തിരുവനന്തപുരം: നേമം എംഎല്‍എയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് നേമം നിയോജക മണ്ഡലത്തില്‍ വിപുലമായ സേവന പ്രവർത്തനങ്ങള്‍ സംഘടിപ്പിച്ച്.
സാമൂഹിക സംഘടനകളും യുവജന കൂട്ടായ്മകളും. ആഘോഷങ്ങള്‍ പൂർണ്ണമായും ഒഴിവാക്കി സമൂഹത്തിലെ പാർശ്വവല്‍ക്കരിക്കപ്പെട്ടവർക്ക് തുണയേകുന്ന മാതൃകാപരമായ പ്രവർത്തനങ്ങളോടെയാണ് രാജീവ് ചന്ദ്രശേഖറുടെ ജന്മദിനം അർത്ഥപൂർണ്ണമാക്കിയത്.

കിടപ്പുരോഗികള്‍, വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് തുടർചികിത്സ തേടുന്നവർ, ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ എന്നിവർക്ക് ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകള്‍ നേരിട്ട് വീടുകളില്‍ എത്തിച്ചു നല്‍കിയാണ് സേവന പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതോടൊപ്പം ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവർക്കും നടക്കാൻ പ്രയാസമനുഭവിക്കുന്നവർക്കും കൈത്താങ്ങായി വാക്കിംഗ് സ്റ്റിക്കുകള്‍, വീല്‍ചെയറുകള്‍ എന്നിവയടക്കമുള്ള അത്യാവശ്യ സഹായ ഉപകരണങ്ങളും വിതരണം ചെയ്തു.

പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് നേമം മണ്ഡലത്തിലെ വിവിധ വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും പ്രത്യേക പിറന്നാള്‍ സദ്യയും ഒരുക്കിയിരുന്നു.

നേമം മണ്ഡലത്തിലെ എല്ലാ വാർഡുകളിലുമായി കേന്ദ്രീകരിച്ച് നടത്തിയ ഈ കാരുണ്യ പ്രവർത്തനങ്ങളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കാളികളായി. വാർഡ് തലങ്ങളിലെ സാംസ്കാരിക-സാമൂഹിക നേതാക്കളും വാർഡ് കൗണ്‍സിലർമാരും ജനപ്രതിനിധികളും ചേർന്ന് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
നഗരസഭാ ഡെപ്യൂട്ടി മേയർ ആശാനാഥ്, നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ മഞ്ജു ജി. എസ്, ബി.ജെ.പി നേതാക്കളായ കോളിയൂർ രാജേഷ്, നേമം രാജേഷ് എന്നിവരാണ് മണ്ഡലത്തിലെ വിവിധ വാർഡുകളില്‍ നടന്ന ഈ വിപുലമായ സേവന പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജനങ്ങളിലേക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാൻ നേതൃത്വം നല്‍കുകയും ചെയ്തത്.

