കാസർകോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും മംഗളൂരു കീഴൂർ സംയുക്ത ഖാസിയുമായ ത്വാഖ അഹമ്മദ് അല്‍ അസ്ഹരി യാത്രയാകുമ്പോള്‍ നഷ്ടമാകുന്നത് അറിവും ആത്മീയതയും സമന്വയിച്ച പണ്ഡിതനെ.
വളരെ സഹൃദയനും വായനക്കാരനുമായിരുന്ന അദ്ദേഹത്തെ കവി ടി. ഉബൈദുമായുള്ള ആത്മബന്ധമാണ് ഉന്നതപഠനത്തിന് ഉത്തർപ്രദേശിലെ ദാറുല്‍ ഉലൂം ദയൂബന്തിലും തുടർന്ന് ഈജിപ്തിലെ കെയ്റോ അല്‍ അസ്ഹർ സർവകലാശാലയിലും എത്തിച്ചത്.
ദയൂബന്തില്‍ പഠനത്തിനുപോയ ശേഷവും ഉബൈദുമായി കത്തിടപാടുകള്‍ നടത്താറുണ്ടായിരുന്നു ത്വാഖ അഹമ്മദ്. 'ജ്ഞാന പ്രപചഞ്ചത്തിലേക്ക് റൂമി തുറന്ന വാതില്‍' എന്ന പേരില്‍ മൗലാനാ ജലാലുദ്ദീൻ റൂമിയുടെ മസ്നവി കാവ്യം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഇതിന്റെ കുറച്ചുഭാഗം കൂടി ബാക്കിയുള്ളപ്പോഴാണ് മഹാന്റെ വിയോഗം. ഒമാൻ രാജകുടുംബവുമായി ഏറെ അടുപ്പം പുലർത്തിയ പണ്ഡിതൻ കൂടിയായിരുന്നു ത്വാഖ അഹമ്മദ് അല്‍ അസ് ഹരി. ഒമാൻ ഭരണാധികാരിയായിരുന്ന സുല്‍ത്താൻ ഖാബൂസ് ബിൻ സെയ്ദിന്റെ മാതാവ് പണികഴിപ്പിച്ച സലാലയിലെ ത്വാഖ ജാമിഅ ശൈഖതുസല്‍മ മസ്ജിദില്‍ 30 വർഷക്കാലം ഖത്തീബായിരുന്നു അഹമ്മദ് അല്‍ അസ് ഹരി. അങ്ങനെയാണ് സലാലയില്‍ വൈദ്യുതി സ്റ്റേഷൻ നിലകൊള്ളുന്ന ത്വാഖ എന്ന പേര് അഹമ്മദ് അല്‍ അസ് ഹരിയുടെ പേരിനൊപ്പം ചേർന്നത്.
ഒമാൻ രാജകുടുംബാംഗങ്ങളില്‍നിന്ന് പ്രത്യേക പരിഗണന ലഭിച്ചതു വഴിയാണ് അദ്ദേഹം ത്വാഖയില്‍ ഖത്തീബും മുദരിസുമായത്. മംഗളൂരു കീഴൂർ ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണശേഷമാണ് ത്വാഖ അഹമ്മദ് അല്‍ അസ് ഹരി ആ സ്ഥാനത്തും സമസ്ത കാസർകോട് ജില്ലാ പ്രസിഡന്റുമായത്.
അറബി, ഉർദു ഭാഷയ്ക്കൊപ്പം മലയാളത്തിലും അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. സി.എം അബ്ദുല്ല മൗലവി തുടക്കമിട്ട കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂർ എജ്യുക്കേഷൻ സെന്റർ യാഥാർഥ്യമാക്കിയത് ത്വാഖ അഹമ്മദ് അല്‍ അസ്ഹരിയാണ്. തീറാഖ് ളഫാർ (മഖ്തൂത്ത്), മാലിക് ദീനാർ കാസർകോട് അന്ത്യവിശ്രമം കൊള്ളുന്ന സ്വഹാബി, മിത്തബൈലിന്റെ വിളക്കുമരം (ജബ്ബാർ മുസ് ലിയാരുടെ ജീവചരിത്രം) എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മാലിക് ദീനാറിനെക്കുറിച്ച് എഴുതിയ പുസ്തകം ഹസ്രത്ത് മാലിക് ദീനാർ എന്ന പേരില്‍ ഉറുദുവിലും പുറത്തിറക്കിയിട്ടുണ്ട്.
ജിഫ് രി തങ്ങള്‍ അനുശോചിച്ചു
കോഴിക്കോട്: കാസർകോട് ജില്ലയിലും ദക്ഷിണ കർണാടകയിലും സമസ്തയുടേയും പോഷകഘടകങ്ങളുടേയും കർമരംഗത്ത് നേതൃപരമായ പങ്കുവഹിച്ച പണ്ഡിതനായിരുന്നു അന്തരിച്ച ത്വാഖ അഹ് മദ് മൗലവിയെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്് രി മുത്തുക്കോയ തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമസ്തയുടെ ദാർശനിക മുഖമായിരുന്നു അദ്ദേഹമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു.

