ന്യൂഡല്‍ഹി: രാജ്യത്തെ വഖ്ഫ് സ്വത്തുക്കളുടെ ഡിജിറ്റല്‍ വിവരശേഖരം തയാറാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ഉമീദ് പോർട്ടലില്‍ രജിസ്ട്രേഷനായി സമർപ്പിച്ച അപേക്ഷകളില്‍ 11 ശതമാനത്തിലധികം നിരസിക്കപ്പെട്ടു.
പോർട്ടല്‍ ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോള്‍ രജിസ്ട്രേഷനായി നല്‍കിയ 7,95,784 സ്വത്തുക്കളില്‍ 88,571 എണ്ണത്തിന്റെ അപേക്ഷകളാണ് പരിശോധനയ്ക്ക് ശേഷം നിരസിച്ചത്.
5,87,804 സ്വത്തുക്കള്‍ക്ക് (74 ശതമാനം) രജിസ്ട്രേഷൻ അംഗീകാരം ലഭിച്ചു. ശേഷിക്കുന്നവയുടെ പരിശോധനയും രജിസ്ട്രേഷൻ നടപടികളും തുടരുകയാണ്.
നിരസിക്കപ്പെട്ട അപേക്ഷകളില്‍ ഏറ്റവും കൂടുതല്‍ ഉത്തർപ്രദേശില്‍ നിന്നാണ്- 31,783 എണ്ണം. രാജ്യത്താകെയുള്ള നിരസിക്കപ്പെട്ടവയുടെ 36 ശതമാനവും യു.പിയില്‍ നിന്നുള്ളവയാണ്. ബംഗാളില്‍ 14,134 (16%), രാജസ്ഥാനില്‍ 12,080 (13%) അപേക്ഷകള്‍ നിരസിക്കപ്പെട്ടു. ആകെ രജിസ്ട്രേഷനായി സമർപ്പിച്ച 7.95 ലക്ഷം സ്വത്തുക്കളില്‍ 1,60,857 എണ്ണം (20.1%) ഉത്തർപ്രദേശില്‍ നിന്നുള്ളവയാണ്. 1,34,545 സ്വത്തുക്കള്‍ (16.9%) ബംഗാളില്‍ നിന്നുമാണ്.
നിരസിക്കപ്പെട്ട 88,571 വഖ്ഫ് സ്വത്തുക്കളുടെ നിയമപരമായ സ്ഥിതി എന്താകുമെന്നതില്‍ അവ്യക്തതയുണ്ട്. നിലവിലെ വഖ്ഫ് നിയമത്തില്‍ പോർട്ടലില്‍നിന്ന് അപേക്ഷ നിരസിക്കപ്പെട്ടാല്‍ തുടർനടപടി എന്താണെന്നതിനെക്കുറിച്ച് വ്യക്തമായി പറയുന്നില്ല. ഞങ്ങളുടെ സ്വത്ത് നേരത്തേ തന്നെ വഖ്ഫായി രജിസ്റ്റർ ചെയ്തതാണെന്നും അപേക്ഷ നിരസിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് അറിയിച്ചിട്ടില്ലെന്നും ഡല്‍ഹിയിലെ ഒരു മുത്തവല്ലി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പല സംസ്ഥാന വഖ്ഫ് ബോർഡുകളും രജിസ്ട്രേഷൻ നടപടികള്‍ക്കായി കേന്ദ്രത്തോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

