകിട താലൂക്കുകളുടെ പുനഃക്രമീകരണം

74 വില്ലേജുകളുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കായ തൃശൂർ പുനഃക്രമീകരിച്ച്‌ രണ്ട് പുതിയ താലൂക്കുകള്‍ രൂപീകരിക്കണമെന്ന ആവശ്യം സജീവമാണ്. ജനസംഖ്യയും വിസ്തൃതിയും കൂടുതലുള്ള മലപ്പുറം ജില്ലയില്‍ വളാഞ്ചേരി, കോട്ടയ്ക്കല്‍, താനൂർ മേഖലകള്‍ കേന്ദ്രീകരിച്ചും പുതിയ താലൂക്കുകള്‍ വേണമെന്ന വാദമുണ്ട്. ഇതിനായി തിരൂരങ്ങാടി, ഏറനാട്, നിലമ്പൂർ തുടങ്ങിയ വലിയ താലൂക്കുകളുടെ പുനഃസംഘടന ആവശ്യമായി വരും.

നെയ്യാറ്റിൻകര, തിരൂർ, മൂവാറ്റുപുഴ എന്നിവ കേന്ദ്രീകരിച്ച്‌ പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതിനുള്ള പഠനങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍, പുതിയ താലൂക്കുകളുടെയും ഭരണാതിർത്തികളുടെയും പുനർനിർണയവും അനിവാര്യമാണെന്ന അഭിപ്രായം ശക്തമാണ്. എല്ലാ ജില്ലകളില്‍നിന്നും പുതിയ താലൂക്കുകള്‍ക്കായുള്ള ആവശ്യം ഉയരുന്നുണ്ട്. വിസ്തൃതിയും ജനസംഖ്യയും വില്ലേജുകളുടെ എണ്ണവും കൂടുതലുള്ള വലിയ താലൂക്കുകള്‍ വിഭജിച്ചായിരിക്കും പുതിയ താലൂക്കുകള്‍ രൂപീകരിക്കാനുള്ള സാധ്യത.

പുതിയ താലൂക്കുകളെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകള്‍ പൂർത്തിയായിട്ടില്ലെങ്കിലും വിവിധ കേന്ദ്രങ്ങളില്‍നിന്ന് ശക്തമായ സമ്മർദമുണ്ട്. ഭരണസൗകര്യം, യാത്രാക്ലേശം, ഭൂപ്രകൃതി, ജനസംഖ്യ എന്നിവ വിലയിരുത്തിയശേഷം ലാൻഡ് റവന്യു കമ്മിഷണറുടെ നേതൃത്വത്തിലുള്ള സമിതി അന്തിമതീരുമാനത്തിലെത്തും. നിലവിലെ സാഹചര്യത്തില്‍ ചുരുങ്ങിയത് 15 പുതിയ താലൂക്കുകളെങ്കിലും ആവശ്യമായി വരുമെന്നാണ് സൂചന.

വേണം ഈ താലൂക്കുകള്‍

1. ചടയമംഗലം (കൊല്ലം താലൂക്ക് പുന:ക്രമീകരിച്ച്‌), 2. മഞ്ചേശ്വരം പുന:ക്രമീകരിച്ച്‌ താലൂക്ക്, 3. കാസർകോട്് ഹോസ്ദുർഗ് പുന:ക്രമീകരിച്ച്‌ താലൂക്ക്, 4. പേരാമ്പ്ര (കൊയിലാണ്ടി, വടകര താലൂക്ക് പുന:ക്രമീകരിച്ച്‌), 5. കുന്നമംഗലം(കോഴിക്കോട് പുന:ക്രമീകരിച്ച്‌), 6. കൂത്തുപറമ്പ് (കണ്ണൂർ,തലശേരി പുന:ക്രമീകരിച്ച്‌), 7. ഷൊർണൂർ (പാലക്കാട്, തൃശൂർ ജില്ലാ അതിർത്തി പുന:ക്രമീകരിച്ച്‌), 8. ചിറ്റൂർ, പാലക്കാട് പുന:ക്രമീകരിച്ച്‌ താലൂക്ക്, 9. മഞ്ചേരി, (നിലവിലെ ഏറനാട് പുന:ക്രമീകരിച്ച്‌), 10. താനൂർ/പരപ്പനങ്ങാടി (മലപ്പുറത്തെ തീരദേശ താലൂക്ക് പുന:ക്രമീകരണം), 11. കുന്നത്തുനാട് പുന:ക്രമീകരിച്ച്‌ താലൂക്ക്, 12. കോതമംഗലം പുന:ക്രമീകരിച്ച്‌ മലയോര താലൂക്ക്, 13. കഴക്കൂട്ടം (തിരുവനന്തപുരം) പുതിയ താലൂക്ക്, 14. ചേർപ്പ്, (തൃശൂർ പുന:ക്രമീകരിച്ച്‌), 15. മണ്ണുത്തി (തൃശൂർ പുന:ക്രമീകരിച്ച്‌്). മുൻ മന്ത്രിസഭയുടെ കാലത്ത് ചേർപ്പില്‍ പുതിയ താലൂക്ക് രൂപീകരിക്കുന്നത് അടുത്ത ഘട്ടത്തിലെന്നു തീരുമാനിച്ചിരുന്നു. എന്നാല്‍ അന്നു തീരുമാനമായ 4 താലൂക്കുകളുടെ പ്രഖ്യാപനം നടത്താനായില്ല. പുതിയ താലൂക്കുകളുടെ കേന്ദ്രം എവിടെയെന്ന കാര്യത്തിലും തുടർചർച്ച വേണ്ടിവരും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham