ഐ.പി.എല്ലില് തകര്പ്പന് പ്രകടനം തുടരുന്ന പതിനഞ്ചുകാരന് വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്ക്കര്.
വൈഭവിന്റെ ബാറ്റിങ്ങിലെ മികവും ആത്മവിശ്വാസവും തന്നെ ഏറെ ആകര്ഷിച്ചതായി സച്ചിന് പറഞ്ഞു. പന്തിനെ പ്രഹരിക്കുന്ന കഴിവ് മാത്രമല്ല, മികച്ച റിസ്റ്റ് വര്ക്കും ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള് കളിക്കാനുള്ള കഴിവും അവനുണ്ടെന്ന് സച്ചിന് അഭിപ്രായപ്പെട്ടു.
സൂര്യവംശിക്ക് പന്തിന്റെ ലൈന്, ലെങ്ത് എന്നിവ മറ്റുള്ളവരെക്കാള് വേഗത്തില് മനസിലാക്കാനും അതിനെ അതിര്ത്തി കടത്താന് കഴിയുന്നുണ്ടെന്നും സച്ചിന് ചൂണ്ടിക്കാട്ടി. ഐ.പി.എല്ലിലെ പ്രകടനം ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും, ഏകദിനത്തിലേക്കോ ടെസ്റ്റിലേക്കോ ഇപ്പോള് വലിയ പ്രതീക്ഷകള് ചുമത്തേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ടെസ്റ്റ് ക്രിക്കറ്റില് ഒരുപാട് വെല്ലുവിളികള് ഉണ്ടാകുമെന്നും ഓരോ മത്സരവും ഓരോ പന്തും പുതിയ പാഠങ്ങള് പഠിപ്പിക്കുമെന്നും സച്ചിന് പറഞ്ഞു. എറിയുന്ന ഓരോ പന്തിലും ഒരു ചോദ്യമെറിഞ്ഞുകൊണ്ടിരിക്കും ബൗളര്മാര്. ഇതിലെല്ലാം ബാറ്റ്സ്മാന് ഉത്തരം കണ്ടെത്തണം. ഇക്കാര്യത്തില് വലിയ ആത്മവിശ്വാസമുള്ള ആളാണ് വൈഭവ് സൂര്യവംശി എന്നും അദ്ദേഹം വിശദീകരിച്ചു.
അയാളുടെ സ്വാഭാവിക കളിയെ അലോസരപ്പെടുത്താന് ഞാന് ആഗ്രഹിക്കുന്നില്ല. അയാള് പന്തിനെ നിരീക്ഷിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്ന ഒരു രീതിയുണ്ട്. ഒരുപാട് കാര്യങ്ങള് ഒന്നിച്ച് ഏല്പിച്ചാല് അത് അയാളുടെ ഈ സിഗ്നലിനെ തടയുന്നതിന് തുല്ല്യമായിരിക്കും. അതാണ് അയാള്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. സ്വന്തം നിലയില് ക്രീസില് പോയി ബാറ്റ് ചെയ്യാന് വിടാനാണ് ഞാന് ആഗ്രഹിക്കുന്നത്. കാലം പുരോഗമിക്കുംതോറും അയാള് ഒരുപാട് പാഠങ്ങള് പഠിക്കും. എനിക്കെന്നല്ല, എല്ലാവര്ക്കും അയാള് സ്വതസിദ്ധമായ ശൈലിയില് കളിക്കുന്നത് കാണാനാണ് ആഗ്രഹം.
ഏത് ഫോര്മാറ്റില് കളിക്കണം, ഏത് ടീമില് തെരഞ്ഞെടുക്കണം തുടങ്ങിയ കാര്യങ്ങളില് അമിത സമ്മര്ദം നല്കാതെ, താരത്തിന്റെ പ്രകടനം ആസ്വദിക്കുകയും പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നാണ് സച്ചിന്റെ അഭിപ്രായം. സെലക്ഷന് സംബന്ധിച്ച കാര്യങ്ങള് സെലക്ടര്മാര്ക്ക് വിടണമെന്നും, വൈഭവിന്റെ സ്വാഭാവിക പ്രതിഭയെ വളരാന് സമയം നല്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Cricket legend Sachin Tendulkar has urged fans, media, and cricket authorities not to place excessive pressure on young batting sensation Vaibhav Suryavanshi. Emphasizing the importance of allowing talented youngsters to develop naturally, Tendulkar said that early success should not lead to unrealistic expectations.

