Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎഇയില്‍ ഇന്ധനവില കുതിച്ചുയരുന്നു; ജൂണില്‍ പെട്രോള്‍ വില 8 ശതമാനം വര്‍ദ്ധിച്ചു, നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

യുഎഇയില്‍ ഇന്ധനവില കുതിച്ചുയരുന്നു; ജൂണില്‍ പെട്രോള്‍ വില 8 ശതമാനം വര്‍ദ്ധിച്ചു, നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ദുബൈ: മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം യുഎഇയിലെ പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നു.

ജൂണ്‍ മാസത്തില്‍ യുഎഇയില്‍ പെട്രോള്‍ വിലയില്‍ എട്ട് ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഇന്ധനവില കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. മിഡില്‍ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതുമാണ് എണ്ണവില വർദ്ധിക്കാൻ പ്രധാന കാരണമായത്.

പുതുക്കിയ നിരക്കനുസരിച്ച്‌, സൂപ്പർ 98 പെട്രോളിന് മെയ് മാസത്തിലെ 3.66 ദിർഹത്തില്‍ നിന്ന് 7.92 ശതമാനം വർദ്ധിച്ച്‌ ജൂണില്‍ ലിറ്ററിന് 3.95 ദിർഹമാകും. സ്പെഷ്യല്‍ 95 പെട്രോളിന് മെയ് മാസത്തില്‍ 3.55 ദിർഹമായിരുന്നത് ജൂണില്‍ 3.83 ദിർഹമായി ഉയരും. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ഇ-പ്ലസ് 92 ഇന്ധനത്തിന് 8.04 ശതമാനം വർദ്ധനവോടെ ലിറ്ററിന് 3.48 ദിർഹത്തില്‍ നിന്ന് 3.76 ദിർഹമായി വില ഉയർന്നിട്ടുണ്ട്. റഷ്യ-ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് 2022 ഓഗസ്റ്റില്‍ പെട്രോള്‍ വില ലിറ്ററിന് 4 ദിർഹം കടന്നിരുന്നു. അതിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

ആഗോള വിപണിയിലെ എണ്ണവിലയ്ക്ക് അനുസൃതമായി പ്രാദേശിക ഇന്ധനവില നിശ്ചയിക്കുന്നതിനായി 2015 ലാണ് യുഎഇ പെട്രോള്‍, ഡീസല്‍ വിലകളുടെ മേലുള്ള സർക്കാർ നിയന്ത്രണം നീക്കിയത്. ഇതിന്റെ ഭാഗമായി എല്ലാ മാസാവസാനവും ആഗോള വിപണി വില വിലയിരുത്തി അടുത്ത മാസത്തേക്കുള്ള ചില്ലറ വില്‍പന വില പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. ഏപ്രിലില്‍ ബാരലിന് 99 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡിന്റെ ശരാശരി വില മെയ് മാസത്തോടെ 106 ഡോളറായി ഉയർന്നതിനാല്‍ ജൂണില്‍ വില വർദ്ധിക്കുമെന്ന് വിപണി വിദഗ്ധർ നേരത്തെ പ്രവചിച്ചിരുന്നു.

മേഖലയിലെ യുദ്ധ സാഹചര്യങ്ങള്‍ കാരണം മെയ് മാസത്തിന്റെ തുടക്കത്തില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 114.44 ഡോളർ വരെ ഉയർന്നിരുന്നു. പിന്നീട് വെടിനിർത്തല്‍ പ്രഖ്യാപിച്ചതോടെ വില നേരിയ തോതില്‍ കുറഞ്ഞെങ്കിലും നിലവില്‍ ബാരലിന് 90 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ പുതിയ ആക്രമണങ്ങളും തിരിച്ചടിക്കാനുള്ള ഇറാന്റെ നീക്കങ്ങളും അന്താരാഷ്ട്ര വിപണിയില്‍ ഭീതി കൂട്ടിയിട്ടുണ്ട്. സുരക്ഷാ ഭീഷണികള്‍ കാരണം ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ചരക്കുനീക്കം കനത്ത നിയന്ത്രണത്തിലായതും അമേരിക്കയിലെ ക്രൂഡ് ഓയില്‍ ശേഖരത്തില്‍ ഉണ്ടായ ഇടിവും വരും ദിവസങ്ങളിലും വിപണിയില്‍ വിതരണ സമ്മർദ്ദം ശക്തമാക്കുമെന്നാണ് ധനകാര്യ വിശകലന വിദഗ്ധർ വിലയിരുത്തുന്നത്.

Fuel prices in the UAE have increased sharply in June, with petrol rates rising by 8 percent to reach their highest level in four years, impacting motorists nationwide.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham