ദുബൈ: ബലിപെരുന്നാള്‍ അവധിദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ദുബൈ മാള്‍ ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായി പ്രത്യേക നിർദേശങ്ങളുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA).
പെരുന്നാള്‍ തിരക്കില്‍ പെടാതെ സുഗമമായി ദുബൈ മാളില്‍ എത്തിച്ചേരാൻ പൊതുജനങ്ങള്‍ക്ക് ഏറ്റവും ആശ്രയിക്കാവുന്ന മാർഗ്ഗം ദുബൈ മെട്രോയാണെന്ന് അതോറിറ്റി വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പെരുന്നാള്‍ പ്രമാണിച്ച് മെട്രോ സർവീസുകളുടെ സമയവും ദീർഘിപ്പിച്ചിട്ടുണ്ട്.
സ്വന്തം വാഹനങ്ങളില്‍ എത്തുന്നവർക്കായി പ്രത്യേക 'പാർക്ക് ആൻഡ് റൈഡ്' സംവിധാനവും ആർടിഎ ഒരുക്കിയിട്ടുണ്ട്. മാളുകളിലെ പാർക്കിങ് തിരക്ക് ഒഴിവാക്കാൻ യാത്രക്കാർ വാഹനങ്ങള്‍ നിർദിഷ്ട മെട്രോ സ്റ്റേഷനുകളില്‍ പാർക്ക് ചെയ്ത ശേഷം യാത്രയ്ക്കായി മെട്രോ ഉപയോഗിക്കണം. ഇതിനായി സെന്റർപോയിന്റ് മെട്രോ സ്റ്റേഷൻ, ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ് സ്റ്റേഷൻ, നാഷണല്‍ പെയിന്റ്സ് മെട്രോ സ്റ്റേഷൻ, ഇത്തിസാലാത്ത് (e&) മെട്രോ സ്റ്റേഷൻ എന്നിവടങ്ങളിലെ പാർക്കിങ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം.
പെരുന്നാള്‍ അവധി പ്രമാണിച്ച് റെഡ്, ഗ്രീൻ ലൈനുകളിലെ പുതുക്കിയ മെട്രോ സമയക്രമവും അതോറിറ്റി പുറത്തുവിട്ടു. മെയ് 30 ശനിയാഴ്ച പുലർച്ചെ 5:00 മുതല്‍ പിറ്റേന്ന് പുലർച്ചെ 1:00 വരെയും, മെയ് 31 ഞായറാഴ്ച രാവിലെ 8:00 മുതല്‍ പുലർച്ചെ 1:00 വരെയും മെട്രോ സർവീസ് നടത്തും. തുടർന്ന് വരുന്ന തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിലും പുലർച്ചെ 5:00 മുതല്‍ രാത്രി 1:00 മണി വരെ സർവീസുകള്‍ ലഭ്യമായിരിക്കും.
യാത്രക്കാർ ദുബൈയിലെ പൊതുഗതാഗത ശൃംഖലയുടെ തത്സമയ വിവരങ്ങളും യാത്രാക്കൂലിയും അറിയാൻ 'സുഹൈല്‍' (Souhail) സ്മാർട്ട് ആപ്പ് വഴി യാത്രകള്‍ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് ആർടിഎ നിർദേശിച്ചു. ഒപ്പം നോല്‍ (Nol) കാർഡുകള്‍ ഓണ്‍ലൈൻ വഴി മുൻകൂട്ടി റീചാർജ് ചെയ്യാനും, യാത്രാവേളകളില്‍ വ്യക്തിഗത സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനും സ്റ്റേഷൻ ജീവനക്കാരുടെ നിർദേശങ്ങള്‍ കൃത്യമായി പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചു. സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കാൻ മെട്രോ ശൃംഖലയിലുടനീളം വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
Dubai RTA issues a major travel advisory ahead of the Eid Al Adha weekend, urging commuters to use the extended Metro services and park-and-ride options to avoid crowd surges.

