Dailyhunt
വിമാന നിരക്കിലെ വര്‍ധനവ്; പ്രവാസികള്‍ക്ക് സങ്കടവോട്ട്

വിമാന നിരക്കിലെ വര്‍ധനവ്; പ്രവാസികള്‍ക്ക് സങ്കടവോട്ട്

ലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനു നാട്ടിലെത്താൻ കഴിയാതെ സംസ്ഥാനത്തെ പ്രവാസി വോട്ടർമാർ. പശ്ചിമേഷ്യൻ സംഘർഷം മൂലം വ്യോമഗതാഗത നിയന്ത്രണങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും വർധിച്ച വിമാനനിരക്കുമാണ് പ്രവാസി വോട്ടർമാർക്ക് തിരിച്ചടിയായത്.

സംസ്ഥാനത്ത് 2,42,093 പ്രവാസി വോട്ടർമാരാണുള്ളത്. ഇവരില്‍ 2,04,218 പേർ പുരുഷന്മാർ, 37,867 സ്ത്രീകള്‍, എട്ട് ട്രാൻസ് ജെൻഡർമാർ. 66.29 ശതമാനം പ്രവാസി വോട്ടർമാരും കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ നിന്നുള്ളവരാണ്.

പശ്ചിമേഷ്യൻ സംഘർഷത്തില്‍ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സർവിസുകള്‍ താളംതെറ്റിയതാണ് പ്രവാസികള്‍ക്ക് ഏറെ കുരുക്കായത്. യു.എ.ഇ സെക്ടറില്‍ മാത്രം പരിമിതമായ വിമാനങ്ങളാണ് സർവിസ് നടത്തുന്നത്. എയർ അറേബ്യ, സലാം എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയവയുടെ സർവിസുകളാണുള്ളത്. ഇതിലാവട്ടെ പത്തിരട്ടി വരെ നിരക്ക് കൂടുതലാണ്. ഓഫ് സീസണില്‍ 5000 മുതല്‍ 8000 വരെ വിമാന നിരക്കുണ്ടായിരുന്ന യു.എ.ഇയിലേക്ക് 35,000 മുതല്‍ 45,000 വരെയാണ് നിരക്ക്. സഊദിയിലെ ദമാം എയർപോർട്ട് അടച്ചതോടെ റിയാദിലേക്കുള്ള നിരക്ക് 60,0000 രൂപയ്ക്ക് മുകളിലാണ്. 16,000 രൂപക്ക് ലഭിച്ചിരുന്ന ഖത്തർ നിരക്ക് 70,000 രൂപക്ക് മുകളിലാണ്. കുവൈത്തിലേക്ക് വിമാന സർവിസുകളില്ല. കണക്ഷൻ സർവിസുകളില്‍ ചുറ്റിക്കറങ്ങി വരുമ്പോഴും പോക്കറ്റ് കീറും.

2011, 2016, 2021 നിയമസഭ തെരഞ്ഞെടുപ്പ് കാലങ്ങളിലെല്ലാം വോട്ടർമാരായ പ്രവാസികള്‍ ഒറ്റയ്ക്കും കൂട്ടമായും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നെത്തിയിരുന്നു. ദുബൈ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഒന്നിലധികം വോട്ട് വിമാനങ്ങളാണ് കേരളത്തിലെത്തിയിരുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പതിനായരത്തിലേറെ പ്രവാസികളാണ് നാട്ടിലെത്തിയത്.

പ്രവാസി വോട്ടർമാർ

കാസർകോട്-12,277

കണ്ണൂർ -58279

വയനാട്- 2318

കോഴിക്കോട്-60,258

മലപ്പുറം-41,962

പാലക്കാട്-8825

തൃശൂർ-24,194

എറണാകുളം-8418

ഇടുക്കി -791

കോട്ടയം-3515

ആലപ്പുഴ -4149

പത്തനംതിട്ട-4094

കൊല്ലം -7607

തിരുവനന്തപുരം-5403

കൂടുതല്‍ കുറ്റ്യാടിയില്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടർമാരുള്ള മണ്ഡലം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയാണ്-16,002. നാദാപുരം (12,424), തിരൂർ (8601), കല്യാശ്ശേരി ( 8097) തുടങ്ങിയവയാണ് തൊട്ടുപിന്നില്‍. ഏറ്റവും കുറവ് പ്രവാസി വോട്ടർമാരുള്ള മണ്ഡലങ്ങള്‍ തെക്കൻ കേരളത്തിലാണ്. നെയ്യാറ്റിൻകര (13), കാട്ടാക്കട (35), പാറശ്ശാല (39), ഇടുക്കി (39) വോട്ടർമാരുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham