Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വൈറ്റമിൻ ഡി3 ഉള്‍പ്പെടെ 30 മരുന്നുകള്‍ക്ക് ചില്ലറവില നിശ്ചയിച്ച്‌ എൻ.പി.പി; കൂടുതല്‍ ഈടാക്കിയാല്‍ നടപടി

വൈറ്റമിൻ ഡി3 ഉള്‍പ്പെടെ 30 മരുന്നുകള്‍ക്ക് ചില്ലറവില നിശ്ചയിച്ച്‌ എൻ.പി.പി; കൂടുതല്‍ ഈടാക്കിയാല്‍ നടപടി

ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന 30 മരുന്ന് ഫോർമുലേഷനുകളുടെ ചില്ലറവില നിശ്ചയിച്ച്‌ നാഷണല്‍ ഫാർമസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ).

വൈറ്റമിൻ സപ്ലിമെന്റുകള്‍, പ്രമേഹമരുന്നുകള്‍, ഹൃദ്രോഗ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ഉപയോഗിക്കുന്ന ഇമ്യൂണോസപ്രസന്റ് മരുന്നുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ന്യൂ ഡ്രഗ്സ് വിഭാഗത്തില്‍പ്പെടുന്ന നിർദിഷ്ട ഫോർമുലേഷനുകള്‍ക്കാണ് ഈ വില ബാധകമാകുക.

നിശ്ചയിച്ച വിലയെക്കാള്‍ കൂടുതല്‍ ഈടാക്കുന്ന നിർമാതാക്കളില്‍ നിന്ന് അധികമായി ഈടാക്കിയ തുകയും പലിശയും ഈടാക്കുമെന്നും എൻ.പി.പി.എ മുന്നറിയിപ്പ് നല്‍കി. 60,000 ഐ.യു വൈറ്റമിൻ ഡി3 (കൊളെകാല്‍സിഫെറോള്‍) നാനോ ഡ്രോപ്പ് ഓറല്‍ സൊല്യൂഷന്റെ ചില്ലറവില മില്ലിലിറ്ററിന് 14.91 രൂപയായി നിശ്ചയിച്ചു. അസ്ഥികളുടെ ആരോഗ്യത്തിനും വിറ്റാമിൻ കുറവ് പരിഹരിക്കാനും ഉപയോഗിക്കുന്ന കാല്‍സ്യം, വിറ്റാമിൻ ഡി3, മെത്തില്‍കോബാലമിൻ, എല്‍-മെത്തില്‍ഫോളേറ്റ് കാല്‍സ്യം, പൈറിഡോക്സാല്‍-5 എന്നിവ അടങ്ങിയ മരുന്നുകള്‍ക്കും പുതിയ വില നിശ്ചയിച്ചു.

ദീർഘകാല രോഗചികിത്സയില്‍ ഉപയോഗിക്കുന്ന ചില പ്രധാന മരുന്നുകള്‍ക്കും വില നിശ്ചയിച്ചിട്ടുണ്ട്. കൊളസ്ട്രോള്‍ നിയന്ത്രണത്തിനുള്ള അറ്റോർവാസ്റ്റാറ്റിൻഫെനോഫൈബ്രേറ്റ് ഗുളികയ്ക്ക് 18.46 രൂപയും, അലർജി ചികിത്സയ്ക്കുള്ള ബിലാസ്റ്റിൻമോണ്ടെലൂകാസ്റ്റ് ഗുളികയ്ക്ക് 21.22 രൂപയും, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ബിസോപ്രോളോള്‍ ഫ്യൂമറേറ്റ്‌അംലോഡിപൈൻ ഗുളികയ്ക്ക് 9.40 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

പ്രമേഹരോഗികള്‍ക്കായി ഉപയോഗിക്കുന്ന എംപാഗ്ലിഫ്ലോസിൻ, സിറ്റാഗ്ലിപ്റ്റിൻ, മെറ്റ്ഫോർമിൻ എക്സ്റ്റൻഡഡ് റിലീസ് സംയോജിത ഗുളികയുടെ വില 14.88 രൂപയായും, സിറ്റാഗ്ലിപ്റ്റിൻ, ഗ്ലൈമിപിറൈഡ്, മെറ്റ്ഫോർമിൻ സംയോജിത ഗുളികയുടെ വില 11.91 രൂപയായും നിശ്ചയിച്ചു.

അവയവമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം രോഗികള്‍ക്ക് നല്‍കുന്ന ടാക്രോളിമസ് പ്രൊളോങ്ഡ് റിലീസ് മൂന്ന് മില്ലിഗ്രാം കാപ്സ്യൂളിന്റെ വില കാപ്സ്യൂളിന് 127 രൂപയാണ്. പുതിയ വിലപ്രകാരം കമ്പനികള്‍ പാക്കറ്റിലെ വില പുനർനിശ്ചയിച്ച്‌ വിവരങ്ങള്‍ സമർപ്പിക്കണമെന്നും, റീട്ടെയില്‍ വ്യാപാരികള്‍ വിലപ്പട്ടിക ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണുന്ന വിധത്തില്‍ പ്രദർശിപ്പിക്കണമെന്നും എൻ.പി.പി.എ നിർദേശിച്ചു.

The National Pharmaceutical Pricing Authority (NPPA) has fixed the retail prices for 30 essential medicines, including Vitamin D3. This move aims to make critical healthcare more affordable for the public.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham