Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വേരുകള്‍ മറ്റെവിടെയോ, പോരാട്ടം ലോകകപ്പില്‍: 2026 ഫിഫ ലോകകപ്പിലെ 'ഗ്ലോബല്‍' പൗരന്മാര്‍!

വേരുകള്‍ മറ്റെവിടെയോ, പോരാട്ടം ലോകകപ്പില്‍: 2026 ഫിഫ ലോകകപ്പിലെ 'ഗ്ലോബല്‍' പൗരന്മാര്‍!

ഫുട്ബോള്‍ ലോകകപ്പ് എന്നാല്‍ കേവലം രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമല്ല, അത് മനുഷ്യരുടെ പലായനങ്ങളുടെയും ആഗോളവല്‍ക്കരണത്തിന്റെയും കൂടി കഥയാണെന്ന് അടിവരയിടുകയാണ് 2026ലെ ഫിഫ ലോകകപ്പ്.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പില്‍ കളിക്കുന്ന താരങ്ങളുടെ പൗരത്വവും ജന്മനാടും പരിശോധിച്ചാല്‍ ആരും അത്ഭുതപ്പെട്ടുപോകും. കാരണം, ഇത്തവണ ടൂർണമെന്റില്‍ ബൂട്ട് കെട്ടുന്ന നാലില്‍ ഒരാള്‍ (ഏകദേശം 25% കളിക്കാർ) ജനിച്ച രാജ്യം വിട്ട് മറ്റൊരു രാജ്യത്തിന് വേണ്ടിയാണ് കളത്തിലിറങ്ങുന്നത്!

ഒരൊറ്റ ലോകകപ്പ്, 1,248 താരങ്ങള്‍, 25% 'വിദേശികള്‍'!

ഇക്വഡോറിയൻ ഫുട്ബോള്‍ അനലിസ്റ്റ് ജൈമി മിയാസിന്റെ കണക്കുകള്‍ പ്രകാരം, ഇത്തവണ ലോകകപ്പിലെ 48 ടീമുകളിലായി അണിനിരക്കുന്ന 1,248 കളിക്കാരില്‍ 25 ശതമാനത്തോളം പേരും തങ്ങള്‍ ജനിച്ച മണ്ണിനു വേണ്ടിയല്ല കളിക്കുന്നത്. 2006 ജർമ്മനി ലോകകപ്പില്‍ ഇത് വെറും 9 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു എന്നോർക്കണം. അതായത്, കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കൊണ്ട് ഫുട്ബോളിന്റെ ഭൂപടം അത്രമേല്‍ മാറിക്കഴിഞ്ഞു.

ഈ വലിയ മാറ്റത്തിന് കാരണം എന്ത്?
ഫിഫ തങ്ങളുടെ നിയമങ്ങളില്‍ വരുത്തിയ ചില ഇളവുകളാണ് ഈ മാറ്റത്തിന് പ്രധാന കാരണം. ഒരു കളിക്കാരന്റെ മാതാപിതാക്കള്‍ക്കോ അല്ലെങ്കില്‍ മുത്തശ്ശിക്കോ മുത്തശ്ശൻമാർക്കോ ഏതെങ്കിലും രാജ്യവുമായി പൗരത്വ ബന്ധമുണ്ടെങ്കില്‍, ആ രാജ്യത്തിന് വേണ്ടി കളിക്കാൻ ഫിഫ അനുവാദം നല്‍കുന്നുണ്ട്. കൂടാതെ, 2021ല്‍ ഫിഫ കൊണ്ടുവന്ന പരിഷ്കരണ പ്രകാരം ഒരു കളിക്കാരൻ തന്റെ ആദ്യ രാജ്യത്തിന് വേണ്ടി സീനിയർ തലത്തില്‍ മൂന്നില്‍ താഴെ മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ എങ്കില്‍ (അതും വലിയ ടൂർണമെന്റുകളില്‍ അല്ലാതെ), അവർക്ക് പൗരത്വമുള്ള മറ്റൊരു രാജ്യത്തേക്ക് 'അഫിലിയേഷൻ' മാറ്റാൻ സാധിക്കും.

ആഫ്രിക്കൻ കരുത്തും യൂറോപ്യൻ അക്കാദമികളും

ഈ നിയമം ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങള്‍ക്കാണ്.
2022 ലോകകപ്പില്‍ അത്ഭുതം സൃഷ്ടിച്ച മൊറോക്കോ ഇത്തവണ തങ്ങളുടെ തന്ത്രം ഒന്നുകൂടി ശക്തമാക്കി. അവരുടെ 26 അംഗ സ്ക്വാഡില്‍ 19 പേരും ജനിച്ചത് മൊറോക്കോയ്ക്ക് പുറത്താണ് (പ്രത്യേകിച്ച്‌ ഫ്രാൻസിലും സ്പെയിനിലും). റയല്‍ മാഡ്രിഡ് താരം ബ്രാഹിം ഡിയാസ് സ്പെയിൻ വിട്ട് മൊറോക്കോയ്ക്ക് വേണ്ടി കളിക്കാൻ തീരുമാനിച്ചത് ഇതിനൊരു മികച്ച ഉദാഹരണമാണ്.

മറ്റു രാജ്യങ്ങള്‍: ടുണീഷ്യ, അള്‍ജീരിയ, കോംഗോ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ പകുതിയിലധികം കളിക്കാരും വിദേശത്ത് ജനിച്ച്‌ വളർന്നവരാണ്.

പ്രമുഖ താരങ്ങള്‍: ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിരുന്ന ആരോണ്‍ വാൻബിസാക്ക ഇത്തവണ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് വേണ്ടിയും, ഇറ്റലിയുടെ യൂത്ത് ടീമില്‍ കളിച്ചിരുന്ന ക്രിസ്റ്റ്യൻ വോള്‍പാറ്റോ ആസ്ത്രേലിയക്ക് വേണ്ടിയുമാണ് ബൂട്ട് കെട്ടുന്നത്.

മലയാളി തിളക്കവും ഇന്ത്യൻ വേരുകളും!

നമ്മുടെ ഇന്ത്യ ലോകകപ്പ് കളിക്കുന്നില്ലെങ്കിലും, ഇന്ത്യൻ വംശജരായ നാല് കളിക്കാർ ഇത്തവണ ചരിത്രം കുറിച്ചുകൊണ്ട് വിവിധ രാജ്യങ്ങളുടെ ജേഴ്സിയില്‍ ലോകകപ്പ് കളിക്കുന്നുണ്ട്. അതില്‍ ഏറ്റവും അഭിമാനകരം ഒരു മലയാളി സാന്നിധ്യമാണ്. കേരളത്തിലെ കണ്ണൂർ സ്വദേശികളായ ജംഷിദിന്റെയും ഷൈമയുടെയും മകൻ തഹ്സിൻ മുഹമ്മദ് ജംഷിദ് നിലവില്‍ ഖത്തറിന് വേണ്ടിയാണ് കളിക്കുന്നത്. ഖത്തറിലെ ആസ്പയർ അക്കാദമിയിലൂടെ വളർന്ന്, ഖത്തർ സ്റ്റാർസ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായി മാറിയ 19കാരൻ വിങ്ങർ. ന്യൂസിലാൻഡ് ടീമില്‍ ഇടം പിടിച്ച സർപ്രീത് സിംഗിന്റെ മാതാപിതാക്കള്‍ പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ളവരാണ്. ബയേണ്‍ മ്യൂണിക്ക് ക്ലബ്ബിലടക്കം കളിച്ച മികച്ച മിഡ്ഫീല്‍ഡറാണീ താരം. ആസ്ത്രേലിയൻ ദേശീയ ടീമിലെ മിന്നും ഫോർവേഡായ നിഷാൻ വേലുപ്പിള്ള മലേഷ്യൻ തമിഴ് - ആംഗ്ലോ ഇന്ത്യൻ പാരമ്പര്യമുള്ള താരം കൂടിയാണ്. കോംഗോയ്ക്ക് വേണ്ടി മത്സരിക്കുന്ന സാമുവല്‍ മുത്തുസ്വാമിയാണ് നാലാമത്തെയാള്‍. ഫ്രാൻസിലാണ് ജനിച്ചതെങ്കിലും സാമുവലിന്റെ പിതാവ് ഇൻഡോഗ്വാഡലൂപ്പിയൻ പാരമ്പര്യമുള്ള തമിഴ് വംശജനാണ്. അമ്മ കോംഗോ സ്വദേശിനിയും.

പഴയ കാലത്തെപ്പോലെ ഒരു രാജ്യത്ത് ജനിച്ചവർ മാത്രം ആ രാജ്യത്തിന് വേണ്ടി കളിക്കുന്ന രീതിയല്ല ഇന്നുള്ളത്. കുടിയേറ്റവും, മാതാപിതാക്കളുടെ സ്വപ്നങ്ങളും, തങ്ങളുടെ കരിയറിലെ മികച്ച അവസരങ്ങളും നോക്കി കളിക്കാർ ഇന്ന് 'സ്പോർട്ടിങ് സിറ്റിസണ്‍ഷിപ്പ്' തിരഞ്ഞെടുക്കുന്നു. 'ഞാൻ 100% സ്പാനിഷുമാണ്, 100% മൊറോക്കനുമാണ്' എന്ന ബ്രാഹിം ഡിയാസിന്റെ വാക്കുകള്‍ ഈ ലോകകപ്പിന്റെ യഥാർത്ഥ ഭാവത്തെയാണ് സൂചിപ്പിക്കുന്നത്. രാജ്യങ്ങളുടെ അതിരുകള്‍ മായ്ക്കുന്ന, വേരുകള്‍ തേടിയുള്ള ഈ ഫുട്ബോള്‍ വസന്തം കളിക്കളത്തിലെ മത്സരങ്ങളെ കൂടുതല്‍ ആവേശകരമാക്കുമെന്നതില്‍ സംശയമില്ല!

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham