ചെന്നൈ: തമിഴ്നാട്ടില്‍ ടാസ്മാക് (TASMAC) മദ്യവില്‍പന ശാലകളോട് ചേർന്ന് പ്രവർത്തിക്കുന്ന 2,320 ബാറുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി.
നിലവിലുണ്ടായിരുന്ന ബാർ ലൈസൻസുകളുടെ കാലാവധി ജൂണ്‍ 30-ഓടെ അവസാനിച്ച സാഹചര്യത്തിലാണ്, പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവെക്കാൻ സർക്കാർ കർശന ഉത്തരവ് നല്‍കിയത്. കാലാവധി ഇനി നീട്ടിനല്‍കേണ്ടതില്ലെന്നും, പുതിയ ടെൻഡറുകള്‍ ക്ഷണിച്ച് സുതാര്യമായ വ്യവസ്ഥകളോടെ മാത്രമേ ഇനി ലൈസൻസ് അനുവദിക്കൂ എന്നും മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മദ്യനിരോധന - എക്സൈസ് വകുപ്പ് മന്ത്രി കെ. വിഘ്നേഷിന്റെ സാന്നിധ്യത്തില്‍ ചേർന്ന ടാസ്മാക് ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്. പുതിയ ടെൻഡർ നടപടികള്‍ പൂർത്തിയാകുന്നതുവരെ ബാറുകള്‍ അടച്ചിടുന്നത് വഴി സംസ്ഥാന സർക്കാരിന് പ്രതിമാസം 400 കോടി രൂപയുടെ വരെ വരുമാന നഷ്ടം ഉണ്ടായേക്കാമെന്നാണ് ടാസ്മാക് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വരാനിരിക്കുന്ന പുതിയ ടെൻഡർ വ്യവസ്ഥകളില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനും തമിഴ്നാട് സർക്കാർ പദ്ധതിയിടുന്നുണ്ട്.
വരുമാനക്കമ്മിയിലും മദ്യവിരുദ്ധ നയങ്ങളുമായി മുന്നോട്ട്
തമിഴ്നാട് സർക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ടാസ്മാക്. നിലവില്‍ സംസ്ഥാനത്തുടനീളം 4,048 ചില്ലറ മദ്യവില്‍പന ശാലകളാണ് ഇതിന് കീഴില്‍ പ്രവർത്തിക്കുന്നത്. പ്രതിദിനം ശരാശരി 150 കോടി രൂപയുടെ മദ്യവില്‍പന നടക്കുന്ന ഈ ശൃംഖല, സംസ്ഥാന ഖജനാവിലേക്ക് വൻതോതില്‍ പണമെത്തിക്കുന്ന പ്രധാന വരുമാന മാർഗ്ഗമാണ്.
എന്നിരുന്നാലും, അധികാരമേറ്റയുടൻ തന്നെ മദ്യനിരോധന നയങ്ങളുടെ ഭാഗമായി വലിയ തീരുമാനങ്ങളാണ് മുഖ്യമന്ത്രി വിജയ് കൈക്കൊണ്ടത്. ഇതിന്റെ ആദ്യപടിയായി ആരാധനാലയങ്ങള്‍, സ്കൂളുകള്‍, ബസ് സ്റ്റാൻഡുകള്‍ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള 717 ടാസ്മാക് മദ്യശാലകള്‍ അടച്ചുപൂട്ടാൻ അദ്ദേഹം ഉത്തരവിട്ടിരുന്നു. തമിഴ്നാട്ടിലെ പഴയ നിയമപ്രകാരം ഇത് 50 മീറ്റർ മാത്രമായിരുന്ന സ്ഥാനത്താണ് ദൂരപരിധി 500 മീറ്ററായി വിജയ് സർക്കാർ ഉയർത്തിയത്.
തുടർനടപടികളും ആശങ്കകളും
2024 ജനുവരിയിലാണ് നിലവിലെ ബാർ നടത്തിപ്പുകാർക്ക് രണ്ട് വർഷത്തെ ലൈസൻസ് അനുവദിച്ചത്. യഥാർത്ഥത്തില്‍ 2026 ജനുവരിയില്‍ ഈ ലൈസൻസ് കാലാവധി അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മുൻ സർക്കാർ ഇത് ജൂണ്‍ വരെ നീട്ടിനല്‍കുകയായിരുന്നു. ഈ നീട്ടി നല്‍കിയ കാലാവധിയാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.
അതേസമയം, ബാറുകള്‍ പെട്ടെന്ന് പൂട്ടിയതോടെ മദ്യശാലകള്‍ക്ക് മുന്നില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ. പല ഉപഭോക്താക്കളും മദ്യം വാങ്ങി വീട്ടിലേക്ക് കൊണ്ടുപോകാൻ താല്പര്യപ്പെടാത്തവരാണ്. ബാറുകള്‍ ഇല്ലാത്തതിനാല്‍ ഇവർ കടകള്‍ക്ക് മുന്നിലോ പൊതുവഴികളിലോ വെച്ച് തന്നെ മദ്യപിക്കാൻ സാധ്യതയുണ്ടെന്നും, ഇത് പൊതുശല്യമായി മാറാതിരിക്കാൻ പൊലിസിന്റെ കൃത്യമായ സുരക്ഷാ മുൻകരുതലുകള്‍ ഉണ്ടാകണമെന്നും ടാസ്മാക് ജീവനക്കാർ ആവശ്യപ്പെടുന്നു. പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് എക്സൈസ് വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

