താഷ്കെന്റ്: ഉസ്ബെക്കിസ്ഥാനില് മെഡിക്കല് പഠനം നടത്തുകയായിരുന്ന മലയാളി വിദ്യാര്ത്ഥിനിയെ സഹപാഠി തലയ്ക്കടിച്ചു കൊലപ്പെടുത്തി.
ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. വ്യക്തിപരമായ തര്ക്കത്തെ തുടര്ന്ന് ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിയേറ്റാണ് പെണ്കുട്ടി മരിച്ചതെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും പെരിന്തല്മണ്ണ സ്വദേശിയുമായ സദറുല് അനം (22) പിടിയിലായിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനിലെ ബുക്കാറ സ്റ്റേറ്റ് മെഡിക്കല് യൂണിവേഴ്സിറ്റിയിലെ മൂന്നാം വര്ഷ വിദ്യാര്ത്ഥികളാണ് ഇരുവരും.
ഏകദേശം നാല് ദിവസം മുമ്പാണ് ദാരുണമായ ഈ കൊലപാതകം നടന്നതെന്നാണ് പുറത്തുവരുന്ന റിപോര്ട്ടുകള്. അടുത്ത സുഹൃത്തുക്കളായിരുന്ന സാവരിയയും സദറുല് അനവും തമ്മില് പഠനസ്ഥലത്തുവച്ച് തര്ക്കമുണ്ടാവുകയും ഇതിനിടെ ലാപ്ടോപ്പ് ഉപയോഗിച്ച് പ്രതി പെണ്കുട്ടിയുടെ തലയ്ക്ക് ശക്തമായി അടിക്കുകയുമായിരുന്നു.
അടിയുടെ ആഘാതത്തില് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സാവരിയയുടെ പിതാവ് കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. വിദേശത്തുനിന്നും ന്യൂഡല്ഹിയില് എത്തിച്ച പെണ്കുട്ടിയുടെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ ഹരിപ്പാട് ഡാണാപ്പടിയിലെ വീട്ടിലെത്തിക്കും.
A 22-year-old Malayali medical student from Haripad was allegedly murdered by her classmate from Malappuram following a dispute at their university in Uzbekistan.

