ചെന്നൈ: നാടകീയ രാഷ്ട്രീയമാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം(ടി.വി.കെ) അധ്യക്ഷന് വിജയ് നാളെ തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേല്ക്കും.
സര്ക്കാര് രൂപീകരണത്തിന്റെ ഭാഗമായി വിജയ് ഗവര്ണറെ കണ്ട് തനിക്ക് പിന്തുണ നല്കുന്ന എം.എല്.എമാരുടെ പട്ടിക കൈമാറി. ഗവര്ണര് രാജേന്ദ്ര അര്ലേക്കര് ഉച്ചയോടെ ചെന്നൈയില് തിരിച്ചെത്തിയതിന് പിന്നാലെയാണ് വിജയ് അദ്ദേഹത്തെ കണ്ട് സര്ക്കാര് രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്ന്നുവന്ന തമിഴഗ വെട്രി കഴകം (ടിവികെ)ത്തിന് കേവലഭൂരിപക്ഷമയാ 118 എന്ന സ്കോര് നേടാന് 10 എം.എല്.എമാരുടെ കൂടി പിന്തുണയാണ് വേണ്ടത്. ഇതിനായി എഡിഎംകെ, കോണ്ഗ്രസ്, വിസികെ തുടങ്ങിയ കക്ഷികളുമായി ടിവികെ നേതൃത്വം സംസാരിച്ചിരുന്നു.
കോണ്ഗ്രസ് ടിവികെയുമായി സഹകരിക്കുമെന്നാണ് റിപ്പോര്ട്ടുകള്. കോണ്ഗ്രസിന്റെ അഞ്ച് എംഎല്എമാരും ടിവികെയെ പിന്തുണച്ചേക്കും. ഇന്നലെ അടിയന്തരമായി ചേര്ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം. രണ്ട് മന്ത്രിസ്ഥാനം കോണ്ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന ബോര്ഡ് കോര്പ്പറേഷന് പദവികളും ആവശ്യപ്പെട്ടേക്കും.
അതിനിടെ, കോണ്ഗ്രസ് വഞ്ചിച്ചുവെന്ന വിമര്ശനവുമായി ഡി.എം.കെ രംഗത്തെത്തി. തങ്ങളുടെ പിന്തുണയില്ലാതെ പാര്ട്ടി അഞ്ച് സീറ്റുകള് നേടുമായിരുന്നില്ലെന്ന് ഡി.എം.കെ വക്താവ് എ ശരവണന് ചൂണ്ടിക്കാട്ടി. കോണ്ഗ്രസ് നീക്കത്തെ 'പിന്നില് നിന്ന് കുത്തുന്നത്' എന്നാണ് അദ്ദേഹം വിമര്ശിച്ചത്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗത്ത് ആധിപത്യം പുലര്ത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കോണ്ഗ്രസ്ഡിഎംകെ സഖ്യം തകര്ന്ന അവസ്ഥയിലാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അവര് ഒരുമിച്ച് തൂത്തുവാരിയിരുന്നു. 39 ല് 38 സീറ്റുകലാണ് സഖ്യം നേടിയത്. 2024 ല് 39 സീറ്റുകളും നേടി. 2004 മുതല് 2013 വരെ ശ്രീലങ്കന് തമിഴ് പ്രശ്നം പരിഹരിക്കുന്നതിന് മുമ്പ് നിലനിന്നിരുന്ന സഖ്യം 2016 ലാണ് പുനരുജ്ജീവിപ്പിക്കുന്നത്.
ഒരിക്കല് സ്വതന്ത്രമായി ഭരിച്ച സംസ്ഥാനത്തിന്റെ അധികാര പങ്കിടലിലേക്കുള്ള തിരിച്ചുവരവിന്റെ സൂചന കൂടിയാണ് കോണ്ഗ്രസിനെ സംബന്ധിച്ചിടത്തോളം ടി.വി.കെയുമായുള്ള സഖ്യം. ഇപ്പോള് കോണ്ഗ്രസിന്റെ പിന്തുണയോടെ, പാര്ട്ടിക്ക് 113 സീറ്റുകളായി. ഡി.എം.കെയുടെ മറ്റ് പ്രധാന സഖ്യകക്ഷികളായ സിപിഐ (രണ്ട് സീറ്റുകള്), സിപിഎം (രണ്ട് സീറ്റുകള്), വിസികെ (രണ്ട് സീറ്റുകള്) എന്നിവരുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി ടിവികെയിലെ വൃത്തങ്ങള് പറയുന്നു.

