ന്യൂഡല്ഹി: വിനേഷ് ഫോഗട്ടിനെ ഏഷ്യന് ഗെയിംസ് ട്രയലില് പങ്കെടുക്കുന്നത് തടയാന് റെസ്ലിങ് ഫെഡറേഷന് സുപ്രിം കോടതിയെ സമീപിച്ചു.
ഫെഡറേഷന്റെ ഹര്ജി നാളെ കോടതി പരിഗണിക്കും. മെയ് 30, 31 തീയതികളിലാണ് ഏഷ്യന് ഗെയിംസിനുള്ള ട്രയല്സ് നടക്കുന്നത്. നേരത്തെ ട്രയലില് പങ്കെടുക്കാന് ഡല്ഹി ഹൈക്കോടതി വിനേഷ് ഫോഗട്ടിന് അനുമതി നല്കിയിരുന്നു.
പ്രസവാവധിക്ക് ശേഷം ഗുസ്തിയിലേക്ക് മടങ്ങിയെത്തിയ വിനേഷിനെ ട്രയലില് നിന്ന് അയോഗ്യയാക്കിയായിരുന്നു ഫെഡറേഷന്റെ നടപടി. ഇതിനെതിരെ താരം കോടതിയെ സമീപിച്ചു. ആദ്യം ഹൈക്കോടതിയില് നിന്ന് അനുകൂല വിധി ലഭിച്ചില്ലെങ്കിലും പിന്നീട് അപ്പീല് നല്കിയതിനെ തുടര്ന്ന് മെയ് 22ന് ട്രയലില് പങ്കെടുക്കാന് കോടതി അനുമതി നല്കി. ട്രയലില് പങ്കെടുക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കോടതി ഫെഡറേഷനോട് നിര്ദേശിക്കുകയും ചെയ്തു.
എന്നാല് വിനേഷിനെ ട്രയലില് പങ്കെടുപ്പിക്കരുതെന്ന നിലപാടില് തന്നെയാണ് ഫെഡറേഷന്. ഇതിനെ തുടര്ന്നാണ് സുപ്രിം കോടതിയില് ഹര്ജി നല്കിയിരിക്കുന്നത്. പാരീസ് 2024 ഒളിമ്പിക്സില് മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് വിനേഷ് ഫോഗട്ട്. 50 കിലോ വിഭാഗത്തില് മത്സരിച്ച താരം നിലവിലെ ഒളിമ്പിക് ചാമ്പ്യനായ യുയി സുസാക്കിയെ തോല്പ്പിച്ച് ഫൈനലിലെത്തിയിരുന്നു. ഒളിമ്പിക് ഗുസ്തിയില് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന് വനിതയെന്ന നേട്ടവും സ്വന്തമാക്കി. എന്നാല് ഫൈനലിന് മുമ്പ് നടത്തിയ ഭാരപരിശോധനയില് 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെ തുടര്ന്ന് താരത്തെ അയോഗ്യയാക്കുകയായിരുന്നു.

